ചരിത്ര രചനാ രീതികളെ വൈവിധ്യവൽക്കരിക്കണമെന്നു മലൈബാർ ചരിത്ര സംവാദം

0
1110
കോഴിക്കോട് : സമകാലിക സാമൂഹിക-രാഷ്‌ട്രീയ  ആവശ്യങ്ങളെ മുൻ നിർത്തി ഭൂതകാലത്തെ സംഭവ വികാസങ്ങളെ മനസ്സിലാക്കുന്ന രീതിക്കു ലഭിച്ച അപ്രമാദിത്യതമാണ്  മലയാളി മുസ്‌ലിം ചരിത്ര രചനയെ സങ്കുചിത വൽക്കരിച്ചതെന്നു മലയാളി മുസ്‌ലിംകളുടെ സാമൂഹികമാറ്റത്തെ കുറിച്ചുള്ള ചർച്ചാ സംവാദം  അഭിപ്രായപ്പെട്ടു. ചരിത്രാനുഭവങ്ങളെ അതാതു കാലത്തെ സാമൂഹിക-സാംസ്കാരിക സാമ്പത്തിക  പശ്ചാത്തലങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ചരിത്ര രചനാ രീതികൾ ഉയർത്തിക്കൊണ്ടുവരാൻ ഗവേഷകർ തയ്യാറാകണം. അത്തരം സമീപനങ്ങൾക്കേ ചരിത്രത്തെ സൂക്ഷമതയോടെയും വൈവിധ്യത്തോടെയും കണ്ടെത്താൻ കഴിയുകയുള്ളൂ വെന്നും സംവാദം അഭിപ്രായപ്പെട്ടു. മുസ്‌ലിംകൾക്കിടയിലെ സാമൂഹികമാറ്റങ്ങളെ ഇവിടുത്തെ മറ്റു സാമുദായിക വിഭാഗങ്ങളിലും പ്രദേശങ്ങളിലും  നടന്ന മാറ്റങ്ങളുമായി ചേർത്തി മനസ്സിലാക്കാനുള്ള  പരിശ്രമങ്ങൾ ഉണ്ടാകണം. സാമൂഹികാനുഭവങ്ങളുടെ  തദ്ദേശീയ-സമുദായ വൽക്കരണമാണ് നാം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും സംവാദം അഭിപ്രായപ്പെട്ടു.
മർകസ് റൂബി ജൂബിലിയോടനുബന്ധിച് മലൈബാർ  ഇൻസ്റ്റിറ്റിയൂട്ട് ഫോർ അഡ്വാൻസ്ഡ് സ്‌റ്റഡീസ്  സിറാജുൽ ഹുദാ കോളേജ് ഓഫ് ഇന്റഗ്രെറ്റഡ്  സ്റ്റഡീസിന്റെ അക്കാദമിക് സഹകരണത്തോടെ സംഘടിപ്പിച്ച സംവാദത്തിൽ ഡോ ആർ. സന്തോഷ്, ഡോ അബ്ബാസ് പനക്കൽ, അബ്ദുറഊഫ് ഒറ്റത്തിങ്കൽ, ടി കെ അലി അഷ്‌റഫ് , ഡോ ഷാഹുൽ അമീൻ, മുജീബുറഹ്മാൻ വാഴക്കുന്നൻ, ജയറാം ജനാർദ്ദനൻ, പി.കെ.എം അബ്‌ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.