ജനങ്ങളെ പരിഗണിച്ചുള്ള വികസനം അനിവാര്യം: ഇ.പി ജയരാജന്‍

0
925
SHARE THE NEWS

കുന്നമംഗലം: സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കാവശ്യമായ വികസനം അനിവാര്യമാണെന്നും ജനങ്ങളുടെ താല്‍പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചാവണം അത് നടപ്പിലാക്കേണ്ടതെന്നും സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി ഇ.പി ജയരാജന്‍ എം.എല്‍.എ പറഞ്ഞു. മര്‍കസ് റൂബി ജൂബിലി പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് നടത്തിയ ‘വികസനത്തിന്റെ ജനപക്ഷം’ എന്ന ശീര്‍ഷകത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നാം കൈവരിച്ച പുരോഗതിയാണ്. സംസ്ഥാന രൂപീകരണം മുതല്‍ വിവിധ സര്‍ക്കാറുകള്‍ ജനഹിതാനുസൃതമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി നേതൃത്വം നല്‍കിയതിനാലാണ് ഈ മുന്നേറ്റം സാധ്യമായത്. എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കിയാണ് ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ജനങ്ങളെ തെറ്റുദ്ധരിപ്പിച്ചു സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. ഇ.പി ജയരാജന്‍ പറഞ്ഞു.
മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മാനുഷിക പുരോഗതി കാംക്ഷിച്ചുള്ള സുസ്ഥിര വികസന പദ്ധതികള്‍ പൊതുസമൂഹത്തിന്റെ കൂടി താല്‍പര്യങ്ങള്‍ മാനിച്ച് നടപ്പിലാക്കണമെന്നും ആധുനികവും മൂല്യവത്തവുമായ അറിവും സൗകര്യങ്ങളും കൈവരിച്ച് കേരളം മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആസാദ്, മുസ്തഫ പി. എറയ്ക്കല്‍, ബഷീര്‍ പടാളിയില്‍, അഡ്വ. സമദ് പുലിക്കാട് സെമിനാറില്‍ ഇടപെട്ട് സംസാരിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി വള്ളിയാട്, ജൗഹര്‍ പതിമംഗലം, അബ്ദുറഹ്മാന്‍ എടക്കുനി, കെ.കെ ശമീം സംബന്ധിച്ചു.


SHARE THE NEWS