ജലസംരക്ഷണത്തിനുള്ള ഇസ്ലാമിക രീതികള്‍ സാര്‍വ്വത്രികമാക്കണം: കാന്തപുരം

0
1872
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മേല്‍നോട്ടത്തില്‍ മതകാര്യവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്ലാമിക ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു
SHARE THE NEWS

മസ്‌കത്ത്: ജലസംരക്ഷണത്തിനുള്ള പ്രായോഗികവും സാര്‍വ്വത്രികമായി നടപ്പിലാക്കേണ്ടതുമായ അനേകം രീതികള്‍ ഇസ്ലാമിക ശരീഅത്ത് പരിചയപ്പെടുത്തുന്നുവെന്നും, ശുദ്ധജല ലഭ്യത വെല്ലുവിളിയായി മാറുന്ന ഇക്കാലത്ത് അത്തരം നിര്‍ദേശങ്ങള്‍ സാധ്യമായ എല്ലായിടങ്ങളിലും നടപ്പിലാക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മേല്‍നോട്ടത്തില്‍ മതകാര്യവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്ലാമിക ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലോപയോഗത്തില്‍ കൃത്യമായ നിയന്ത്രണരേഖ ഇസ്ലാമിക കര്‍മശാസ്ത്രം വെക്കുന്നു. നദിയില്‍ നിന്ന് അവയവശുദ്ധീകരണം നടത്തുമ്പോള്‍ പോലും, അമിതമായി വെള്ളം വിനിയോഗിക്കരുത് എന്നാണ് പ്രവാചക നിര്‍ദേശം. ജലമലിനീകരണം സമുദ്രങ്ങളുടെ ശരിയായ നിലനില്‍പ്പിനും മല്‍സ്യസമ്പത്തിന്റെ ലഭ്യതക്കുറവിനും ഹേതുവാകുന്നുവെന്നത് പരിസ്ഥിതി നേരിടുന്ന മഹാഭീഷണിയാണ്. മനുഷ്യന്റെ നിത്യജീവിതത്തിന്റെ അടിസ്ഥാന പദാര്‍ത്ഥം എന്നനിലയില്‍ ഇസ്ലാം പഠിപ്പിക്കുന്ന പോലെ ജനവിനിയോഗത്തില്‍ സൂക്ഷ്മമായ സമീപനം ഓരോരുത്തരും സ്വീകരിക്കണം: അദ്ദേഹം പറഞ്ഞു.

ലോകത്തെ പ്രധാനപ്പെട്ട 55 ഇസ്ലാമിക മുഫ്തിമാരും പണ്ഡിതരും ശാസ്ത്രജ്ഞരുമാണ് മൂന്നുദിവസത്തെ ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. ശൗഖി അല്ലാം, റഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് റാവില്‍ ഐനുദ്ധീന്‍, ക്രൊയേഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അസീസ് ഹസ്സന്‍സിവോക്, ഡോ. മുസ്തഫ ബാജൂ അള്‍ജീരിയ, ഡോ. അഹ്മദ് ഇദ്രീസ് ഫാസി മൊറോക്കോ, ശൈഖ് അബ്ദുല്ലാഹിബ്നു റാശിദ് അസീസി ഒമാന്‍, ഇന്തോനേഷ്യ സൈത്തൂന്‍ യൂനിവേഴ്സിറ്റി മേധാവി ഡോ. മുഹമ്മദ് സൈത്തൂന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഹസന്‍ സഖാഫി തറയിട്ടാല്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി സംബന്ധിക്കുന്നുണ്ട്.


SHARE THE NEWS