ജാമിഅ മര്‍കസ് പുതിയ അക്കാദമിക പദ്ധതികള്‍ പ്രഖ്യാപിച്ചു

0
6770
മര്‍കസ് നോളജ് സിറ്റിയില്‍ സ്‌കോളേഴ്‌സ് കോണ്‍ക്ലേവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് നോളജ് സിറ്റിയില്‍ സ്‌കോളേഴ്‌സ് കോണ്‍ക്ലേവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാനും പാരമ്പര്യത്തനിമ ഉയര്‍ത്തിപ്പിടിച്ച് അത്യാധുനിക സാഹചര്യത്തിനനുസരിച്ച് വൈജ്ഞാനിക അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ജാമിഅ മര്‍കസ് പുതിയ അക്കാദമിക പദ്ധതികള്‍ പ്രഖ്യാപിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയില്‍ നടന്ന സ്‌കോളേഴ്‌സ് കോണ്‍ക്ലേവിലാണ് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടുത്ത വര്‍ഷം മുതലുള്ള അക്കാദമിക പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം മര്‍കസ് ശരീഅത്ത് കോളജ്, മര്‍കസ് കുല്ലിയ്യത്തുകള്‍, മര്‍കസ് ശരീഅ സിറ്റി തുടങ്ങിയ സ്ഥാപങ്ങളില്‍ തുടങ്ങാനിരിക്കുന്ന അക്കാദമിക പദ്ധതികള്‍ക്ക് പുറമെ മര്‍കസ് സൈത്തൂന്‍ വാലി, റൈഹാന്‍ വാലി എന്നിവിടങ്ങളിലും പുതിയ കോഴ്‌സുകള്‍ നിലവില്‍ വരും. കുല്ലിയ്യ ഉസൂലുദ്ദീനില്‍ ശുഅബ തഫ്‌സീര്‍, ശുഅബ ഹദീസ്, കുല്ലിയ്യ ശരീഅയില്‍ ശുഅബതുല്‍ ഫിഖ്ഹ്, ശുഅബതുല്‍ ഫിഖ്ഹ് വല്‍ ഖാനൂന്‍, കുല്ലിയ്യ ദിറാസാത്തുല്‍ ഇസ്‌ലാമിയ്യയില്‍ ശുഅബതു ഇല്‍മുല്‍ ഇദാറ, ശുഅബതുല്‍ ഇല്‍മു നഫ്‌സ്, കുല്ലിയ്യത്തുല്‍ ലുഗല്‍ അറബിയ്യ എന്നീ കുല്ലിയ്യകളും ശുഅബകളുമാണ് ഇനി മര്‍കസില്‍ പ്രവര്‍ത്തിക്കുക. ഇതില്‍ ശുഅബതുല്‍ ഫിഖ്ഹി വല്‍ ഖാനൂന്‍ നോളജ് സിറ്റിയിലെ ശരീഅ സിറ്റിയിലാകും തുടങ്ങുക. വിദ്യാര്‍ഥികളുടെ അഭിരുചികളും കഴിവുകളുമനുസരിച്ചു വിവിധ കുല്ലിയ്യകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ നിലവിലുള്ള മുഖ്തസര്‍ , മുത്വവ്വല്‍ കോഴ്‌സുകളുടെ പാഠ്യപദ്ധതികളും കോഴ്‌സുകളും നിലനിര്‍ത്തി അവകൂടി കുല്ലിയ്യയുടെ ഭാഗമാക്കി പുതിയ ശൈലിയിലും രൂപത്തിലുമാക്കും. ഇതിനു പുറമെ കിതാബുകളോതുന്ന വിദ്യാര്‍ഥികള്‍ക്ക് പഞ്ചവത്സര, ത്രിവത്സര എല്‍ എല്‍ ബിയോട് കൂടിയും യൂനാനി മെഡിക്കല്‍ പഠനത്തോടൊപ്പവും ഉന്നത ദര്‍സീ പഠനം നടത്താനുള്ള അവസരവും ശരീഅ സിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ വിവരം, കുല്ലിയ്യകളുടെ ഘടനയും രൂപവും, ഇന്റര്‍വ്യൂകളുടെയും എഴുത്തു പരീക്ഷയുടെയും വിവരങ്ങള്‍ തുടങ്ങിയവ നല്‍കാന്‍ പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ : 9048622065 ജാമിഅ മര്‍കസ്, 9020605792 (നോളജ് സിറ്റി).

നോളജ് സിറ്റിയില്‍ നടന്ന ശരീഅ കോണ്‍ക്ലേവില്‍ കേരളത്തിലെ പ്രമുഖ ദര്‍സുകളിലെയും ശരീഅത്ത്, ദഅ്‌വ കോളേജുകളിലെയും മേധാവികള്‍ സംബന്ധിച്ചു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഉനൈസ് മുഹമ്മദ് പ്രസംഗിച്ചു. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.


SHARE THE NEWS