ജാമിഅ മർകസിന് പുതിയ ഭാവം: അന്താരാഷ്ട്ര നിലവാരത്തിൽ കോഴ്‌സുകൾ ഒരുക്കുന്നു

0
5203
ജാമിഅ മർകസിലെ നവീകരിച്ച അക്കാദമിക സംവിധാനം പരിചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഓറിയെന്റേഷൻ ലെക്ച്ചർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
ജാമിഅ മർകസിലെ നവീകരിച്ച അക്കാദമിക സംവിധാനം പരിചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഓറിയെന്റേഷൻ ലെക്ച്ചർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മർകസിലെ ശരീഅ പഠനം അന്തരാഷ്ട്ര ഇസ്‌ലാമിക യൂണിവേഴ്സിറ്റികളുടെ മാതൃകയിൽ ഈ അധ്യയന വർഷം മുതൽ പുനസംവിധാനിക്കുന്നു. നിലവിൽ മർകസിന് എം.ഒ.യു-ഉള്ള  ലോകത്തെ പ്രധാന ഇസ്‌ലാമിക സർവ്വകലാശാലകളായ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ടുണീഷ്യയിലെ സൈത്തൂന യൂണിവേഴ്‌സിറ്റി, മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപങ്ങളിൽ നടന്നുവരുന്ന അക്കാദമിക സംവിധാങ്ങളുടെ മാതൃകയിൽ പരന്പരാഗത ഗ്രന്ഥങ്ങളെ ആധുനിക വിജ്ഞാനീയ മാതൃകയിൽ ഈ അധ്യയന വർഷം മുതൽ കോഴ്‌സുകൾ സജ്ജീകരിക്കും. 
         കുല്ലിയ്യ ഉസൂലുദ്ധീൻ, കുല്ലിയ്യ ശരീഅ വൽ ഖാനൂൻ, കുല്ലിയ്യ ലുഗൽ അറബിയ്യ, കുല്ലിയ്യ ദിറാസാത്തിൽ ഇസ്ലാമിയ്യ വൽ ഇജ്തിമാഇയ്യ എന്നീ നാല് സംരംഭങ്ങളിലായി  ഏഴ് ഡിപ്പാർട്മെന്റുകളാണ് മർകസ് ശരീഅ കോളജിൽ പ്രവർത്തിക്കുക. ശുഅബതുൽ ഖുർആൻ, ശുഅബതുൽ ഹദീസ്, ശുഅബത്തു  ശരീഅ  അൽ ഇസ്‌ലാമിയ്യ, ശുഅബത്തു ശരീഅ വൽ ഖാനൂൻ, ശുഅബതുൽ ഇദാറ, ശുഅബത്തു ഇല്മിന്നെഫ്‌സ്, ശുഅബത്തു ലുഗവിയാത് എന്നിവയാണ് പുതുതായി നിലവിൽ വരുന്ന ഡിപ്പാർട്ടമെന്റുകൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് ഈ വർഷം ഈ കോഴ്‌സുകളിലേക്ക് അഡ്മിഷൻ നൽകും.
        ജാമിഅ മർകസ് കുല്ലിയ്യാത്തിലെ  പുതിയ അക്കാദമിക സംവിധാനം വിദ്യാർത്ഥികൾക്ക് പരിചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഓറിയെന്റേഷൻ ലെക്ച്ചറും  അടുത്ത വർഷത്തേക്കുള്ള പ്രവേശന പരീക്ഷയുടെ പ്രഥമ ഘട്ടവും ഇന്നലെ മർകസിൽ നടന്നു. പുതുതായി പ്രവേശനം നേടാൻ ആയിരത്തോളം വിദ്യാർഥികളാണ്  മർകസിലെത്തിയത്.
          മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ഓറിയെന്റേഷൻ ലെക്ച്ചർ പരിപാടി മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു.  ഇസ്‌ലാമിക വൈജ്ഞാനിക പഠനത്തിൽ ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ച മാതൃകയിൽ കോഴ്‌സുകൾ തയ്യാറാക്കി മതപരമായി ആഴത്തിലുള്ള അറിവ് നേടുകയും സമൂഹത്തിനു ഭാവിയിൽ ശുഭകരമായി നേതൃത്വം നൽകാൻ ശേഷിയുള്ള ജ്ഞാനികളെ രൂപപ്പെടുത്തുകയുമാണ് മർകസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായ ജ്ഞാനമോ ഇസ്‌ലാമിക രീതിശാസ്ത്രമോ പിന്തുടരാത്ത സലഫികൾ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകൾ  മതത്തിന്റെ സന്ദേശങ്ങളെ തെറ്റായി അവതരിപ്പിച്ചു സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് എല്ലാ വിഭാഗം ആളുകളും തിരിച്ചറിയണമെന്നും അത്തരം പ്രശ്‌നകരമായ ചിന്തകളെ പ്രതിരോധിച്ചു മുസ്‌ലിം സമൂഹത്തെ ശരിയായി നയിക്കാൻ ശേഷിയുള്ള പണ്ഡിതന്മാരെയാണ് മർകസിലെ  ശരീഅ കോളേജ്  വഴി രൂപപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി പുതിയ അക്കാദമിക പദ്ധതികൾ അവതരിപ്പിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി.  എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം , കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, പി.സി അബ്ദുല്ല മുസ്‌ലിയാർ, കുഞ്ഞി മുഹമ്മദ്  സഖാഫി പറവൂർ സംബന്ധിച്ചു. ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ സ്വാഗതം പറഞ്ഞു. 

SHARE THE NEWS