ജോർദാൻ രാജാവിന് ഇന്ത്യൻ സംസ്കൃതി പ്രഘോഷിച്ചു കാന്തപുരത്തിന്റെ അറബി കവിത സമ്മാനിച്ചു

0
1101
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കവിത ചൊല്ലുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമീപം.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കവിത ചൊല്ലുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമീപം.
ന്യൂ ഡൽഹി: ഇന്ത്യൻ സംസ്കൃതിയുടെയും  പാരമ്പര്യത്തിന്റെയും സൗകുമാര്യത വിവരിച്ചും അറേബിയയിലെ പ്രവാചക കുടുംബത്തിൽ പിറന്ന  അബ്ദുല്ല രണ്ടാമൻ രാജാവിനെ സ്വാഗതം  ചെയ്തും   അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എഴുതിയ അറബി കവിത ജോർദാൻ രാജാവിന് സമ്മാനിച്ചു. ഇന്നലെ ന്യൂ ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച രാജാവിന്റെ പ്രഭാഷണത്തിന് മുമ്പ് നടന്ന മത-രാഷ്ട്രീയ മേഖലയിലെ പ്രധാനപ്പെട്ടവരുമായി നടത്തിയ ചർച്ചയിലാണ് കാന്തപുരം കവിത ആലപിച്ചതും സമ്മാനിച്ചതും. അര മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ അബ്ദുല്ല രണ്ടാമൻ രാജാവ്, പ്രധാന മന്ത്രി നരേന്ദ്ര മോഡി, ഇരുരാജ്യങ്ങളിലെയും അംബാസിഡർമാർ, എം.എ യൂസുഫലി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
          അറബിയിൽ കാന്തപുരം ആലപിച്ച കവിതയിൽ വൈവിധ്യങ്ങളുടെ രാജ്യത്തേക്ക് ജോർദാൻ രാജാവിനെ ഹാർദ്ദവമായി ക്ഷണിക്കുന്ന വരികളാണ് ഉള്ളത്.  നയതന്ത്ര ബന്ധത്തിലും അന്താരാഷ്ട്ര സമാധാനം ക്രമപ്പെടുത്തുന്നതിലും  അദ്വിതീയ പങ്കുവഹിക്കുന്ന ജോർദാൻ രാജാവിനോടു  ഇന്ത്യയുടെ മണ്ണിൽ മുസ്‌ലിംകളും മറ്റു മതവിശ്വാസികളും സൗഹൃദത്തോടെ കഴിയുന്നതിനെപ്പറ്റി വിവരിക്കുന്നു. കവിതയുടെ ആശയം തുടർന്ന് എം.എ യൂസുഫലി പ്രധാനമന്ത്രിക്കും മറ്റു പ്രതിനിധികൾക്കും വിവരിച്ചു നൽകി.
      ലോകത്തെ മതവിശ്വാസികൾക്കിടയിൽ നിലനിൽക്കേണ്ടത് ഐക്യത്തിന്റെയും പരസ്പര്യത്തിന്റെയും സന്ദേശങ്ങളാണെന്ന ബോധ്യത്തോടെ ധൈഷണികവും നയതന്ത്രപരവുമയ ഇടപെടലുകൾ നടത്തുന്ന അബ്ദുല്ല രാജാവിന്റെ പ്രവർത്തനങ്ങളെ തുടർന്ന് നടത്തിയ പ്രസംഗത്തിൽ കാന്തപുരം പ്രശംസിച്ചു. സിറിയയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ രാജാവിന്റെ നേതൃത്വത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടപ്പോൾ , എല്ലാ അർത്ഥത്തിലും ശ്രമിക്കുന്നുണ്ടെന്നും മധ്യേഷ്യയിൽ സമാധാനം പൂർവ്വാധികം  ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം  പറഞ്ഞു. മുസ്‌ലിം ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും സർഗാത്മകവും പണ്ഡിതോചിതവുമായ നിലപാടുകൾ രൂപെടുത്താനും വേണ്ടി ജോർദാൻ രാജാവിന്റെ കീഴിൽ സ്ഥാപിച്ച ദി റോയൽ ആലുൽ ബൈത് ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്റ്റീവ് മെമ്പർ ആണ് കാന്തപുരം. വിവിധ വർഷങ്ങളിൽ ജോർദാനിൽ നടന്ന ആ സഭയുടെ അക്കാദമിക സെമിനാറുകളിൽ കാന്തപുരം പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 
    ശേഷം പതിനൊന്നു മണിക്ക്  വിജ്ഞാൻ ഭവൻ പ്രധാന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളന  വേദിയിൽ അബ്ദുല്ല രാജാവിനും പ്രധാന മന്ത്രിക്കും നേരെ അടുത്തായിട്ടായിരുന്നു  കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇരിപ്പിടം. വേദിയിൽ വെച്ചും രാജാവുമായും പ്രധാനമന്ത്രിയുമായും അദ്ദേഹം സംസാരിച്ചു.
      മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് കോഴിക്കോട് മർകസ് ചെയർമാനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ദേശീയ തലത്തിൽ ലഭിച്ച ഈ സ്വീകാര്യത.
       സിറിയയിലെ നിരപരാധികളായ പൗരന്മാരുടെ പ്രശ്നങ്ങൾ അബ്ദുല്ല രാജാവിനോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടലുകൾ മധ്യേഷ്യയിൽ സമാധാനം ശക്തപ്പെടുത്തുന്നതിനു കാരണമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.  മർകസ് വൈസ് പ്രിൻസിപ്പൾ  ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇന്തോ- അറബ് കൾച്ചറൽ മിഷൻ സെക്രട്ടറി അമീൻ ഹസ്സൻ സഖാഫി എന്നിവർ സമ്മേളനത്തിൽ കാന്തപുരത്തെ അനുഗമിച്ചു.