തമിഴ്നാട്ടിലെ മുസ്ലിം ധിഷണാശാലികളുടെ വൈജ്ഞാനിക മുന്നേറ്റം കേരളത്തിന് മാതൃക: കാന്തപുരം

0
776
SHARE THE NEWS

ഈറോഡ് (തമിഴ്നാട്): വൈജ്ഞാനിക മുന്നേറ്റ രംഗത്ത് ധിഷണാപരമായി ഇടപെടുന്നവരാണ് തമിഴ്നാട്ടിലെ പരമ്പരാഗത മുസ്ലിം നേതൃത്വം എന്ന്  അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. തമിഴ്നാട്ടിലെ ഈറോഡിലെ അല്‍ അമീന്‍ എഞ്ചിനീയറിങ് കോളേജിന്റെ നാലാം ബിരുദദാനച്ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
    അക്കാദമിക വിദ്യാഭ്യാസം ആഴത്തില്‍ നേടുമ്പോഴും ഇസ്ലാമിക അറിവിനെയും മൂല്യ വ്യവസ്ഥയെയും ജീവിതത്തോട് ചേര്‍ത്തു പിടിക്കുന്നവരാണ് തമിഴ്‌നാത്തിലെ വലിയൊരു വിഭാഗം മുസ്ലിം നേതൃത്വം. അറിവ് മൂല്യാധിഷ്ടിതമായി നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തിലെ തന്നെ അനേകം പേര്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനു ആശ്രയിക്കുന്നത് അല്‍ ആമീന്‍ പോലെയുള്ള സ്ഥാപങ്ങളാണ്. ബഹുസ്വരതയും സാഹോദര്യവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കുവാനും ഇത്തരം സ്ഥാപങ്ങള്‍ക്ക് സാധിക്കുന്നു.
      ഇന്ത്യയിലെ വൈജ്ഞാനിക മേന്നേറ്റത്തെ ദൃഢമാക്കുന്നതില്‍ മുസ്ലിം പണ്ഡിതന്മാര്‍ക്ക്  വലിയ പങ്കുണ്ട്.ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചു എല്ലാ വിജ്ഞാനശാഖകള്‍ക്കും ശാസ്ത്രീയമായ അടിത്തറ നല്‍കിയവരാണ് അവര്‍. ആ സമ്പന്നമായ അറിവിന്റെ പാരമ്പര്യത്തെ ഊര്‍ജം സ്വീകരിച്ചു പഠനത്തില്‍ മുന്നേറാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. ഇന്ത്യയില്‍ എല്ലാ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നിര്‍മിച്ചു മര്‍കസ് നിര്‍വഹിക്കുന്നത് അറിവും അവബോധവും ഉള്ള ആയിരങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ്: കാന്തപുരം പറഞ്ഞു.
     തമിഴ്നാട്ടിലെ വിദ്യാഭ്യാസ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1984-ഇല്‍ സ്ഥാപിതമായ അല്‍ അമീന്‍ ട്രസ്റ്റിന് കീഴിലുള്ള വിവിധ സ്ഥാപങ്ങളിലൂടെ 30000 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയിട്ടുണ്ട്.2009-ഇല്‍ ആരംഭിച്ച അല്‍ അമീന്‍ എഞ്ചിനീയറിങ് കോളേജിന്റെ നാലാം ബിരുദദാന സമ്മേളനത്തിലാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത്.
     എ.കെ ജാഫറുല്ലാ സാഹിബ് അധ്യക്ഷത വഹിച്ചു. കെ.കെ.എ സയ്യിദ് അഹമ്മദ് അലി, എച്ച്.എ മുഹമ്മദ് ഹസന്‍ സാഹിബ്, മര്‍കസ് ഉറുദു ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മൂസ സഖാഫി പ്രസംഗിച്ചു.

SHARE THE NEWS