തീവ്രവാദത്തെ പ്രതിരോധിക്കുന്നവർ ആത്മീയത കൈമുതലാക്കിയ സുന്നി മുസ്‌ലിംകൾ: കാന്തപുരം

0
2533
കുന്നമംഗലം : മതത്തിന്റെ പേരിലും അല്ലാതെയും പ്രവർത്തിക്കുന്ന എല്ലാ തരത്തിലുള്ള തീവ്രവാദ സംഘടനകളെയും ആശയങ്ങളെയും പ്രതിരോധിക്കുന്ന നിലപാടാണ് കേരളത്തിലെ സുന്നി മുസ്‌ലിംകൾ നൂറ്റാണ്ടുകളായി അനുവർത്തിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ സംഘടിപ്പിച്ച സി.എം വലിയുല്ലാഹി ഉറൂസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാമ്പസുകളിൽ പഠനമാണ് മുഖ്യമായി നടക്കേണ്ടത്. പഠനത്തേക്കാൾ മുഖ്യമായി രാഷ്ട്രീയ പ്രവർത്തനമോ ആക്റ്റിവിസമോ മാറരുത്. മികച്ച ബൗദ്ധിക വിഭവങ്ങൾ രാജ്യത്തു ഉണ്ടാകണമെങ്കിൽ അക്കാദമികമായി ഉന്നത തലത്തിൽ പഠനം നൽകാൻ കഴിയുന്ന കാമ്പസുകൾ ധാരാളമായി വരണം.  മഹാരാജാസ് കോളേജിൽ നടന്ന കൊല ഏറ്റവും മൃഗീയമായ സംഭവങ്ങളിലൊന്നാണ്. അതിനു ഉത്തരവാദിയായ മുഴുവൻ പ്രതികളെയും പിടികൂടി ശക്തമായ ശിക്ഷ നൽകണം. മതം പഠിപ്പിക്കുന്നത് ആത്മീയതയും മൂല്യബന്ധിതമായ ജീവിതവുമാണ്. അന്യരെ ആക്രമിക്കുക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവർ  മത സംഹിതയുമായി  ഒരു ബന്ധവും ഇല്ലാത്തവരാണ്: കാന്തപുരം പറഞ്ഞു.
    മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ എന്നിവർ പ്രഭാഷണം നടത്തി. വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, മുഹമ്മദ് മുസ്‌ലിയാർ ചിയ്യൂർ സംബന്ധിച്ചു.