ത്രിപുരയിൽ നടക്കുന്ന ആക്രമം ജനാധിപത്യ വിരുദ്ധം: കാന്തപുരം

0
833
SHARE THE NEWS

കോഴിക്കോട്: ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം നടക്കുന്ന അക്രമങ്ങൾ ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പൗരജീവിതത്തെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത രാജ്യം ഇക്കാലം വരെ ഉണ്ടാക്കിയെടുത്ത മൂല്യങ്ങൾക്ക് വിരുദ്ധമാണ്. തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം സാധരണ കാണുന്ന ആഹ്ലാദ പ്രകടനമല്ല ത്രിപുരയിൽ കണ്ടത്. മറിച്ചു പാവങ്ങളെ ഉന്നം വെച്ച് ആക്രമിക്കുകയും സാധാരണക്കാരുടെ  കടകളും വീടുകളും  തീയിട്ടു നശിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള അതിക്രമങ്ങളുമാണ്. ഇത്തരം സംഭവങ്ങളെ ഗൗരവപൂർവ്വം  കാണുകയും ആക്രമികളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകുകയും വേണം. ഇന്ത്യ  പുറം ലോകത്ത് പ്രശസ്തമായി നിൽക്കുന്നത് വിവിധ പ്രസ്ഥാങ്ങൾക്കും ചിന്താധാരകൾക്കും സ്വതന്ത്രമായി ഭരണഘടനാപരമായി അനുമതി നൽകുന്ന രാജ്യം എന്ന നിലയിലാണ്. ഭൂരിപക്ഷം നേടിയവർ രാഷ്ട്രീയമായ വിയോജിപ്പുള്ളവരെ ക്രൂരമായി നിഗ്രഹിക്കാൻ ശ്രമിക്കുന്നത്  ജനാധിപത്യത്തിലെ കടക്കൽ കത്തിവെക്കുന്ന ഏർപ്പാടാണ്. കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി ഇടപെട്ട് ത്രിപുരയിൽ സ്വസ്ഥ ജീവിതം പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണം: കാന്തപുരം പ്രസ്താവനയിൽ   പറഞ്ഞു


SHARE THE NEWS