ദയാവധ അനുമതി പൗരജീവിതത്തിനു മേലുള്ള വെല്ലുവിളി: കാന്തപുരം

0
685

കോഴിക്കോട്: നിഷ്ക്രിയ ദയാവധത്തിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കിയ  സുപ്രീംകോടതി ഉത്തരവ് പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള വെല്ലുവിളിയാണെന്നും സുപ്രീം കോടതി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും    അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. മനുഷ്യനു ജനിക്കാനും ജീവിക്കാനും മരിക്കാനും ഉള്ള തീരുമാനം ദൈവത്തിന്റേതാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷവും. ജീവൻ നൽകിയ ദൈവത്തിനു തന്നെയാണ് ജീവൻ തിരിച്ചെടുക്കാനുള്ള അവകാശവുമുള്ളത് എന്നാണ് ഇക്കാലം വരെയുള്ള ഇന്ത്യക്കാരുടെ പാരമ്പര്യ വിശ്വാസം.    ആത്മഹത്യ ശ്രമവും ആത്മഹത്യാ പ്രേരണയും കുറ്റകരമാണ് എന്നാണു ഇന്ത്യൻ ശിക്ഷാ നിയമം പറയുന്നത്.ഒരാൾ സ്വയം ആത്മഹത്യക്കു ശ്രമിച്ചാൽ കുറ്റകരമാണ് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുന്നത്  ജീവൻ നശിപ്പിക്കാൻ ഒരു പൗരനും അവകാശമില്ല എന്നതിനാലാണ്. ഇന്ത്യൻ ശിക്ഷാ  നിയമത്തിൽ കുറ്റകരമായ നരഹത്യയും, ഐ.പി.സി 300 പ്രകാരമുള്ള കൊലപാതകവും സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകൾ പ്രകാരം  ഒരാളെ കൊല്ലണം എന്ന ഉദ്ദേശത്തിൽ അതിനു പാകത്തിലുള്ള പരിക്ക് ഏൽപ്പിക്കൽ പോലും വലിയ കുറ്റകരമാണ്. അതുകൊണ്ടുതന്നെ ദുസ്സഹവും സങ്കീർണ്ണവുമായ നിലയിലുള്ള  ഒരു രോഗിക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന ജീവൻ നിലനിറുത്താനുള്ള സംവിധാനങ്ങൾ പിൻവലിച്ചാൽ അയാൾ മരിക്കുമെങ്കിൽ ഡോക്ടറോ, ഉത്തരവാദിത്തപ്പെട്ടവരോ അവ  പിൻവലിക്കുന്നത്  ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമാവേണ്ടതാണ്.

      അതിനാൽ   നിരുപാധികമോ സോപാധികമോ ആയ നിഷ്ക്രിയ ദയാവധം അംഗീകരിക്കാവുന്നതല്ല.  ഈ നിയമം  പല തരത്തിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുമുണ്ട്. ഡോക്ടർമാർ നിസ്സഹായരായ എത്രയോ മാറാരോഗികൾ ജീവിതത്തിലേക്ക് തിരിച്ചു വന്ന അനുഭവങ്ങളും അനേകമുണ്ട് . അതോടൊപ്പം  വിവിധ മതവിശ്വാസികളുടെ വിശ്വാസത്തെയും ആചാരങ്ങളെയും ഹനിക്കുന്ന വിധി ആയതിനാലും സുപ്രീം കോടതി ഈ നിലപാട് പുനഃപരിശോധിക്കേണ്ടതുണ്ട്: കാന്തപുരം പറഞ്ഞു.