ദിനേനെയെത്തുന്നത് ആയിരത്തോളം വിശ്വാസികൾ; മർകസ് ഇഫ്താർ ശ്രദ്ധേയമാകുന്നു

0
1169
SHARE THE NEWS

കോഴിക്കോട്: മർകസു സ്സഖാഫത്തി സ്സുന്നിയിൽ നടക്കുന്ന സമൂഹ നോമ്പുതുറ വിശ്വാസികളുടെ വൈപുല്യത്താൽ ശ്രദ്ധേയമാകുന്നു. ദിനേനെ നോമ്പുതുറക്കാൻ എത്തുന്നത് ആയിരത്തോളം വിശ്വാസികൾ. വൈകുന്നേരം ആറു മണി ആകുന്നതോടെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങും.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിസരത്തു ഉള്ളതിനാൽ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് ഈ നോമ്പ് തുറ. കോഴിക്കോട്- മൈസൂർ ദേശീയ പാതയിലുള്ള സ്ഥാപനമായതിനാൽ യാത്രക്കാരും നോമ്പ് തുറക്കാൻ മർകസിനെ ആശ്രയിക്കുന്നു. വിശാലമായ സൗകര്യമുള്ള പള്ളിയും ഭക്ഷണഹാളും എല്ലാവർക്കും ഒരേ സമയം നിസ്കാരത്തിനും ഭക്ഷണത്തിനും സൗകര്യമൊരുക്കുന്നു. പരിസര പ്രദേശത്തെ അങ്ങാടികളിൽ കടകൾ നടത്തുന്നവരും സേവനങ്ങളിൽ ഏർപ്പെടുന്നവരുമായി നൂറു കണക്കിന് പേരും നോമ്പുതുറക്കെത്തുന്നു.

നാടൻ പത്തിരി, നെയ്‌ച്ചോറ്, ബീഫ് കറി, ചിക്കൻ കറി, ജ്യൂസ്, പഴവർഗങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയാൽ ഗംഭീരമാണ് മർകസ് ഇഫ്‌താർ. പരിസര പ്രദേശങ്ങളിലെ വീടുകളിൽ നിന്നാണ് പത്തിരിയെത്തിക്കുന്നത്. മറ്റു വിഭവങ്ങളെല്ലാം മർകസിൽ തന്നെ തയ്യാറാക്കുന്നു. ആളുകൾക്ക് ഇഷ്ടമുള്ളത്ര ഭക്ഷണം കഴിക്കാവുന്നതുമാണ്.

റമസാൻ കാലത്ത് ശീതീകരിച്ച മർകസ് മസ്ജിദിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫർള് നിസ്കാരങ്ങൾക്കും തറാവീഹിനും ഇഅതികാഫിനുമായി നൂറുകണക്കിന് വിശ്വാസികൾ എത്തുന്നു. ചിലർ രാത്രി മുഴുവൻ പള്ളിയിൽ ഇഅതികാഫ് ഇരിക്കുന്നവരും ഉണ്ട്. അത്തരക്കാർക്കു അത്താഴവും മർകസിൽ ഒരുക്കിയിട്ടുണ്ട്.

കേന്ദ്രകാമ്പസിലെ ഈ ഇഫ്താറിന് പുറമെ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും ഗംഭീരമായി മർകസ് ഇഫ്താറുകൾ നടക്കുന്നു. ഓരോ ദിവസവും അഞ്ചു ലക്ഷം രൂപയുടെ ഇഫ്ത്താറാണ് സന്നദ്ധ സംഘടനയായ ആർ.സി.എഫ്.ഐയുടെ സഹകരണത്തോടെ മർകസ് നടത്തുന്നത്.
മർകസ് കാന്റീൻ കൺട്രോളർ സഅദുദ്ധീൻ പന്നൂർ, ഉമർ ഹാജി പാടാലിയിൽ, ഉമർ നവാസ് ഹാജി, മൊയ്‌തീൻ കുട്ടി ഹാജി, ബഷീർ പൈക്കാട്ട്, സിദ്ധീഖ്, കബീർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വോളണ്ടിയർമാരാണ് ഇഫ്താർ ഭക്ഷണ വിതരണം ചിട്ടയായി നടത്തുന്നത്.


SHARE THE NEWS