ദേശീയോദ്ഗ്രഥനവും ബഹുസ്വരതയും വളർത്തുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ: കാന്തപുരം

0
3500
SHARE THE NEWS

ദൽഹി:  ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ ദൃഢമായ കേന്ദ്ര-സംസ്ഥാന സഹകരണമാണ് നിർദേശിക്കുന്നതെന്നും, എന്നാൽ രാഷ്ട്രീയപരമായ താൽപര്യങ്ങളുടെ പേരിൽ ഇത്തരം ബന്ധങ്ങളിൽ നിസ്സഹകരണം കാണിച്ചു ജനങ്ങൾക്ക് കിട്ടേണ്ട അനിവാര്യമായ നീതി നിഷേധിക്കരുതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.  ഡൽഹിയിൽ പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായി കാണുന്നതിന് അനുമതി നിഷേധിക്കുന്നത് ഉചിതമല്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലും, വിവിധ സംസ്ഥാനങ്ങൾ തമ്മിലും മികച്ച ബന്ധമാണ് ഉണ്ടാവേണ്ടത്. ഫെഡറൽ സംവിധത്തിന്റെ മാറ്റ് നഷ്ടപ്പെടുത്തരുത്. അദ്ദേഹം പറഞ്ഞു.
                  കരിപ്പൂർ   എയർപോർട്ടിനെ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. മികച്ച സംവിധാനങ്ങൾ ഉള്ള എയർപോർട്ടിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുമതി നിഷേധിക്കുന്നത് മലബാറിലെ ജനങ്ങളോടുള്ള അവഗണനയുടെ ഭാഗമാണ്. ഇന്ത്യയിലെ ലാഭകരമായ വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തുണ്ടായിരുന്ന കരിപ്പൂർ എയർപോർട്ട് ഇപ്പോൾ അധികൃത അനാസ്ഥ കാരണം തകർച്ചയിലേക്ക് നീങ്ങുന്നു. മലബാറിൽ നിന്നുള്ള വിദേശത്തേക്കുള്ള  ഇറക്കുമതി-കയറ്റുമതി  വാണിജ്യവ്യവഹാരങ്ങളെയും എയർപോർട്ടിന്റെ പതിതാവസ്ഥ ദുർബലമാകുന്നു. എയർപോർട്ടിനെ ശിഥിലമാക്കുന്ന ലോബികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായി നിലക്കുനിറുത്തണം.
         കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഹജ്ജിനു പോകുന്നത് മലബാറിൽ നിന്നാണ്. കരിപ്പൂരിൽ ഹജ്ജ് ഹൌസ് നിലവിൽ വന്നപ്പോൾ പാർക്കിങ്ങിനും മറ്റുമായി കുറച്ചു സ്ഥലം വാങ്ങി നൽകിയത് ഞാനായിരുന്നു.  വിശ്വാസികൾക്ക് എക്കാലത്തെക്കുമുള്ള ഒരഭയകേന്ദ്രം എന്ന നിലയിലാണ് ഭീമമായ തുകമുടക്കി അത് ചെയ്തത്. ഇപ്പോൾ ഹജ്ജ് ഹൌസ് കാടുപിടിച്ചു കിടക്കുന്നു. കരിപ്പൂർ എയർപോർട്ടിനെ ദുർബലമാക്കാനുള്ള നടപടികളുടെ ഭാഗമാണിത്.ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അതിനേറ്റവും യോജ്യവും അർഹതപ്പെട്ടതുമായ കരിപ്പൂരിലേക്ക് പുനഃസ്ഥാപിക്കണം.
         വിദേശ രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധി കാരണം നൂറുകണക്കിന് ഇന്ത്യക്കാരാണ് ദിനേന മടങ്ങിവരുന്നത്. ഇത്തരം പ്രവാസികൾ നൽകിയ സാമ്പത്തികമായ സംഭാവനയാണ് രാജ്യം വികസിക്കാൻ നിമിത്തമായിട്ടുളളത്. അതിനാൽ അവരുടെ ജീവിത-തൊഴിൽ രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാവുന്ന ഈ ഘട്ടത്തിൽ അവർക്ക് ആശ്വാസമാകുന്ന പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം.
      
       ദേശീയോദ്ഗ്രഥനവും  ബഹുസ്വരതയും പിടിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഞങ്ങളുടെ വിദ്യാഭ്യാസ ബോർഡായ ഇസ്‌ലാമിക് എഡ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന 9500 മദ്രസകൾ. ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിലായി വ്യാപിപ്പിച്ചു കിടക്കുന്ന ഈ മദ്രസകളിൽ  ബംഗാളി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, അറബി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ഇപ്പോൾ സുന്നി വിദ്യാഭ്യസ ബോർഡ് പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്.  ഇസ്‌ലാമിന്റെ ശരിയായ ജ്ഞാന വ്യവസ്ഥയാണ് എൽ.കെ.ജി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള മദ്രസാപഠനത്തിനടയിൽ  വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്നത്. മതത്തെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവരെ ആശയപരമായി പ്രതിരോധിക്കാനും യാതാർത്ഥ മുസ്‌ലിമിന്റെ ദൗത്യങ്ങൾ നിർവഹിക്കാനും ഈ മദ്രസകൾ വഴി പരിശീലനം നൽകുന്നു.
         മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ അക്കാദമിക പ്രവർത്തനം മധ്യേഷ്യയിലേക്കും റഷ്യൻ റിപ്പബ്ലിക്കിലേക്കും വ്യാപിക്കുന്നു. നാൽപതാം വാർഷികത്തിന്റെ ഭാഗമായി മർകസ് മാനേജ്‌മെന്റ് എടുത്ത തീരുമാനമാണ്, ലോകത്തെ വിവിധ രാജ്യങ്ങളിൽ സ്ഥാപങ്ങൾ ആരംഭിക്കാനും അവിടങ്ങളിലെ ഉന്നതമായ യൂണിവേഴ്സിറ്റികളുമായി അക്കാദമിക കരാർ ഉണ്ടാക്കുകയും ചെയ്യുകയെന്നത്. റഷ്യൻ റിപ്പബ്ലിക്കിലെ ചെച്നിയയിൽ അടുത്ത സെപ്തംബറിൽ മർകസിന്റെ ഓഫ് കാമ്പസ് ആരംഭിക്കും. ഉസ്ബെക്കിസ്ഥാനിൽ നിന്ന് വിദ്യാർഥികൾ മർകസിലേക്ക് പഠിക്കാൻ വരുന്ന സംവിധാനത്തിന് അടുത്ത വർഷം തുടക്കമാവും. ഒരു രാജ്യാന്തര മുസ്‌ലിം സാംസ്‌കാരിക-വിദ്യാഭ്യാസ ഹബ് ആയി മർകസ് മാറുകയാണെന്നും കാന്തപുരം പറഞ്ഞു.
     യതീംഖാനകൾ ബാലനീതി രജിസ്‌ട്രേഷൻ വഴി പ്രത്യേക സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും നിലവിൽ അവയെ നിയന്ത്രിക്കുന്ന  കോൺട്രോൾ ബോർഡിനു ആവശ്യമായ നിർദേശങ്ങൾ ഗവൺമെന്റ്  നൽകി അനാഥകളുടെ ജീവിതം സുഭദ്രമാക്കാനുള്ള പ്രായോഗിക രീതിയാണ് നടപ്പിലാക്കേണ്ടതെന്നും കാന്തപുരം പറഞ്ഞ.,  കൂടുതൽ സങ്കീർണ്ണവും നടപ്പാക്കൽ പ്രയാസകരവുമായ ഉപാധികൾ വെച്ചാൽ യതീംഖാനകൾ നടത്താൻ തന്നെ പ്രയാസകരമാവും. ഇക്കാര്യങ്ങൾ  യതീംഖാനകൾ നടത്തുന്ന എല്ലാ വിഭാഗം സംഘടനാ പ്രതിനിധികളും ഗവൺമെന്റിനോട് നിരന്തരം ആവശ്യപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SHARE THE NEWS