നന്മയുടെ പ്രഭവകേന്ദ്രം: പി.ടി.എ റഹീം MLA

0
911
നന്മയുടെ പ്രഭവ കേന്ദ്രവും സാംസ്‌കാരിക വിനിമയങ്ങളുടെ ഉല്‍കൃഷ്ടനികേതവുമാണ് മര്‍കസ്.
ഈ സ്ഥാപനം ഇന്ന് വലിയൊരു പ്രസ്ഥാനമായി വളര്‍ന്ന് വന്‍കരകള്‍ താണ്ടി ആഗോള പ്രശസ്ഥിയിലേക്കുയര്‍ന്നിരിക്കുന്നു. ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഏക പണ്ഡിതനാണ് കാന്തപുരം. ഈ യാത്രകളില്‍ വിദേശ പണ്ഡിതരും രാഷ്ട്ര സാരഥികളുമായും അദ്ദേഹം നടത്തുന്ന ആശയ കൈമാറ്റവും നയ നിലപാടുകളും പ്രശംസനീയമാണ്.
സാമൂഹ്യ സേവന രംഗങ്ങളിലും മതകീയ വിഷയങ്ങളിലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സ്വന്തമായൊരു ധൈഷണികമായ അസ്ത്ഥിത്വവും ഉറച്ച നിലപാടുമുണ്ട്.
കേരളത്തിലേക്ക് അന്നവും അറിവും തേടിയെത്തിയ നിര്‍ധനരായ കുട്ടികളുടെ വിഷയത്തില്‍ ഉസ്താദെടുത്ത മാനസികവും മാനുഷികവുമായ നിലപാട് ശ്രദ്ധേയമാണ്. കാശ്മീര്‍ മുതല്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ മര്‍കസിലെത്തിച്ച് അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും നല്ലൊരു ജീവിതവുമാണ് മര്‍കസ് നല്‍കുന്നത്.
സ്വന്തം തട്ടകത്തില്‍ നിന്ന് കുട്ടികളെ കൊണ്ടു വരുമ്പോള്‍ അവരുടേതായ സ്വഭാവ സവിശേഷതകള്‍ പരിഗണിക്കേണ്ടതുണ്ട്. ഈയര്‍ത്ഥത്തിലും മര്‍കസ് സ്ഥാപനങ്ങള്‍ വിജയകരമാണ്.
യൂറോപ്യന്‍ നാടുകളില്‍ വരെ കേരളത്തിന്റെ ധാര്‍മിക സംസ്‌കൃതിയേയും മതത്തിന്റെ നവീന മാനങ്ങളെയും ആധികാരികതയോടെ സംസാരിക്കാനും അന്താരാഷ്ട്രാതലത്തില്‍ ആദരണീയ സാന്നിധ്യമാകാനും കാന്തപുരത്തിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥതയും  ആത്മാര്‍ത്ഥതയും കൊണ്ടാണ്. രാഷ്ട്രീയപരമായ വൈതരണികളെ അവഗണിച്ചും പ്രതിസന്ധികളെ പ്രിതരോധിച്ചുമാണ് മര്‍കസ് നാലുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നത്. മര്‍കസുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് ഏറെ അഭിമാനം പകര്‍ന്ന സ്ഥാപനമാണിത്. നാടിന്റെയും സമൂഹത്തിന്റെയും സാംസ്‌കാരികവും വൈജ്ഞാനികവുമായ അഭിവൃധിയും മുന്നേറ്റവും നാല്‍പത് വര്‍ഷത്തിനുള്ളില്‍ മര്‍കസ് സൃഷ്ടിച്ച നേട്ടമാണ്.
കാരന്തൂരെന്ന ഗ്രാമത്തെ ആഗോള പ്രശസ്തിയിലേക്കുയര്‍ത്തിയതിലും ലോകത്തിന്റെ ശ്രദ്ധയെ ഈ ഗ്രാമത്തിലേക്ക് തിരിച്ചതിലും മര്‍കസ് നടത്തുന്ന ആഗോള സേവനങ്ങള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകമാണ്. സമൂഹത്തിലെയും സമുദായത്തിലെയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന വിദ്യാഭ്യാസ സാമൂഹ്യ ജീവകാരുണ്യ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളാണ് മര്‍കസ് കാഴ്ചവെക്കുന്നത്. മികച്ച നേതൃത്വവും സംഘാടക പാടവവും മതബോധവും രാഷ്ട്രീയ സംസ്‌കാരവും ധാര്‍മിക ചിട്ടയും മര്‍കസ് ലോകത്തിനു പകര്‍ന്ന പാഠങ്ങളാണ് കേരളത്തിനുമാത്രമല്ല ലോകത്തിനുതന്നെയും മാതൃകയാക്കാവുന്ന സ്ഥാപനവും സാരഥിയുമാണ് മര്‍കസും കാന്തപുരവും.