നന്മയുടെ വെളിച്ചം: പി.കെ പാറക്കടവ്

0
896

വിദ്യാഭ്യാസ രംഗത്ത് മര്‍കസ് ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണ്. ധാര്‍മിക മൂല്യങ്ങളിലൂന്നിയുള്ള ഭൗതിക വിദ്യാഭ്യാസം പുതിയ തലമുറയെ പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുന്നു. ബഹുമാന്യനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പടര്‍ന്നു പന്തലിച്ച വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല. രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാണ് മര്‍കസ് നടത്തികൊണ്ടിരിക്കുന്നത്. സാമുദായിക സൗഹാര്‍ദവും സാമൂഹിക സഹവര്‍ത്തിത്വവും സാധ്യമാക്കുന്നതിലും മര്‍കസ് നടത്തുന്ന ഇടപെടലുകള്‍ ആശ്വാസകരമാണ്. മര്‍കസിന്റെ ഒരു വലിയ പരിപാടിയില്‍ തന്നെ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനൊപ്പം ഞാന്‍ പങ്കെടുത്തത് ഓര്‍ക്കുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരടക്കം ഒട്ടേറെ പണ്ഡിതരുള്ള വേദിയായിരുന്നു അത്.
സുന്നി വിദ്യാര്‍ത്ഥികളില്‍ വായന കൂടി വരുന്നു എന്നതും ആഹ്ലാദകരമാണ്. ഇന്ന് മലബാറില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റില്‍ തൊപ്പിയണിഞ്ഞ സുന്നി വിദ്യര്‍ത്ഥികള്‍ ഒരു സ്ഥിരം കാഴ്ചയാണ്. മര്‍കസ് സൃഷ്ടിക്കുന്ന സര്‍ഗാത്മക ഇടങ്ങളും സംവിധാനങ്ങളുമാണ് ഇത്തരം കാഴ്ചകള്‍ക്ക് നിദാനം. സുന്നി പ്രസ്ഥാനതിന്റെ നേതൃത്വത്തില്‍ നടക്കന്ന സാഹിത്യോത്സവങ്ങളും എടുത്തു പറയേണ്ടതാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അവര്‍ നടത്തിയ പല സാഹിത്യോത്സവങ്ങളിലും മുഖ്യാതിഥിയായി പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പുതിയ വിജ്ഞാനത്തെയും പുതിയ സാഹിത്യത്തെയുമൊന്നും മര്‍കസ് പ്രസ്ഥാനം തീണ്ടാപ്പാടകലെ നിര്‍ത്തുന്നില്ല. ഫലസ്തീന്റെ പോരാട്ടവും പ്രണയവും പശ്ചാത്തലമാക്കി ഞാനെഴുതിയ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഇടി മിന്നലുകളുടെ പ്രണയം’ എന്ന നോവല്‍ പല സുന്നി സ്ഥാപനങ്ങളിലും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സാംസ്‌കാരിക സാഹിത്യ രംഗത്തും തുറന്ന കണ്ണോടെ ഇടപെടുന്ന മര്‍കസ് വിദ്യര്‍ത്ഥികളില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം. നന്മയുടെ വെളിച്ചമാണ് സാഹിത്യ കൃതികള്‍ പ്രസരിപ്പിക്കേണ്ടന്നെത് മര്‍കസ് വിശ്വസിക്കുന്നു. അവര്‍ നടത്തിയ ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ബഹുസ്വരത നിലനിര്‍ത്താനും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇനിയും മര്‍കസിനു കഴിയട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന. നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മര്‍കസ് കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മത രംഗത്ത് വെളിച്ചം വിതറട്ടെ എന്നാശംസിക്കുന്നു.