നബിദിനാശംസകള്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

0
3337

നബിദിനം വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദകരമായ ദിവസങ്ങളിലൊന്നാണ്. അല്ലാഹുവിന്റെ റസൂൽ മുഹമ്മദ് (സ്വ)-യെ വാഴ്‌ത്തി പാടുകയും പറയുകയും ചെയ്യുന്ന, നബി പഠിപ്പിച്ച മൂല്യങ്ങൾ ജീവിതത്തി കൂടുതൽ സജീവമാകുന്ന ദിവസമാണ് അത്. ഒരു ദിനം മാത്രമല്ല റബീഉൽ അവ്വൽ മാസത്തെ മുഴുവൻ വിശ്വാസികൾ കേമമായി വരവേൽക്കുന്നു. മൗലിദുകളും പ്രകീർത്തനകാവ്യങ്ങളും വീടുകളിലും പള്ളികളിലും ആലാപനം ചെയ്യുന്നു. വീടും വിദ്യാലയങ്ങളും അലങ്കരിക്കുന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നു. എപ്പോഴും നബി നമ്മുടെ ഓർമകളിൽ സജീവമാകുന്ന സാഹചര്യം ഉണ്ടാകുന്നു.

നബിയെ മറ്റാരേക്കാളും സ്നേഹിക്കലും, അവിടുത്ത ജീവിത സന്ദേശങ്ങൾ മുറുകെപ്പിടിക്കലും വിശ്വാസികളുടെ പ്രധാന ബാധ്യതയാണ്. നിങ്ങളുടെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റുള്ള എല്ലാ ജനങ്ങളെക്കാളും ഞാൻ നിങ്ങൾക്ക് പ്രിയപ്പെട്ടവനാവുമ്പോഴാണ് വിശ്വാസം പൂർണ്ണമാവുന്നത് എന്ന് റസൂൽ(സ്വ) അരുളിയിട്ടുണ്ട്.

നബി(സ്വ) നിയോഗിച്ചത് എല്ലാ ലോകങ്ങൾക്കും കാരുണ്യവും അനുഗ്രഹവുമായിട്ടാണ്. അല്ലാഹുവിന്റെ തന്നെ അരുൾ ഉണ്ടല്ലോ ‘നബിയേ അങ്ങയെ നിയോഗിച്ചത് ലോകത്തിന് മുഴുവൻ കാരുണ്യപ്രവാഹമായിട്ടാണ്’. പ്രവാചകൻമാരുടെ ഉത്തരവാദിത്തം അവർ നിയോഗിക്കപ്പെടുന്ന ജനതകളെ സത്യത്തിന്റെയും നേരിന്റെയും നന്മയുടെയും വഴിയിലേക്ക് നയിക്കുക എന്നതാണ്. അല്ലാഹുവിലേക്ക് സൃഷ്ടികളെ ക്ഷണിക്കുന്ന, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ രൂപവല്കരണത്തിന്റെ നേതൃത്വത്തിൽ നിൽക്കുന്ന ഈ പ്രവാചക പരമ്പരയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ്വ). മറ്റെല്ലാ നബിമാരെക്കാളും സ്രേഷ്ടതയും പദവിയുംഅല്ലാഹു റസൂലിന് നൽകി. അല്ലാഹുവിന്റെ റസൂലിന് നൽകിയ മഹത്തായ ഈ വൈശിഷ്ട്യത്തെ ബോധിപ്പിക്കുന്ന നിരവധി ആയത്തുകളുണ്ട് ഖുർആനിൽ. ” നബിയേ തങ്ങൾ വിശ്വാസികളോട് പറയുക: നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ, എന്നെ പിന്തുടർന്നോളിൻ. എന്നാൽ, അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ ദോഷങ്ങൾ പൊറുക്കുകയും ചെയ്യും” അല്ലാഹുവും റസൂലും എങ്ങനെയാണ് വിശ്വാസികളുടെ നിത്യവ്യവഹാരങ്ങളെ ക്രമപ്പെടുത്തേണ്ടതെന്നു കൃത്യമായും അല്ലാഹുവിന്റെ ഈ വചനങ്ങൾ കാണിക്കുന്നു.

അല്ലാഹുവിന്റെ റസൂലിനെ സ്നേഹിക്കുന്നതിലും, അവർ പഠിപ്പിച്ച ഓരോ കാര്യങ്ങളും ജീവിതത്തിൽ സൂക്ഷ്മതയോടെ പിന്തുടരുന്നതും ഉത്തമനായ വിശ്വാസിയുടെ ലക്ഷണമാണ്. സ്നേഹം അതിലേറ്റവും പ്രധാനമാണ്. കാരണം, ഒരാളോട് സ്‌നേഹാധിക്യം ഉണ്ടാവുമ്പോഴാണ് അവർ പറയുന്നത് പൂർണാർത്ഥത്തിൽ പിന്തുടരുന്ന വിതാനത്തിലേക്കു മനുഷ്യസ്വഭാവം എത്തുക. സ്നേഹം പ്രകടിപ്പിക്കാതെ നബിയുടെ ആശയങ്ങളെ മാത്രം പിന്തുടരുക എന്ന് പറയുന്നവരുടെ രീതി ശരിയല്ല.

എങ്ങനെയാണ് നബിയോടുള്ള സ്നേഹത്തെ പൂർണ്ണാർത്ഥത്തിൽ വിശ്വാസികൾ ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ടത്? സ്വഹാബികൾ പല വിതാനത്തിൽ അത് പ്രകടിപ്പിച്ചത് കാണാം. റസൂൽ സ്വ ആ സ്നേഹത്തെ സ്വീകരിച്ചതും, ഉത്തമമായ വിശ്വാസികളായി അവരെ അടയാളപ്പെടുത്തിയതും ഹദീസുകളിലുണ്ടല്ലോ. ഒരാൾ നബിയുടെ അരികിലേക്ക് വന്നു ചോദിച്ചു: അന്ത്യനാൾ എന്നാണ്? നബി ചോദിച്ചു: എന്താണ് അതിനായി താങ്കൾ കരുതിവെച്ചിരിക്കുന്നത്? അദ്ദേഹം പറഞ്ഞു: ഞാൻ വലിയ നിസ്കരിക്കുന്നവനോ നോമ്പനുഷ്ഠിക്കുന്നവോ ദാനംചെയ്യുന്നവനോ അല്ല; എന്നാൽ അല്ലാഹുവിനോടും റസൂലിനോടും ഉള്ള അളവറ്റ സ്നേഹമാണ് എന്റെ കൈമുതൽ. ” താങ്കൾ ആരെ സ്‌നേഹിച്ചുവോ, അവരോടു കൂടെയായിരിക്കും എന്നായിരുന്നു നബിയുടെ മറുപടി.

നബിദിനത്തിലെ മീലാദ് ജാഥയിലും മൗലിദുകളിലും പ്രകീർത്തന രാവുകളിലും കുട്ടികളുടെ കലാപരിപാടികളും എല്ലാം ഉൾക്കൊള്ളുന്നത് നബിസ്നേഹമാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ ആദ്യ പാട്ടും പ്രസംഗവും വരകളും വിളികളും എല്ലാം നബിയെകുറിച്ചാണ് നമ്മുടെ നാട്ടിൽ. ആ സ്നേഹവലയത്തിന്റെ പ്രവാഹമേറ്റാണ് അവർ വളരുന്നത്. കേരളീയർക്ക് അല്ലാഹു നൽകിയ വലിയ സൗഭാഗ്യമാണ് ഇത്. നമ്മുടെ മദ്രസകളുടെയെല്ലാം ആഘോഷവും പെരുന്നാളുമാണ് ഈ ദിനം. നമ്മുടെ നാടുകളിലെ ഒരുമയും സ്നേഹവും പെരുമയിലേക്കു പോകുന്ന ദിനം. എല്ലാവർക്കും നബിദിനാശംസകൾ

Subscribe to my YouTube Channel