നല്ല വ്യക്തിത്വം മികച്ച നയതന്ത്രജ്ഞരെ സൃഷ്ടിക്കുന്നു: ഡോ. ശൈഖ് അബ്ദുല്‍ അസീസ് അല്‍ നുഐമി

0
4014
മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന്റെ സമാപന സമ്മേളനം അറബ് ലോകത്തെ പമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അജ്മാന്‍ രാജകുടുംബാംഗവുമായ ഡോ. ശൈഖ് അബ്ദുല്‍ അസീസ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന്റെ സമാപന സമ്മേളനം അറബ് ലോകത്തെ പമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അജ്മാന്‍ രാജകുടുംബാംഗവുമായ ഡോ. ശൈഖ് അബ്ദുല്‍ അസീസ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: നല്ല വ്യക്തിത്വവും സ്വഭാവവിശേഷണങ്ങളും മികച്ച നയതന്ത്രജ്ഞരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അജ്മാന്‍ രാജകുടുംബാംഗവും അറബ് ലോകത്തെ പ്രമുഖ പരിസ്ഥിതി ആക്ടിവിസ്റ്റുമായ ഡോ. ശൈഖ് അബ്ദുല്‍ അസീസ് അല്‍ നുഐമി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് മര്‍കസ് നോളജ് സിറ്റിയില്‍ നടത്തിയ മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ ഭരണാധികാരികളുടെയും ജനസേവകരുടെയും അജണ്ടകളില്‍ പൗരനന്മയും മലിനമുക്തമായ പ്രകൃതിയും പ്രധാനമായിരിക്കണം. ഇസ്ലാം മുന്നോട്ടു വെക്കുന്ന പല തത്വങ്ങളുടെയും ആത്യന്തികമായ സത്ത വ്യക്തികള്‍ സ്വയവും ചുറ്റിലും വ്യത്തിയുള്ളവരാവണം എന്നതാണ്. യു.എ.ഇയെ ലോകത്തെ സ്വപ്‌നസമാന സൗകര്യങ്ങളുള്ള രാജ്യമാക്കി മാറ്റുന്നതിന് രാഷ്ട്രപിതാവായ ശൈഖ് സായിദ് സ്വീകരിച്ചത് പരിസ്ഥിതി സൗഹൃദപരവും സ്വദേശികളെയും വിദേശികളെയും ബഹുമാനിക്കുന്ന നയതന്ത്ര സമീപനം രൂപപ്പെടുത്തിയായിരുന്നു. നീതിയുക്തവും നിര്‍മല മനസ്സുമായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് ലോകത്ത് ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുമെന്നും ആ അര്‍ത്ഥത്തില്‍ ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റില്‍ പങ്കെടുത്ത യുവപ്രതിഭകള്‍ വ്യക്തിത്വം രൂപപ്പെടുത്തണം. പരിസ്ഥിതി സൗഹൃദമായ നിലപാടുകളാണ് ആഗോളതാപനം പോലുള്ള മാരകമായ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് മനുഷ്യര്‍ സ്വീകരിക്കേണ്ടത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള എല്ലാവരിലും പാരിസ്ഥിക ബോധം ഊട്ടിയുറപ്പിക്കാന്‍ വിദ്യാഭ്യാസമാര്‍ജിച്ച ഓരോരുത്തര്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാരന്തൂരിലെ മര്‍കസ് കാമ്പസില്‍ ഗ്രീന്‍ ശൈഖിന് സ്വീകരണം നല്‍കി. ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പാരിസ്ഥിതിക രംഗത്തെ ലോകമറിയുന്ന സാന്നിധ്യമായ ഡോ. നുഐമിയുടെ ഇടപെടലുകള്‍ ലോകത്തിന് മാതൃകയാണ്. മറ്റുള്ളവരെ സഹായിക്കാനും നാം ജീവിക്കുന്ന കാലത്തെ വെ്ല്ലുവിളികളെക്കുറിച്ച് ബോധവത്കരിക്കാനും അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ മിഡില്‍ ഈസ്റ്റില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.


SHARE THE NEWS