നവോത്ഥാനം മര്‍കസിന്റേത്: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

0
970

മുസ്‌ലിം ഇന്ത്യയുടെ നവേത്ഥാന മുന്നേറ്റത്തിന് തിരികൊളുത്തിയ മര്‍കസ് കര്‍മ്മ പഥത്തില്‍ അഭിമാനകരമായ നാല്‍പ്പതാണ്ടുകള്‍ പൂര്‍ത്തീകരിക്കുകയാണ്. മത സാമൂഹിക സാംസ്‌കാരിക വിദ്യാഭാ്യാസ മേഖലകളിലെ ഉയര്‍ച്ചയിലേക്കും പുരോഗതിയിലേക്കുമുളള അനന്തമായ സാധ്യതകളാണ് കഴിഞ്ഞ നാല്‍പ്പതാണ്ടുകള്‍ കൊണ്ട് മര്‍കസ് തുറന്നിട്ടത്. കേരളത്തിലെ പാരമ്പര്യ മുസ്‌ലിം വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ മുന്‍മാതൃകകളില്ലാത്ത വിധം നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നതാണ് മര്‍കസിനെയും കാന്തപുരം ഉസ്താദിനെയും വ്യതിരിക്തമാക്കുന്ന ഘടകം.
1978ല്‍ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരന്തൂരില്‍ മര്‍കസിന് ശിലപാകിയതോട് കൂടെ പലവിധ കാരണങ്ങളാല്‍ കേരളീയ സമൂഹത്തില്‍ പിന്നാക്കമായിപ്പോയ സുന്നികള്‍ക്ക് അവരുടെ ഉത്ഥാന വഴികള്‍ ത്വരിതപ്പെടുത്താനുളള നീക്കങ്ങള്‍ എളുപ്പമായി. സമുദായത്തിന് ആവശ്യമായതെല്ലാം മര്‍കസ് നല്‍കി. അറിവ്, അഭിമാനബോധം, ആഹാരം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതില്‍ മര്‍കസ് പ്രത്യക്ഷമായോ പരോക്ഷമായോ നിര്‍ണായക പങ്ക് വഹിച്ചു.
മര്‍കസിന്റെ സംസ്ഥാപനം സുന്നികള്‍ക്ക് പൊതു സമൂഹത്തില്‍ നെഞ്ചു വിരിച്ച് നടക്കാനുളള ആത്മ വിശ്വാസം നല്‍കി. സമുദായത്തിന്റെ അവകാശങ്ങളും അധികാര കേന്ദ്രങ്ങളും ന്യൂനപക്ഷം മാത്രമുളള നവീന വാദികള്‍ കയ്യടക്കി വെച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അനര്‍ഹമായ തസ്തികകളില്‍ സമുദായത്തിന്റെ അഡ്രസ്സില്‍ കയറിക്കൂടി തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി. പാരമ്പര്യ വിശ്വാസികള്‍ ഉണ്ടാക്കിയ ആരാധനാലയങ്ങള്‍ പോലും പുത്തന്‍വാദികള്‍ കയ്യേറി. സുന്നികളെ ഒന്നിനും കൊളളാത്തവരും അറുപഴഞ്ചന്മാരുമാക്കി ചിത്രീകരിച്ചു. പക്ഷേ, ഒരു നിയോഗം പോലെ മര്‍കസും അതിന്റെ അമരക്കാരന്‍ കാന്തപുരം ഉസ്താദും കടന്നു വന്നപ്പോള്‍ സുന്നികള്‍ക്ക് വര്‍ധിത വീര്യം കൈവന്നു. മര്‍കസിലൂടെ കടന്നു വന്ന ആദര്‍ശ പ്രതിബദ്ധതയും ചങ്കൂറ്റവുമുളള യുവപണ്ഡിതര്‍ മതപരിഷ്‌കരണവാദികളുടെ പൊളളത്തരങ്ങള്‍ തുറന്നുകാട്ടി. മര്‍കസ് മാതൃകയില്‍ രാജ്യത്തങ്ങോളമിങ്ങോളം വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. ആ സംരംഭങ്ങള്‍ മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. സുന്നികളുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് പിന്തുണ നല്‍കി. അറിവും സംഘടനാ പാടവവും സര്‍ഗ്ഗാത്മക ശേഷിയും ഒത്തിണങ്ങിയ യുവപണ്ഡിതര്‍ പുറത്തിറങ്ങുന്ന ഉന്നത കലാലയമായി മര്‍കസ് മാറി.
ഈ നേട്ടങ്ങളെല്ലാം മര്‍കസിലൂടെ സുന്നികള്‍ കരസ്ഥമാക്കുന്നത് കണ്ട് സമൂഹം വിസ്മയം പൂണ്ടു. നവീനവാദികളുടെ നവോത്ഥാന പെരുമ്പറ മുഴക്കങ്ങള്‍ സുന്നികളുടെ നേട്ടങ്ങള്‍ക്ക് മുന്നില്‍ വെറും അപശബ്ദങ്ങളായി. കേരളത്തിന്റെ കുഗ്രാമങ്ങളില്‍ നിന്ന് വന്ന് മര്‍കസില്‍ പഠിച്ച് ആഗോള ഇസ്‌ലാമിക ചര്‍ച്ചാ-പഠന വേദികളില്‍ എത്തിപ്പെടാന്‍ യുവപണ്ഡിതര്‍ക്ക് സാധിച്ചു. മതേതര കേരളത്തിന് മുന്നില്‍ വിശേഷിച്ചും അഖിലേന്ത്യ തലത്തില്‍ പൊതുവായും പൊതു സമൂഹത്തിന് മുന്നില്‍ ഇസ്‌ലാമിനെയും അതിന്റെ അടയാളങ്ങളെയും സര്‍ഗ്ഗാത്മകമായി അവതരിപ്പിക്കാന്‍ ഈ ജ്ഞാന ഗേഹത്തിന് സാധിച്ചു. മലയാളി സമൂഹത്തിന് അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വങ്ങളെയും കലാലയങ്ങളെയും പരിചയപ്പെടുത്തുന്നതില്‍ മര്‍കസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മര്‍കസ് ഒരു വിസ്മയമായി നിലനില്‍ക്കുു. മര്‍കസിന് ഇനിയും ഏറെ ദൂരങ്ങള്‍ താണ്ടേണ്ടതുണ്ട്. ഇനിയും ഒട്ടേറെ അനുഗ്രഹങ്ങളും സന്തോഷങ്ങളും മര്‍കസിലൂടെ കേള്‍ക്കാനും അനുഭവിക്കാനാകുമെന്നത് തീര്‍ച്ചയാണ്.