നാഗരികതകൾ തമ്മിൽ സംഘട്ടനമല്ല, സൗഹൃദമാണ് ആവശ്യം : കാന്തപുരം

0
1452
അബുദാബി പാലസിൽ നടന്ന ലോകമതനേതാക്കൾ തമ്മിലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ഈജിപ്ത് മതകാര്യ അധ്യക്ഷൻ ശൈഖ് അഹമ്മദ് ത്വയ്യിബ് സ്വീകരിക്കുന്നു
അബുദാബി പാലസിൽ നടന്ന ലോകമതനേതാക്കൾ തമ്മിലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ഈജിപ്ത് മതകാര്യ അധ്യക്ഷൻ ശൈഖ് അഹമ്മദ് ത്വയ്യിബ് സ്വീകരിക്കുന്നു

അബുദാബി: ലോകം വികസിക്കുംതോറും നാഗരികതകൾ തമ്മിൽ സംഘട്ടനങ്ങളല്ല; സൗഹൃദമാണ് അനിവാര്യമെന്നും, മനുഷ്യ ചരിത്രത്തിന്റെ വൈജ്ഞാനിക പുരോഗതികൾ പരസ്‌പരമുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ സംഭവിച്ചതാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. യു.എ.ഇ ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ആഗോള സാഹോദര്യ സമ്മേളനത്തിന്റെ രണ്ടാം ദിവസം അബുദാബി എമിറേറ്റ് പാലസിൽ നടന്ന വിശിഷ്ട പണ്ഡിതരുടെ പ്രത്യക സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ലോക സാഹചര്യത്തിൽ മത നേതാക്കൾ നിർവ്വഹിക്കേണ്ട ദൗത്യങ്ങളെക്കുറിച്ച് പദ്ധതി തയ്യാറാക്കുക എന്നതായിരുന്നു സമ്മിറ്റിന്റെ ലക്‌ഷ്യം. ഈജിപ്ത് പണ്ഡിത സഭാ അധ്യക്ഷനും സമ്മേളനത്തിലെ മുഖ്യാതിഥിയുമായ ശൈഖ് അഹ്‌മദ്‌ ത്വയ്യിബ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സമ്മിറ്റിലേക്കു സ്വാഗതം ചെയ്‌തു.

കിഴക്കും പടിഞ്ഞാറും തമ്മിൽ ചരിത്രപരമായി തന്നെ സംഘട്ടനം ഉണ്ടായിരുന്നുവെന്നും അത് നിലനിൽക്കുന്നു എന്നുമുള്ള രീതിയിലുള്ള ചരിത്രവ്യാഖ്യാനങ്ങൾ തെറ്റാണെന്ന് കാന്തപുരം പറഞ്ഞു. ചരിത്രത്തിലെ എല്ലാ വികാസവും സംഭവിച്ചത് കുടിയേറ്റങ്ങളിലൂടെയും സംസ്കാരങ്ങളുടെ സങ്കലനങ്ങളിലൂടെയുമാണ്. അറിവുകൾ കൈമാറ്റങ്ങൾ നവീനമായ പുരോഗതികളിലേക്കു മനുഷ്യരെ എത്തിക്കും. പരസ്പരം സഹിഷ്ണുതയും ബഹുമാനവും നിലനിറുത്തി വിശ്വാസികൾ ഇടപെടുമ്പോൾ ചിലയിടങ്ങളിൽ വളർന്നുവരുന്ന അക്രമരീതികൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരത മുഖമുദ്രയായ ഇന്ത്യൻ സംസ്കാരത്തിന്റെ സവിശേഷതകളും അദ്ദേഹം വിവരിച്ചു. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയും സംമ്മളനത്തിൽ സംബന്ധിച്ചു.

ശൈഖ് അഹ്‌മദ്‌ ത്വയ്യിബ് അധ്യക്ഷത വഹിച്ചു. വത്തിക്കാൻ പോപ്പിന്റെ പ്രധാന സെക്രട്ടറിമാർ, ഇന്തോനേഷ്യൻ ഖുർആൻ സ്റ്റഡി സെന്റർ പ്രസിഡന്റ് ഖുറൈശ് ശിഹാബ്, പഴയ കത്തോലിക്കാ സഭയുടെ ഇന്റർനാഷണൽ ഹഗ് മൂവ്മെന്റ് സെക്രട്ടറി സെബാസ്റ്റ്യൻ കേമകോ, മെക്സിക്കോ ദമർദ പ്രസിഡന്റ് നിപുർ ബഹ്‌സിൻ, വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാച്ചാറിന്, മുസ്‌ലിം കൗൺസിൽ എൽഡേർസ് മെമ്പർ അലി അൽ അമീൻ, കോപ്റ്റിക് ഓർത്തോഡക്‌സ് ചർച്ച് ജനറൽ ബിഷപ്പ് യൂലിസ്, അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ജയിൻസ്‌ സോഗ്‌ബി, തുടങ്ങിയവർ പ്രസംഗിച്ചു.