നാല്‍പതിന്റെ നിറവില്‍ മര്‍കസ്; സ്ഥാപക ദിനാഘോഷം പ്രൗഢമായി

0
744

കുന്ദമംഗലം: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നാല്‍പതാം സ്ഥാപക ദിനാഘോഷം പ്രൗഢമായി നടന്നു. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പത്മശ്രീ രവി പിള്ള മുഖ്യാതിഥിയായി.
ജീവകാരുണ്യ രംഗത്തും വൈജ്ഞാനിക സമര്‍പ്പണത്തിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നാല് പതിറ്റാണ്ടു കൊണ്ട് മര്‍കസ് കാഴ്ച വച്ചതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് സൈന്റിഫിക് ആന്റ് ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ ഔപചാരിക ഉദ്ഘാടന കര്‍മ്മവും രവി പിള്ള നിര്‍വ്വഹിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വ്യവസായ രംഗത്ത് ഉന്നത മേഖലകളിലെത്തിയപ്പോഴും സാമൂഹിക സേവന രംഗത്ത് കര്‍മ്മനിരതനായ രവി പിള്ളയുടെ സംഭാവനകള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നാല്‍പത് വര്‍ഷം കൊണ്ട് മര്‍കസ് നേടിയെടുത്ത വിദ്യാഭ്യാസ ഗവേഷണ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.