നിര്‍മാണാത്മക മുന്നേറ്റം: എന്‍.എം സലീം

0
1294

നന്മയുടെ നിറവില്‍ നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മര്‍കസു സ്സഖാഫത്തി സുന്നിയ്യ സാംസ്‌കാരിക കേരളത്തിനും ലോക ജനതയ്ക്കും എന്നും അഭിമാനിക്കാവുന്ന സ്ഥാപനമാണ്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പണ്ഡിത സമൂഹത്തിനു തന്നെ സ്വജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ വ്യക്തിത്വവും നേതൃത്വവും വ്യതിരിക്തമാകുന്നത്. അഗാധജ്ഞാനവും വിചാരബോധവും ആവിഷ്‌കാര മേന്മയും ദീര്‍ഘദൃഷ്ടിയും തുടങ്ങിയ ഗുണങ്ങളാണ് മര്‍കസ് എന്ന സ്ഥാപനത്തെ ഒരു ജനതയുടെ ആത്മാവിഷ്‌കാരമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചതിനു പിന്നിലെ ഘടകങ്ങള്‍. ഒരു പണ്ഡിതന്റെ ദൗത്യവും കര്‍ത്തവ്യവും നിര്‍മാണാത്മകമായി മുന്നോട്ടു കൊണ്ടുപോയി എന്നതും സമൂഹത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചു എന്നിടത്തുമാണ് കാന്തപുരം വിജയിച്ചത്.
മര്‍കസ് ചെയ്യുന്ന സമൂഹ സേവനങ്ങള്‍ നിസ്തുലമാണ്. എനിക്ക് പ്രസ്ഥാനത്തെയും ദീര്‍ഘകാലമായി കാന്തപുരം ഉസ്താദിനെയും അടുത്തറിയാം. വര്‍ഷങ്ങളുടെ നീണ്ട ബന്ധമാണ് മര്‍കസുമായുള്ളത്. ദീര്‍ഘ ദൃഷ്ടിയോടെയാണ് ഉസ്താദ് ഓരോ പദ്ധതികളും തുടങ്ങുന്നതും നടപ്പില്‍ വരുത്തുന്നതും. കോഴിക്കോട് ടൗണില്‍ മാവൂര്‍ റോഡിലുള്ള മര്‍കസ് കോംപ്ലക്‌സിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഈ നിമഷം വരെയും എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി ഞാന്‍ ആശയ വിനിമയം നടത്തുന്നുണ്ട്. നിര്‍മാണ രംഗത്തും നിര്‍മിതികളുടെ രൂപഭാവത്തിലും മികച്ചൊരു സംസ്‌കാരത്തെ ആവിഷ്‌കരിക്കാന്‍ അദ്ദേഹം കാണിച്ച ഔത്സുക്യം മികച്ച സര്‍ഗാത്മകതയുടെ ഉടമയായ പണ്ഡിതനെയാണ് വരച്ചു കാണിക്കുന്നത്. മികച്ചൊരു ആര്‍കിടെക്ചറുടെ വൈഭവത്തോടെയാണ് മര്‍കസിന്റെ ഓരോ കെട്ടിടങ്ങളും ഉസ്താദ് രൂപപ്പെടുത്തിയിരിക്കുന്നത്. ചാരുതയാര്‍ന്ന നിര്‍മാണം മസ്ജിദുകളിലേക്ക് കൊണ്ടു വന്നതും ഒരു പക്ഷേ മര്‍കസായിരിക്കണം. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച മര്‍കസ് കോംപ്ലക്‌സു തന്നെ ഉദാഹരണം. ഇന്നും നല്ലൊരു നിര്‍മിതിയായി തന്നെ കോപ്ലക്‌സ് നിലനില്‍ക്കുന്നു. ഓരോ നിര്‍മിതിക്കൊപ്പവും അതിന്റെ പരിസരത്തേയും ചുറ്റുപാടുകളേയും കൂടി സംസ്‌കരിച്ചെടുക്കാന്‍ വേണ്ട മൂല്യരീതി കൂടി സൃഷ്ടിച്ചെടുക്കുന്നുണ്ട് മര്‍കസ്. ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുന്നു എന്നതാണല്ലോ മര്‍കസ് മുന്നോട്ടു വെക്കുന്ന ആശയം.
ഈയൊരു സന്ദേശം മര്‍കസ് എല്ലാ രംഗത്തും പുലര്‍ത്തുന്നത് സാമുദായികമായൊരു അസ്തിത്വത്തിനപ്പുറം മൊത്തം സമൂഹത്തിന്റെയും സമുദ്ധാരണത്തിനു കാരണമാകുന്നു. ധിഷണതയുള്ള നേതൃത്വം കേരളീയ പണ്ഡിത സമൂഹത്തിന് ലഭിച്ച നേട്ടമാണ്. അറിവുകളുടെ സര്‍വമാന വിനിമയങ്ങളും എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കുന്ന വേറിട്ട പദ്ധതികളും സേവന പ്രവര്‍ത്തനങ്ങളുമാണ് മര്‍കസ് നടപ്പില്‍ വരുത്തുന്നത്. നാലുപതിറ്റാണ്ടു കൊണ്ട് മര്‍കസും ഉസ്താദും നേടിയെടുത്തതും സൃഷ്ടിച്ചതുമായ കാര്യങ്ങള്‍ വളരെ ശ്രേഷ്ഠകരമാണ്.