നൂറുശതമാനം വിജയത്തോടെ മർകസ് ലോ കോളേജ് ആദ്യ എൽ.എൽ.ബി ബാച്ച് പുറത്തിറങ്ങി

0
1098
മര്‍കസ് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം
മര്‍കസ് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജിലെ ആദ്യ എല്‍.എല്‍.ബി ബാച്ച് പുറത്തിറങ്ങി. മര്‍കസ് ലോകോളജ് ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റസ് യൂണിയന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഔന്നത്യത്തിനായി നിയമപരമായി പോരാടാന്‍ ധൈഷണികവും അക്കാദമികവുമായ മികവുള്ള വിദ്യാര്‍ത്ഥികളെയാണ് ലോ കോളജിലൂടെ മര്‍കസ് വളര്‍ത്തിയെടുത്തത് എന്നദ്ദേഹം പറഞ്ഞു. നിയമപരമായി സമൂഹം ബോധവാന്മാരാവുമ്പോള്‍ രാജ്യപുരോഗത്തിക്കായി ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നിയമസാക്ഷരത സമൂഹത്തില്‍ സജീവമാക്കാനും കഴിയും. മികച്ച പ്രൊഫഷണല്‍ തികവുള്ള സംവിധാനങ്ങള്‍ ആണ് മര്‍കസ് ലോകോളജില്‍ ഒരുക്കിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. ലോകോളജ് വൈസ് പ്രിന്‍സിപ്പാള്‍ അഡ്വ. സമദ് പുലിക്കാട് അധ്യക്ഷത വഹിച്ചു.
പൂര്‍ണ്ണ വിജയത്തോടെ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 20 പേരില്‍ 19 പേര്‍ മര്‍കസില്‍ നിന്ന് മതമീമാംസയില്‍ ബിരുദം നേടിയ സഖാഫിമാരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മെമന്റോ സമ്മാനിച്ചു. മര്‍കസ് ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഈ വര്‍ഷം പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. അസിസ്റ്റന്റ് പ്രഫസര്‍മാരായ റഹൂഫ് വികെ, ഡിറ്റക്സ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ലോകോളേജ് സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സാബിത് സ്വാഗതവും സെക്രട്ടറി റോഷന്‍ രാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.


SHARE THE NEWS