നൂറു ഗ്രാമങ്ങൾ ഏറെറടുക്കുന്നു, ഒന്നരക്കോടി അനാഥകൾക്ക് സമ്മാനിച്ചു: വിസ്‌മയ പദ്ധതികളുമായി മർകസ്

0
9789
മർകസിന്റെ നാല്പത്തിയൊന്നാം സ്ഥാപക ദിന പരിപാടി ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി അംബാസിഡർ ഡോ. വാഇൽ ബത്റഹ്‌കി ഉദ്‌ഘാടനം ചെയ്യുന്നു
മർകസിന്റെ നാല്പത്തിയൊന്നാം സ്ഥാപക ദിന പരിപാടി ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി അംബാസിഡർ ഡോ. വാഇൽ ബത്റഹ്‌കി ഉദ്‌ഘാടനം ചെയ്യുന്നു
കുന്നമംഗലം: മർകസ് നാല്പത്തിയൊന്നാം സ്ഥാപകദിനത്തിന്റെ ഭാഗമായി രാജ്യത്തെ കഷ്ടപ്പാടുകളുടെ മധ്യത്തിൽ കഴിയുന്ന ജനവിഭാഗങ്ങൾ അധിവസിക്കുന്ന നൂറു ഗ്രാമങ്ങൾ ഏറ്റെടുക്കുന്ന പദ്ധതി പ്രഖ്യാപനം പ്രൗഢമായി. ഇന്ത്യയുടെ ഇരുപത്തി രണ്ടു സംസ്ഥാനങ്ങളിലെ  5000 അനാഥകൾക്ക് നൽകുന്ന വിദ്യാഭ്യാസ -ജീവിത ചെലവുകൾക്കുള്ള ഫണ്ടിന്റെ ഭാഗമായി  ഒന്നരക്കോടി രൂപയും പരിപാടിയിൽ വിതരണം ചെയ്‌തു.  പത്തു ലക്ഷം നോട്ടുബുക്കുകളുടെ വിതരണാരംഭത്തിനും പരിപാടി സാക്ഷിയായി. 
നാല് മുഖ്യപദ്ധതികൾ നടപ്പിലാക്കിയാണ് നൂറു വില്ലേജുകളെ  പുതിയ വെളിച്ചം നൽകി ഏറ്റെടുക്കുന്ന മിഷൻ സ്മാർട്ട് വില്ലേജ് ഉയർത്തിക്കൊണ്ടുവരുന്നത്  . വിദ്യാഭ്യസ സ്ഥാപനങ്ങൾ നിർമിച്ചു ആധുനിക വൈജ്ഞാനിക  പദ്ധതികൾ അവതരിപ്പിച്ചു നടപ്പിലാക്കുക, സാമൂഹിക സാമ്പത്തിക അവിവൃദ്ധിക്കുള്ള പ്രത്യേക  മിഷനുകൾ  , ഗാർഹിക-ആരോഗ്യ മേഖലയിൽ സ്തുത്യർഹമായി ഇടപെടുക, കാർഷിക മേഖലയെ ശാക്തീകരിച്ചു ഗ്രാമീണ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും വിഷമയമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചു ഗ്രാമീണ ജനതയുടെ ആരോഗ്യ ജീവിതം സാധ്യമാക്കുക എന്നിവയാണ് മർകസ് ഏറ്റെടുക്കുന്ന വില്ലേജുകളിൽ നടപ്പിൽ വരുത്തുന്ന പദ്ധതികൾ. 
        മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പാർശുവത്കരിക്കപ്പെട്ട രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ വിദ്യഭ്യാസ സാമൂഹിക മുന്നേറ്റം സാധ്യമാക്കുവാൻ ക്രിയാത്മകമായി മർകസ് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാങ്ങളിലെയും പല ഗ്രാമീണ മേഖലകളും അങ്ങേയറ്റം വൈഷമ്യങ്ങൾ അനുഭവിക്കുന്നവയാണ്. അത്തരം പ്രദേശങ്ങളിലാണ് സമ്പൂർണ്ണ നവോഥാനം സാധ്യമാക്കുന്ന പദ്ധതികൾക്ക് മർകസ് ആരംഭം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാഥക്കുട്ടികൾക്ക് വീട്ടിലിരുന്നു പഠിക്കാൻ സൗകര്യം ഒരുക്കി ആവശ്യമായ സാമ്പത്തിക സഹായമായ ഒന്നരക്കോടി രൂപയുടെ വിതരണം വിവിധ ജില്ലകളിൽ നിന്നെത്തിയ ഓർഫൻ കെയർ വിദ്യാർത്ഥികൾക്ക് നൽകി കാന്തപുരം നിർവഹിച്ചു.
        ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി അംബാസിഡർ ഡോ. വാഇൽ ബത്റഹ്‌കി  മർകസ് ദിന ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്‌തു. ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഉപഹാരം അദ്ദേഹം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിച്ചു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സ്മാർട്ട് വില്ലേജ് പദ്ധതിയുടെ  ലോഞ്ചിങ് ചെന്നൈ ജില്ലാ ജഡ്‌ജി ജസ്റ്റിസ് സാക്കിർ ഹുസൈൻ  നിർവ്വഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മർകസ് ദിന പദ്ധതികൾ അവതരിപ്പിച്ചു സംസാരിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്‌താർ ഹസ്രത്ത്, റഷീദ് പുന്നശ്ശേരി, നിയാസ് മാസ്റ്റർ  പ്രസംഗിച്ചു. അബൂബക്കർ സഖാഫി പന്നൂർ സ്വാഗതവും  ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.