നൂറു പെട്ടികൾ;ഒരു ടൺ തേൻ മർകസ് മസ്‌റ തേൻകൃഷിക്ക് മികച്ച വിളവ്

0
1078
മര്‍കസ് മസ്‌റക്ക് കീഴിലെ ആദ്യ തേന്‍ വിളവെടുപ്പ് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വഹിക്കുന്നു.
മര്‍കസ് മസ്‌റക്ക് കീഴിലെ ആദ്യ തേന്‍ വിളവെടുപ്പ് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വഹിക്കുന്നു.
പുതുപ്പാടി: മർകസിന്റെ കാർഷിക സംരംഭമായ മസ്‌റ പ്രോജക്ടിന്റെ  കീഴിൽ  നൂറു പെട്ടികളിലായി പുതുപ്പാടിയിയിലെ മസ്‌റ ലാന്റിൽ  സ്ഥാപിച്ച തേനീച്ചക്കൂടുകളിൽ നിന്നുള്ള ആദ്യഘട്ട വിളവെടുപ്പ് പൂർത്തിയായി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിളവെടുപ്പിനു നേതൃത്വം നൽകി. ശുദ്ധവും പ്രകൃതിദത്തവുമായ തേനുത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  മർകസ് മസ്‌റയിലെ ഇരുപതേക്കർ കൃഷിയിടത്തിൽ  നാല് മാസം മുമ്പാണ് നൂറു പെട്ടികൾ സ്ഥാപിച്ചത്. ആദ്യഘട്ട വിളവെടുപ്പിൽ ഇരുനൂറു കിലോഗ്രാം  തേൻ ലഭിച്ചു. വരും വാരങ്ങളിൽ നടക്കുന്ന വിളവെടുപ്പുകളിലൂടെ  ഒരു ടൺ തേൻ ആണ് പ്രതീക്ഷിക്കുന്നത്. മസ്‌റയിൽ നിന്നുൽപാദിപ്പിച്ച തേൻ മർകസ് ബ്രാൻഡിൽ  ഉടനെ വിപണിയിലെത്തിക്കും. അടുത്ത വർഷം 500 പെട്ടികൾ സ്ഥാപിച്ച തേൻകൃഷി വിപുലമാക്കാനുള്ള തീരുമാനത്തിലാണ് മർകസ് ഭാരവാഹികൾ. 
തേൻപൊലിവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. മർകസ് നോളേജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുസ്സലാം, കേരള പി. ആർ.ഡി അഡീഷണൽ ഡയറക്ടർ എ.അബ്ദുൽ ഹകീം, കേന്ദ്ര അഗ്മാർക്ക് സെക്രട്ടറി ഹമീദ് കുട്ടി,മുജീബ് മാക്കണ്ടി, ജലീൽ എന്നിവർ പ്രസംഗിച്ചു. മസ്‌റ പി.ആർ.ഒ മർസൂഖ് സഅദി സ്വാഗതവും മസ്‌റ ചീഫ് കോർഡിനേറ്റർ മുഹമ്മദ് ബുസ്താനി നന്ദിയും പറഞ്ഞു.