നോളജ് സിറ്റിയില്‍ ശരീഅ സെമിനാര്‍ നാളെ; അഭിഭാഷകരായ സഖാഫികളെ ചടങ്ങില്‍ ആദരിക്കും

0
966

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിക്ക് കീഴില്‍ ശരീഅ സെമിനാറും അഭിഭാഷകരായ സഖാഫികള്‍ക്കുള്ള ആദരവും നാളെ (ഞായറാഴ്ച) നടക്കും. കേരളത്തിലെ വിവിധ ദര്‍സുകള്‍, ശരീഅ കോളജുകള്‍, ദഅവ കോളജുകള്‍ എന്നിവിടങ്ങളില്‍ അധ്യാപനം നടത്തുന്ന ഗുരുനാഥന്മാര്‍, മുതഅല്ലിമുകള്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുക. രാവിലെ പതിനൊന്നു മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന സെമിനാറില്‍ ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിക്കും. ശരീഅ സിറ്റിക്ക് കീഴില്‍ ഇസ്‌ലാമിക പഠനവും മെഡിക്കല്‍- നിയമ പഠനവും ഒരുമിച്ചു നടത്താനുള്ള കോഴ്‌സുകളും അവയുടെ സാധ്യതകളും സമ്മേളനത്തില്‍ പരിചയപ്പെടുത്തും.