നോളജ് സിറ്റി ഉദ്‌ഘാടനം; ഡോ. ഹകീം അസ്ഹരിയുടെ യു.കെ പര്യടനം ആരംഭിച്ചു

0
1451
മർകസ് നോളജ് സിറ്റിയുടെ വിവിധ വിദ്യാഭ്യാസ സാംസ്കാരിക പദ്ധതികൾ പരിചയപ്പെടുത്തി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി യു.കെയിൽ നടത്തുന്ന സഞ്ചാരത്തിന്റെ ഭാഗമായി ലൂട്ടൻ നഗരത്തിൽ നൽകിയ സ്വീകരണത്തിൽ നഗരമേയർ താഹിർ മഹ്മൂദിന്റെ കൂടെ വേദിയിൽ

ലണ്ടൻ: 2020 മാർച്ചിൽ ഉദ്‌ഘാടനം നടക്കുന്ന മർകസ് നോളജ് സിറ്റിയുടെ വിവിധ വിദ്യാഭ്യാസ സാംസ്കാരിക പദ്ധതികൾ പരിചയപ്പെടുത്തി മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി യൂറോപ്പിൽ നടത്തുന്ന പര്യടനത്തിന് തുടക്കമായി. ബ്രിട്ടനിലെ വിവിധ നഗരങ്ങളിലെ വിദ്യഭ്യാസ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലൂട്ടൻ നഗരത്തിൽ നടന്ന മലയാളി അസോസിയേഷൻ ലുമ്മ നടത്തിയ സമ്മേളനത്തിൽ ഡോ. അസ്ഹരിക്ക് സ്വീകരണം നൽകി. മേയർ താഹിർ മഹ്മൂദ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഡോ. അസ്ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നോളജ് സിറ്റിയെ-കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം ആധുനിക കാലത്ത് അറിവിനെയും സംസ്കാരത്തെയും പാരമ്പര്യത്തിന്റെ മൂല്യങ്ങളോടെ പുനർനിർമിക്കുന്ന നാഗരികതയാവും നോളജ് സിറ്റിയിൽ ഉയർന്നുവരികയെന്നു പ്രത്യാശിച്ചു. നോട്ടിങ്ഹാംമിലെ ഈസ്റ് മെയിൻലാൻഡ് മലയാളി മുസ്‌ലിം അസോസിയേഷൻ നടത്തിയ സമ്മേളനത്തിൽ ഡോ. അസ്ഹരി പ്രഭാഷണം നടത്തി. ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കവൻഡ്രി നഗരത്തിൽ ഒരുക്കിയ ധൈഷണിക ചർച്ചയിൽ ഡോ അസ്ഹരി പ്രഭാഷണം നടത്തി. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വൈജ്ഞാനിക -സാങ്കേതിക പുതുമകൾ തനിമയോടെ സംയോജിപ്പിക്കുന്ന കേന്ദ്രമായിരിക്കും നോളജ് സിറ്റിയെന്ന് ഡോ അസ്ഹരി പറഞ്ഞു. മർകസ് നോളജ് സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസ്സൻ യാത്രയിൽ അനുഗമിക്കുന്നുണ്ട്.