നോളേജ് സിറ്റിയിലെ പെൺകുട്ടികൾക്കുള്ള ശരീഅ പഠനകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഇന്ന്

0
4592
കോഴിക്കോട്: മർകസ് നോളജ്‌ സിറ്റിയിൽ പെൺകുട്ടികൾക്ക്  ആഴത്തിലുള്ള മതപരവും അക്കാദമികവുമായ ഉന്നത പഠനം നൽകാൻ സ്ഥാപിച്ച ക്യുൻസ് ലാൻഡിൽ ആരംഭിചിച്ച  ഇന്റെഗ്രെറ്റഡ് പ്രോഗ്രാം ഇൻ ശരീഅ ആൻഡ്  ലൈഫ് സയൻസിന്റ  ഉദ്‌ഘാടനം ഇന്ന് രാവിലെ  പത്തുമണിക്ക് മർകസ് നോളെജ്‌സിറ്റിയിൽ  നടക്കും. 
          മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. മർകസ് ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ , മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി,  മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, നോളേജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുസ്സലാം,  ശരീഅ സിറ്റി അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി പ്രസംഗിക്കും.
       നോളജ് സിറ്റിയിലെ  ശരീഅ സിറ്റിയുടെ അക്കാദമിക നിയന്ത്രണത്തോടെ  എസ്.എസ്.എൽ.സിയിൽ ഉന്നത വിജയവും ഏഴാം തരം മദ്രസയും പൂർത്തിയാക്കിയ പെൺകുട്ടികൾക്കായി ആരംഭിക്കുന്ന ഈ പഞ്ചവത്സര  കോഴ്‌സിൽ മീസാൻ മുതൽ മുഖ്തസർ വരെ മതപഠനവും മറ്റു അക്കാദമിക പഠനവും നൽകും.
      കേരളത്തിലെ മുസ്‌ലിം പെൺകുട്ടികൾക്കിടയിൽ നിന്ന് പുതിയ കാലത്തോട് സംവദിക്കാൻ ശേഷിയും പാണ്ഡിത്യവും ഉള്ളവരെ ഇസ്‌ലാമികമായ കാഴ്ചപ്പാടിലൂടെ ഉയർത്തിക്കൊണ്ടുവരലാണ് കാമ്പസിന്റെ ലക്ഷ്യം. ഉന്നത പഠനം നേടുന്ന മുസ്‌ലിം പെൺകുട്ടികൾക്ക് നേതൃത്വം നൽകാനും, വളർന്നു വരുന്ന തലമുറയെ ഇസ്‌ലാമിക ശരീഅത്തും ആധുനിക വിജ്ഞാനങ്ങളും ഭംഗിയായി അഭ്യസിപ്പിക്കാൻ പാകത്തിലുള്ള ഉയർന്ന അറിവാണ് ഇവർക്ക് ലഭ്യമാക്കുക.  മികച്ച ഫാക്കൽറ്റികൾക്കു കീഴിൽ ആധുനികവും സാങ്കേതികവുമായ നവ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പഠനമാണ് കാമ്പസിൽ സജ്ജീകരിച്ചിട്ടുള്ളത്.  വനിതകൾക്കിടയിൽ ക്രിയാത്മകമായി ഇടപെടാനും മുസ്‌ലിം സ്‌ത്രീയുടെ ശരിയായ ദൗത്യം പ്രചരിപ്പിക്കാനും മനശ്ശാസ്ത്രപരമായി പരിശീലനം നൽകും. അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങി ബഹുഭാഷകളിൽ ഇവരെ നിപുണരാക്കും.
   കൂടാതെ  കോഴ്‌സിന്റെ ഭാഗമായി, വെബ് ഡിസൈനിങ്, കാലിഗ്രഫി, ഗാർഡനിങ്, ഹോം മാനേജ്‌മെന്റ്,  എഴുത്ത്-പ്രസംഗ പരിശീലനം, മനഃശാസ്ത്ര പഠനം,   തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ കഴിവും അവബോധവും പെൺകുട്ടികൾക്ക് നൽകും. 
        മുസ്‌ലിം പെൺകുട്ടികളുടെ അറിവിന്റെ സംസ്‌കാരത്തിൽ അതുല്യമായ ഇടമാണ് നോളേജ് സിറ്റിയിലെ ഇന്റെഗ്രെറ്റഡ് പ്രോഗ്രാം ഇൻ ശരീഅ ആൻഡ്  ലൈഫ് സയൻസിലൂടെ സൃഷ്ടിക്കാനുദ്ദേശിക്കുന്നതെന്ന്  ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ലോകത്ത് ഇന്ന് മുസ്‌ലിംകൾക്ക് കീഴിൽ പെൺകുട്ടികൾക്കായി നിലവിലുള്ള പ്രധാനപ്പെട്ട  ശരീഅ കോഴ്‌സുകളുടെ സവിശേഷതകൾ ഉൾക്കൊണ്ടും , പാരമ്പരഗതമായി കേരളത്തിൽ പഠിപ്പിച്ചുവരുന്ന  മുഖ്യ ഇസ്‌ലാമിക ഗ്രന്ഥങ്ങളെ ഉൾക്കൊള്ളിച്ചുമാണ് ഈ കോഴ്‌സിലെ ഇസ്‌ലാമിക സിലബസിന്റെ രൂപമെന്നും അദ്ദേഹം പറഞ്ഞു.