ന്യൂനപക്ഷ മുസ്‌ലിംകളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതികൾ ആവിഷ്കരിച്ചു: അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനം സമാപിച്ചു

0
1016
അബൂദാബി:  യു.എ.ഇ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അബുദാബിയിൽ നടന്ന അന്തരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിന് പ്രൗഢ സമാപനം.  യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പതിനൊന്നു സെഷനുകളിലായി സംഘടിപ്പിച്ച സമ്മേളനത്തിൽ 140  രാഷ്ട്രങ്ങളിൽ നിന്നുള്ള 550 പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കെടുത്തത്. 
          വെനിസ്വേല, വിയറ്റ്‌നാം തുടങ്ങി മുസ്ലിംകൾ തീരെ ന്യൂനപക്ഷമായ രാജ്യങ്ങളിൽ നിന്ന് വരെയുള്ള പ്രതിനിധികൾ സമ്മേളനത്തിൽ ഉണ്ടാടിയിരുന്നു.  ഐക്യ രാഷ്ട്ര സഭയുടെ ഉന്നത സമിതികളിൽ നേതൃത്വം അലങ്കരിക്കുന്നവർ, ബുദ്ധമതം, ക്രിസ്‌തുമതം തുടങ്ങിയ മതവിഭാഗങ്ങളുടെ നേതാക്കൾ, വിവിധ ഗവണ്മെന്റുകകളിൽ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവർ, അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതന്മാർ, ബുദ്ധിജീവികൾ തുടങ്ങി വ്യത്യസ്ത മേഖലയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വികാസത്തിനായി ഇടപെടുന്നവരുടെ കൂട്ടായ്മയായി മാറി സമ്മേളനം. 
          മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക അന്താരാഷ്ട്ര ചാർട്ടറിനു സമ്മേളനം രൂപം നൽകി.  ലോകത്തു വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള പീഡനങ്ങളും അവഗണകളും അഭിമുഖീകരിക്കുന്ന ന്യൂനപക്ഷങ്ങളെ സവിശേഷ ശ്രദ്ധയോടെ സംരക്ഷിക്കാൻ ഐക്യരാഷ്ട്ര സഭ ഇടണമെന്ന്  അന്താരാഷ്ട്ര ചാർട്ടർ ആവശ്യപ്പെട്ടു. പതിനാല് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ച ചാർട്ടറിൽ അബുദാബി കേന്ദ്രമായി ന്യൂനപക്ഷ കാവലിനായി രൂപീകരിച്ച വേൾഡ് കൗൺസിൽ ഓഫ് മുസ്‌ലിം മൈനോറിറ്റീസിന്റെ ആഭിമുഖ്യത്തിൽ ഈ സമ്മേളനന്തരമായി നടപ്പിലാക്കുന്ന  ഭാവി പദ്ധതികളാണ് വിശദീകരിക്കുന്നത്.  
      മുസ്ലിംകൾ ന്യൂനപക്ഷങ്ങളായ രാജ്യങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അന്തരാഷ്ട്ര വേദിയായി ഈ കൗൺസിൽ പ്രവർത്തിക്കുമെന്നും എല്ലാ തരത്തിലുള്ള തീവ്രവാദ ഭീകരവാദ പ്രവണതകളെ എതിർക്കുമെന്നും ചാർട്ടറിൽ വ്യക്തമാക്കുന്നു. അതോടൊപ്പം ന്യൂനപക്ഷ മുസ്ലിംകളുടെ ധൈഷണികവും അക്കാദമികവുമായ മുന്നേറ്റം ശക്തിപ്പെടുത്താനും മറ്റു സമുദായ സംഘടനകളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനും നടപടികൾ സ്വീകരിക്കും.  സമ്മേളനത്തിന്റെ തുടർപ്രവർത്തനമായി വാർക്ക്ഷോപ്പുകളും ട്രെയിനിങ് പ്രോഗ്രാമുകളും സംഘടിപ്പിക്കും.
       സമാപന പരിപാടിക്ക്  സമ്മേളനത്തിന്റെ ഉന്നതാധികാര സമിതി ചെയർമാൻ ഡോ അലി റാഷിദ് അൽ നുഐമി, ഡോ മുഹമ്മദ് ബച്ചാരി എന്നിവർ നേതൃത്വം നൽകി.