പണ്ഡിതന്മാര്‍ക്ക് അംഗീകാരം നേടികൊടുത്തു: കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം

0
1017
SHARE THE NEWS

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അഥവാ പ്രവാചന്മാര്‍ക്കു ശേഷം പ്രബോധന ദൗത്യം നിര്‍വ്വഹിക്കേണ്ട ചുമതലയും ബാധ്യതയും പണ്ഡിതന്മാരുടെ കര്‍ത്തവ്യമാണ്. സമുദായത്തേയും സമൂഹത്തേയും നന്മയുടെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവര്‍/അതിന് ജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കേണ്ടവര്‍ ആലിമുകളാണ്. തിരുനബി(സ)യുടെ മദീനാ ജീവിതകാലം അവിടുന്ന് ഏറ്റവും കൂടുതല്‍ പ്രാധാ്യം കല്‍പിച്ചിരുന്നത് ‘വിജ്ഞാനം’ പകര്‍ന്നുകൊടുക്കാനായിരുന്നു. അവസരോചിതവും സാന്ദര്‍ഭികവുമായുള്ള അറിവുകള്‍ തിരുഹബീബ്(സ) സ്വഹാബാക്കള്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നു.
ചില വിഷയങ്ങളെ അധികരിച്ചുള്ള ആധികാരിക ചര്‍ച്ചകളും നടത്തുമായിരുന്നു. നബി(സ)യ്ക്കു ചുറ്റും വിജ്ഞാന പ്രസരണത്തിന്റെ ഒരു വലയം തന്നെ സദാ ഉണ്ടായിരുന്നു.
സ്ത്രീ/പുരുഷ ഭേദമന്യെ സര്‍വ്വര്‍ക്കും വിജ്ഞാന സമ്പാദനം സാമൂഹ്യ ബാധ്യതയും വ്യക്തി നിഷ്ഠവുമായ ശ്രേഷ്ഠ കാര്യവുമാണെന്ന് മുഹമ്മദുറസൂല്‍(സ) പാഠവും നല്‍കിയിട്ടുണ്ട്. ഇത്തരം മാതൃകാ പാഠങ്ങളുടെ അരികു ചേര്‍ന്നാണ് പില്‍കാല പണ്ഡിത ലോകം അതാത് കാല സമൂഹത്തെ വൈജ്ഞാനികമായി വഴി നടത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്കൊപ്പം ഭൗതിക ജീവിതത്തിനു അനുപേക്ഷണീയമായ സര്‍വ്വജ്ഞാനവും സമൂഹത്തിന് ലഭ്യമാക്കാന്‍ പൂര്‍വപണ്ഡിതന്മാര്‍ ഗവേഷണാത്മകമായി തന്നെ ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമിക പര്‍വശാലകള്‍, ഗവേഷണ പഠനങ്ങള്‍, അമൂല്യ രചനകള്‍, മത/ശാസ്ത്ര ഗ്രന്ഥങ്ങള്‍ പാണ്ഡിത്യത്തിന്റെ സര്‍വത്രികമായ അടയാളപ്പെടലുകള്‍ അക്കാലത്ത് സര്‍വമേഖലയിലും പ്രകടമായിരുന്നു.കാലഘട്ടം പിന്നിട്ടപ്പോള്‍ പണ്ഡിതന്റെ പ്രമാണ ജീവിതം ഭൗതിക സാഹചര്യങ്ങളില്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരുന്നു. അധികാര കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള പാണ്ഡിത്യ ബോധത്തിലേക്ക് പണ്ഡിതന്‍ പിഴുതെറിയപ്പെട്ടു. അഥവാ അധികാര/രാഷ്ട്രീയ/ഭരണ/സ്വാധീനത്തില്‍ പണ്ഡിതന്മാരുടെ കൈകള്‍ക്കും നാവിനും വിലക്കുകള്‍ സൃഷ്ടിക്കപ്പെട്ടു. ഒരുതരം പാര്‍ശ്വവല്‍ക്കരണം.
ഈ പരിത സ്ഥിതിയെ മറികടക്കാന്‍ പണ്ഡിതന്മാര്‍ക്ക് അറിവും ആര്‍ജവും പകര്‍ന്നത് മര്‍കസ് സൃഷ്ടിച്ച പണ്ഡിത മുന്നേറ്റമായിരുന്നു. പണ്ഡിതന്‍ ആരാവണമെന്നും ആരായിത്തീരണമെന്നും പണ്ഡിതലോകത്തിന് സ്വജീവിതം കൊണ്ട് ഉത്തരം നല്‍കിയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പണ്ഡിത ധര്‍മത്തിന്റെയും കര്‍മത്തിന്റെയും സമകാലിക പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. അധികാര രാഷ്ട്രീയത്തിന്റെ വഴിയമ്പലങ്ങള്‍ക്കു മുന്നില്‍ നിസ്സഹായതയുടെ തലച്ചോറുമായി മൗനം ദീക്ഷിക്ഷിച്ചിരുന്ന പണ്ഡിതന്മാരുടെ നാവുകള്‍ക്ക് കരുത്ത് പകര്‍ന്നാണ് കാന്തപുരം കര്‍മ ഗോദയെ സക്രിയമാക്കിയത്. നാല്‍പത് വര്‍ഷം മര്‍കസ് സൃഷ്ടിച്ചത് പണ്ഡിത മുന്നേറ്റത്തിന്റെ കരുത്തുറ്റ പാഠങ്ങളായിരുന്നു. പണ്ഡിതന്റെ കര്‍മ മണ്ഡലം വിപുലപ്പെടുത്തുന്നതിലും ആലിമീങ്ങള്‍ക്ക് ദിശാ ബോധം പകരുന്നതിലും മര്‍കസിന്റെ വൈജ്ഞാനിക വിപ്ലവങ്ങള്‍ നിമിത്തമേകി.
പൗരാണികവും സമകാലികവുമായ മുസ്ലിം രാഷ്ട്രീയ ഇസ്ലാമിക അന്തര്‍ധാരയെ വര്‍ത്തമാന സമൂഹത്തിന് പരിചയപെടുത്താന്‍ പണ്ഡിതന്മാരെ സജ്ജരാക്കിയതിലും പുതിയ കാലത്തോട് നിര്‍ഭയത്വത്തോടെ വൈജ്ഞാനികമായി സംവദിക്കാന്‍ പണ്ഡിതന്മാരെ പ്രാപ്തരാക്കിയതിലും മര്‍കസിനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കുള്ള പങ്ക് നിര്‍ണായകവും അനിഷേധ്യവുമാണ്.
ഇന്ന് സര്‍വ മേഖലയിലും പണ്ഡിതന്മാരുടെ സാന്നിധ്യവും കൈയൊപ്പും പ്രകടമാണ്. മത/ഭൗതിക ശാസ്ത്ര/സാങ്കേതിക/ ഭരണ രംഗത്ത് പണ്ഡിതന്റെ വാക്കിന് ആധികാരികത ലഭിച്ചിരുന്നു. പണ്ഡിതന്മാരുടെ കര്‍ത്തവ്യ സാരഥ്യത്തേയും പാണ്ഡിത്യ ബോധത്തേയും തിരിച്ചു പിടിക്കാന്‍ മര്‍കസ് സാഹചര്യമൊരുക്കി എന്ന ചരിത്ര ദൗത്യം തന്നെയാണ് ഈ സ്ഥാപനത്തിന്റെ നേട്ടവും.


SHARE THE NEWS