പതിനായിരങ്ങൾ ഒഴുകിയെത്തി: മര്‍കസ് മീലാദ് കാമ്പയിന് പ്രകീർത്തനാരംഭം

0
849
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ്(സ)യുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തി ഒരു ദിനം ധന്യമാക്കി മര്‍കസ് നബി ദിന കാമ്പയിന് പ്രൗഢമായ തുടക്കം കുറിച്ചു. കേരളത്തിലെ പ്രഗത്ഭ സാദാത്തീങ്ങളും പണ്ഡിതന്മാരും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പുലര്‍ച്ച അഞ്ചു മണിക്ക് മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന മൗലിദുല്‍ അക്ബര്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ആറു മണിക്ക് മര്‍കസ് ഓഡിറ്റോറിയത്തില്‍ ശഅറെ മുബാറക് ജല്‍സ തുടങ്ങി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
     പ്രവാചകര്‍ മുഹമ്മദ് (സ)യോടുള്ള സ്‌നേഹ പ്രകടനം ഇസ്ലാമിക വിശ്വത്തിന്റെ അടിസ്ഥാന ഘടങ്ങളില്‍ ഒന്നാണെന്നും പരമ്പരാഗതമായി മുസ്ലിംകള്‍ ലോകത്തെല്ലായിടത്തും പ്രവാചകര്‍ ജനിച്ച അറബി മാസമായ റബീഉല്‍ അവ്വലില്‍ വിവിധ രൂപത്തിലുള്ള നബിസ്‌നേഹപരിപാടികള്‍ നടത്തുന്നുവെന്നും കാന്തപുരം പറഞ്ഞു.
നബിയുടെ ജീവിതം കാലാതിവർത്തിയായ സമാധാന  സന്ദേശങ്ങള്‍ ആണ് ലോകത്ത്  പഠിപ്പിച്ചത് . പ്രവാചകര്‍ പഠിപ്പിച്ച ഇസ്ലാമിക ശരീഅത്തിന്റെ യഥാര്‍ത്ഥ രൂപം സമൂഹത്തിനു ആഴത്തില്‍ പകര്‍ന്നു നല്‍കുന്ന ദൗത്യമാണ് മര്‍കസ് നിര്‍വ്വഹിക്കുന്നത്. അവിടുത്തെ ആശയങ്ങളെ  തെറ്റായി വ്യാഖാനിക്കാനും പ്രചിരിപ്പിക്കാനും ശ്രമിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം നിയമപാലകരും സമൂഹവും മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. നാടുകാണിയില്‍ മഖ്ബറ തകര്‍ത്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ ഇത്തരത്തില്‍ ഇസ്ലാമിനെ തെറ്റായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. സുന്നികള്‍ പിന്തുടരുന്നത് ബഹുസ്വരതയിലും പരസ്പര ബന്ധങ്ങളിലും ഊന്നിയ വിശ്വാസ ധാരയാണ്. മര്‍കസിന്റെ പേരില്‍ സുന്നിയ്യ എന്ന് ചേര്‍ക്കാന്‍ കാരണം പ്രവാചക ചര്യകളെ സൂക്ഷമായി അനുധാവനം ചെയ്യുന്ന സ്ഥാപനം ആയതിനാലാണ് : കാന്തപുരം പറഞ്ഞു. 
സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം. കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി,സയ്യിദ് പികെഎസ്  തങ്ങൾ  തലപ്പാറ,പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം,കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ,  സി മുഹമ്മദ് ഫൈസി, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി ,പി ഹസൻ മുസ്‌ലിയാർ വയനാട്, വിപിഎം ഫൈസി വില്യാപ്പള്ളി,വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് , അബ്ദുല്ലത്തീഫ് സഅദി പഴശ്ശി,ഡോ  ഫാറൂഖ് നഈമി കൊല്ലം   സംബന്ധിച്ചു.
വൈകുന്നേരം നാലു മണിക്ക് ശഅറെ മുബാറക് ജല്‍സ സമാപിച്ചു. കേരളത്തിലെ പ്രഗത്ഭ  കാവ്യസംഘങ്ങള്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു . റൂബി ജൂബിലിയുടെ ഭാഗമായി വിവിധ മീലാദ് പരിപാടികള്‍ ഈ മാസത്തില്‍ മര്‍കസില്‍ നടക്കും.