പത്തുലക്ഷം വൃക്ഷത്തൈ നടല്‍; ദേശീയതല ഉദ്ഘാടനം ഡല്‍ഹിയില്‍ നടന്നു

0
1014
മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക ഭാഗമായി നടപ്പാക്കുന്ന പത്തുലക്ഷം വൃക്ഷത്തൈ നടല്‍ ദേശീയതല ഉദ്ഘാടനം ഡല്‍ഹിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്നു

ന്യൂഡല്‍ഹി: ‘സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം’ എന്ന ശീര്‍ഷകത്തില്‍ 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പദ്ധതികളിലൊന്നായ പത്തുലക്ഷം വൃക്ഷത്തൈ നടുന്നതിന്റെ ദേശീയതല ഉദ്ഘാടനം ന്യൂഡല്‍ഹിയില്‍ നടന്നു . ‘നമുക്കൊരുമിച്ച് ഒരു രാഷ്ട്രത്തെ നട്ടുവളര്‍ത്താം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിനിലൂടെ രാജ്യത്താകെ പരിസ്ഥിതി സംരക്ഷണത്തിനു നവമാതൃകകള്‍ രൂപപ്പെടുത്തുക എന്നതാണ് മര്‍കസ് ലക്ഷ്യമാക്കുന്നത്.

ആഗോള സമൂഹം നേരിടുന്ന മുഖ്യവെല്ലുവിളിയാണ് പരിസ്ഥിതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങളും തന്മൂലം ഉണ്ടാവുന്ന പ്രകൃതി ക്ഷോഭങ്ങളും. അതിനാല്‍ പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയാക്കി വരും തലമുറകള്‍ക്കു സുഖമമായി ജീവിക്കാനുള്ള പ്രതലമൊരുക്കുന്നതിനുള്ള കാമ്പയിനുകള്‍ നാല്‍പത്തിമൂന്നാം വാര്‍ഷിക ഭാഗമായി രാജ്യത്താകെ നടപ്പിലാക്കുമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

അന്താരാഷ്ട്ര രംഗത്തെ പ്രമുഖരായ പണ്ഡിതരും ആത്മീയ നേതാക്കളും അക്കാദമീഷ്യന്‍മാരും രാഷ്ട്രനേതാക്കളും സംബന്ധിക്കുന്ന സമ്മേളനം ഇന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക, മത, സാംസ്‌കാരിക സംഗമമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലും മധേഷ്യയിലും ആഫ്രിക്കയിലും ആസ്ട്രേലിയയിലും അമേരിക്കയിലും സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി വിവിധ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിരവധി വൈജ്ഞാനിക ശാഖകളിലായി, ഇന്ത്യയൂടെ 23 സംസ്ഥാനങ്ങളിലുള്ള ഇരുനൂറോളം സ്ഥാപങ്ങളില്‍ 40000 വിദ്യാര്‍ത്ഥികളാണ് നിലവില്‍ മര്‍കസില്‍ പഠനം നടത്തുന്നത്. ഒരു ലക്ഷത്തിലധികം വരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നു. വിദ്യാഭ്യാസം, ജീവകാരുണ്യം, മതകീയ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മര്‍കസ് മുന്നോട്ടു വെക്കുന്ന വ്യത്യസ്ത പദ്ധതികള്‍ ആഗോള തലത്തിലേക്ക് വിശാലമായി വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ സമ്മേളനത്തിന്റെ ഭാഗമായി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ബഹുമുഖ വൈജ്ഞാനിക സാംസ്‌കാരിക പദ്ധതിയായ മര്‍കസ് നോളജ് സിറ്റിയുടെ മുഖ്യസംരംഭങ്ങളുടെ ഉദ്ഘാടനങ്ങളും സമ്മേളന ഭാഗമായി നടക്കും. രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ 2020 മാര്‍ച്ചില്‍ നോളജ് സിറ്റിയില്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.