പത്തു സഖാഫികൾ നീതിവഴിയിൽ പുതുചരിത്രം തീർക്കാനെത്തുന്നു: മർകസ് ലോകോളേജ് പ്രഥമ ബാച്ച് എൻറോൾ ചെയ്‌തു

നോളജ് സിറ്റിയുടെ ആരംഭത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വൈവിധ്യവത്കരണം മർകസിലൂടെ സാധ്യമാക്കുക എന്ന പദ്ധതിയിലെ ആദ്യ സ്ഥാപനമായിരുന്നു ലോകോളേജ്

0
3778
മർകസ് ലോകോളേജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി എൻറോൾ ചെയ്‌ത്‌ പത്തു സഖാഫികൾ മർകസ് ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, ലോ കോളേജ് വൈസ് പ്രിൻസിപ്പൽ അഡ്വ സമദ് പുളിക്കാട് എന്നിവർക്കൊപ്പം കേരള ഹൈക്കോടതിക്കു മുമ്പിൽ
മർകസ് ലോകോളേജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി എൻറോൾ ചെയ്‌ത്‌ പത്തു സഖാഫികൾ മർകസ് ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, ലോ കോളേജ് വൈസ് പ്രിൻസിപ്പൽ അഡ്വ സമദ് പുളിക്കാട് എന്നിവർക്കൊപ്പം കേരള ഹൈക്കോടതിക്കു മുമ്പിൽ
SHARE THE NEWS

കൊച്ചി: മർകസ് ലോകോളേജിൽ നിന്ന് എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ പത്തു സഖാഫികൾ നിയമ സംവിധാനത്തിന്റെ വഴിയിൽ പുതിയ ചരിത്രപ്രയാണം ആരംഭിക്കുന്നു. ആദ്യബാച്ചിൽ പഠനം പൂർത്തിയാക്കിയ പതിനൊന്നു പേരിൽ പത്തുപേര് സഖാഫികളായിരുന്നു. ഇവരിൽ മർകസ് ചാൻസലറും പ്രമുഖ പണ്ഡിതനുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും ഉൾപ്പെടുന്നു.  മർകസ് ശരീഅത്ത്  കോളേജിൽ നിന്ന്  മതമീമാംസയിൽ പഠനം നടത്തുന്നതോടൊപ്പമാണ് കഴിഞ്ഞ മൂന്നുവർഷമായി നോളജ് സിറ്റിയിലെ മർകസ് ലോകോളേജിലും പത്തു സഖാഫികൾ പഠനം നടത്തിയത്. 
         ഇന്നലെ ഹൈക്കോടതി ഹാളിൽ   നടന്ന  എൻറോൾമെന്റിൽ  ജസ്റ്റിസ് രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. നിയമ പഠനം പൂർത്തിയാക്കിയ എഴുന്നൂറിലധികം പേര്  ചടങ്ങിൽ എൻറോൾ ചെയ്‌തു.  നിയമ രംഗത്തു ശ്രദ്ധേയ സാന്നിധ്യമായ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. 
        നിയമ പഠനം നേടൽ സമൂഹിക വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ജാഗ്രതയോടെ ഇടപെടലുകൾ നടത്താനുള്ള അവസരങ്ങൾ ഒരുക്കുന്നുവെന്നു ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. മർകസ് ലോകോളേജിലെ മൂന്നു വർഷത്തെ മികച്ച പഠനം ആഴത്തിലും സമഗ്രതയിലും നിയമ പഠനം നടത്താൻ സഹായിച്ചുവെന്നും തികവുള്ള ഫാക്കൽറ്റികളും ഭൗതിക സൗകര്യങ്ങളും അച്ചടക്കവും നോളജ് സിറ്റിയിലെ പ്രകൃതി സൗകുമാര്യ അന്തരീക്ഷവും മർകസ് ലോ കോളേജിലെ പഠനം ആഹ്ലാദകരവും ഫലപ്രദവുമാക്കിയത്.. കാന്തപുരം ഉസ്‌താദിന്റെ പ്രോത്സാഹവും പ്രാർത്ഥനയുമാണ്  മറ്റനേകം തിരക്കുകൾക്കിടയിലും ഭംഗിയായി നിയമ പഠനം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
   ശബ്ദമില്ലാവരുടെ ശബ്‌ദമാവാനും പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ഇടപെടാനും കെൽപ്പുള്ള നിയമ പണ്ഡിതരാണ് മർകസ് ലോകോളേജിൽ നിന്ന് ബിരുദപഠനം കഴിഞ്ഞിറങ്ങിയതെന്നു മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. നിയമ സാക്ഷരതയില്ലാത്തതിനാലും ഭൗതിക സാഹചര്യങ്ങൾ അനുവദിക്കാത്തതിനാലും ലക്ഷങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം ആളുകൾക്ക് നിയമ ബിരുദം നേടിയ ഇവർ രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
         നോളജ് സിറ്റിയുടെ ആരംഭത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വൈവിധ്യവത്കരണം മർകസിലൂടെ സാധ്യമാക്കുക എന്ന പദ്ധതിയിലെ ആദ്യ സ്ഥാപനമായിരുന്നു ലോകോളേജ്. നോളജ് സിറ്റിയുടെ ഹൃദയഭാഗത്ത് എല്ലാവിധ ആധുനിക, അക്കാദമിക  സൗകര്യങ്ങളോടെയുമാണ്  ലോകോളേജ് പണിതത്. മികച്ച അധ്യാപകരും ലൈബ്രറിയും മൂട്ട് കോർട്ടും  എല്ലാം സജ്ജീകരിച്ചു നിയമ രംഗത്തു ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നവരെ സൃഷ്ടിക്കുക എന്നതായിരുന്നു ലോ കോളേജിന്റെ ലക്ഷ്യം. അതിന്റെ ആദ്യ ഫലം അഭിമാനത്തോടെ സാക്ഷാത്കരിച്ചിരിക്കുന്നുവെന്നു മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. നിയമ വിജ്ഞാനം ജനകീയമാക്കാനും മുസ്‌ലിം വ്യക്തിനിയമം പോലുള്ള കാര്യങ്ങളിൽ കാര്യക്ഷമതയോടെ ഇടപെടാനും ഇസ്‌ലാമിക നിയമ ശാസ്ത്രത്തിൽകൂടി ആഴത്തിൽ അവഗാഹം നേടിയ ഈ പണ്ഡിതർക്കു കഴിയുമെന്ന് മർകസ് ലോകോളേജ് വൈസ് പ്രിൻസിപ്പാൾ അഡ്വ സമദ് പുലിക്കാട് പറഞ്ഞു. 
    ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുറാസിക് സഖാഫി സി, മുഹമ്മദ് രിഫാഇ സഖാഫി, അരുൺ പി,  മുഹമ്മദ് സുഹൈൽ തങ്ങൾ അവേലം, മുഹമ്മദ് മുഷ്‌താഖ്‌ സഖാഫി  ടി.എം, മുഹമ്മദ് ഷെഹ്‌സാദ് സഖാഫി  എം.ടി, മുഹമ്മദ് സ്വാലിഹ് സഖാഫി പി.കെ, ശംസീർ സഖാഫി എം, ഷൗക്കത്തലി സഖാഫി , ഉബൈദ് സഖാഫി എന്നിവരാണ് പഠനം പൂർത്തിയാക്കിയത്. 
    എൻറോൾമെൻറ് ചടങ്ങിന് സാക്ഷിയാവാൻ മർകസ് ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി,  മർകസ് ലോകോളേജ് വൈസ് പ്രിൻസിപ്പൽ അഡ്വ സമദ് പുലിക്കാട്, അഡ്വ മുഹമ്മദ് പുഴക്കര, നൂർ മുഹമ്മദ്, അഡ്വ റഊഫ് വി.കെ എന്നിവരെത്തിയിരുന്നു. എൻറോൾ ചെയ്തവരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു.
ഈ വർഷം മർകസ് നോളജ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്ന ശരീഅ സിറ്റിയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക്  ഇസ്‌ലാമിക പഠനത്തോടൊപ്പം മർകസ് ലോ കോളേജിൽ  എൽ.എൽ.ബി പഠനത്തിനും അവസരമുണ്ട്.

SHARE THE NEWS