പരിസ്ഥിതി ദുരന്തം: ജനങ്ങൾ ജാഗ്രത പാലിക്കുക: കാന്തപുരം

0
1583
SHARE THE NEWS

കോഴിക്കോട്: ശക്തമായ പേമാരിയെ തുടർന്ന് രൂപപ്പെട്ട പ്രളയത്തിൽ പെടാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. സർക്കാറിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുഴുവൻ നിർദേശനങ്ങളും പാലിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ അനാവശ്യമായി സഞ്ചരിക്കരുത്. ഉയർന്ന ശതമാനത്തിൽ മഴ പെയ്യുന്ന സ്ഥലങ്ങളിലെ കുന്നുകളുടെ ഭാഗത്ത് വീടുകളുള്ളവർ താൽക്കാലികമായി താമസം മാറ്റണം. ഡാമുകൾ മിക്കതും തുറന്നതിനാൽ അതിൽ നിന്നുള്ള നീരൊഴുക്കുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഭദ്രമായ ഇടങ്ങളിലേക്കു മാറണം. ദുരിതാശ്വാസ ക്യാംപുകളിൽ കഴയുന്നവർക്കു ഭക്ഷണവും ശുദ്ധജലവും തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള വസ്ത്രങ്ങളുമെത്തിച്ചു സാധ്യമാകുന്ന സാന്ത്വന പ്രവർത്തനം നടത്തണം. വീടുകളിൽ നിന്നും പള്ളികളിൽ നിന്നും പ്രളയക്കെടുതി അവസാനിക്കാൻ വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്നും  എന്നും കാന്തപുരം പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയ കാര്യക്ഷമമായ ഇടപെടലുകൾ ദുരന്തത്തിന്റെ വ്യാപ്തിയും ആളപായവും കുറക്കാൻ കാരണമായിട്ടുണ്ടെന്നും, ദേശീയ ഗവൺമെൻറ് കൂടുതൽ സഹായങ്ങൾ കേരളത്തിനായി അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ജുമുഅ നിസ്കാരാന്തരം മർകസ് മസ്ജിദിൽ നടത്തിയ പ്രാർത്ഥന സംഗമത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. പ്രാർത്ഥനക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തി.


SHARE THE NEWS