പര്യവേക്ഷണം വൈജ്ഞാനിക മികവിന്: ഉനൈസ് കല്‍പകഞ്ചേരി

0
2819
SHARE THE NEWS

‘Sixty years ago I knew everything; now I know nothing; education is a progressive discovery of our own ignorence’ (Will Durant )
സ്വന്തം അജ്ഞതയെ പടിപടിയായി കണ്ടെത്തുന്നതാണ് വിദ്യാഭ്യാസമെന്ന വില്‍ ഡ്യൂറാന്റിന്റെ നിരീക്ഷണത്തെ അപ്പടി ശരിവെക്കുന്ന കാഴ്ചകളാണ് സമകാലിക ജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. പഠനവും മനനവും ഗവേഷണങ്ങളും ഉത്തരോത്തരം പുരോഗമിക്കുമ്പോള്‍ രഹസ്യങ്ങളുടെ കലവറയായ ഈ പ്രപഞ്ചത്തെക്കുറിച്ച് അതിന്റെ പിന്നിലെ ചാലകശക്തിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും ഏറെ പഠിക്കാനുണ്ടെന്നുമുള്ള വിവേകമാണ് മനുഷ്യന് കൈവരേണ്ടത്. കൂടുതല്‍ വിനയാന്വിതനായി സ്രഷ്ടാവിന്റെ അപാരമായ ശക്തിസ്രോതസ്സുകള്‍ക്ക് മുമ്പില്‍ നമ്രശിരസ്‌കനാകുന്നവനത്രെ യഥാര്‍ത്ഥ വിജ്ഞന്‍.
ചരിത്രത്തില്‍ വില്‍ഡ്യുറാന്റിന്റെ വാക്കുകളുടെ നേര്‍പുലര്‍ച്ച കണ്ടെത്താന്‍ നമുക്ക് കഴിയും; പ്രത്യേകിച്ചും മുസ്‌ലിം വിദ്യാഭ്യാസ പാരമ്പര്യവും പൈതൃകവും പഠനവിധേയമാക്കുമ്പോള്‍. സാങ്കേതിക മികവും സൗകര്യങ്ങളുടെ ലഭ്യതയും അനുഭവിക്കുന്ന പുതുതലമുറയില്‍ നിന്നും കാമ്പും കാതലുമുള്ള ഒരു വൈജ്ഞാനിക മികവോ മാതൃകയാക്കാന്‍ പറ്റിയ എന്തെങ്കിലും വിദ്യാഭ്യാസ രീതികളോ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍, സമുദായം ശിലയില്‍ കൊത്തിവെച്ച് സ്മരിക്കേണ്ട ചരിത്രമാണ്, ലോകത്തിലെ ആദ്യത്തേതും, ഇന്നും സ്ഥിരതയോടെ നടത്തപ്പെടുന്നതുമായ സര്‍വ്വകലാശാല സ്ഥാപിച്ചത് ഒരു മുസ്‌ലിം വനിതയാണെന്ന യാഥാര്‍ത്ഥ്യം. ഫാത്വിമ ബിന്‍ത് മുഹമ്മദ് അല്‍ ഫിഹ്‌രിയ്യ എന്ന അറബ് മുസ്‌ലിം സ്ത്രീയാണ് ആദ്യമായി ബിരുദം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്‌സിറ്റി ഓഫ് അല്‍ ഖറാവിയ്യീന്‍ ക്രിസ്താബ്ദം 859-ല്‍ മൊറോക്കോയിലെ ഫെസ് നഗരത്തില്‍ സ്ഥാപിച്ചത്.
ആറാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ തന്നെ ബാഗ്ദാദ്, കൈറോ, ഡമസ്‌കസ്, കൊറദോവ, തുടങ്ങിയ നഗരങ്ങളില്‍ നിന്നും നൂറുകണക്കിന് മുസ്‌ലിം ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഈജിപ്ത്, മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ, ഗ്രീസ്, ഇന്ത്യ, ചൈന, എന്നിവിടങ്ങളിലെല്ലാം അഭൂതപൂര്‍വ്വമായ ശാസ്ത്രീയ മുന്നേറ്റങ്ങളും വിജ്ഞാന വിസ്‌ഫോടനങ്ങളും സൃഷ്ടിച്ചു. ചരിത്രത്തിന്റെ രാജരഥ്യകളില്‍ ഒരു പര്യവേക്ഷണം നടത്തുക വഴി വൈജ്ഞാനിക മികവിന്റെ നൂറുകണക്കിന് മുന്‍മാതൃകകള്‍ നമുക്കുമുന്നില്‍ അനാവൃതമാകുന്നത് കാണാനാകും. അവയൊക്കെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏതൊരു കണ്ടുപിടുത്തങ്ങളെയും നിഷ്പ്രഭമാക്കുന്നവയോ, ആധുനിക ശാസ്ത്ര പാഠങ്ങളുടെയും സാങ്കേതികതയുടെയും ആധാരശിലകളോ ആണെന്നത് കേവലം സത്യം മാത്രമത്രെ!
പരിമിതമായ വിഭവങ്ങളും വികസ്വരമായ അറിവുകളും കൂട്ടിവയ്ച്ചുകൊണ്ടാണ് അവര്‍ ഈ മഹത്തായ നേട്ടങ്ങള്‍ സാധ്യമാക്കിയത് എന്നത് ആ പരീക്ഷണങ്ങളുടെ മാറ്റ് പത്തിരട്ടി കൂട്ടുന്നു. പര്യവേക്ഷണ പടുക്കളായ അത്തരം പൂര്‍വ്വസൂരികളില്‍ നിന്നും പ്രചോദനം സ്വീകരിച്ച് അറിവിന്റെയും അന്വേഷണങ്ങളുടെയും ആഴവും പരപ്പും വര്‍ധിപ്പിക്കേണ്ട ഒരു സമൂഹം വിദ്യാഭ്യാസത്തോടും പുരോഗതിയോടും പുറം തിരിഞ്ഞു നില്‍ക്കുന്നവരായിക്കൂടാ. പുഷ്‌കലമായ ആ ജ്ഞാനപാരമ്പര്യത്തില്‍ നിന്നും പെറുക്കിയെടുക്കാനാകുന്ന ഉതിര്‍മണികള്‍ അനവധിയാണ്.
അബൂ അലി അല്‍ ഹസ്സന്‍ ഇബ്‌നുല്‍ ഹൈസം (965 എ.ഡി )ആധുനിക ഒപ്ടിക്‌സിന്റെയും ക്യാമറയുടെയും ഉപജ്ഞാതാവാണ്. കിതാബുല്‍ മനാളിറി (Book of Optics)ന്റെയും അല്‍ബയ്ത് അല്‍ മുള്‌ലിമി (Camera Obscura) ന്റെയും കര്‍ത്താവായ ഇബ്‌നുല്‍ ഹൈസം കാഴ്ചയുടെ പുത്തന്‍ ജനാലകള്‍ ലോകത്തിന് മുമ്പില്‍ തുറന്നുവച്ചു. മുഹമ്മദ് ബിന്‍ മൂസാ അല്‍ ഖവാരിസ്മി (850 എ.ഡി)യെ കമ്പ്യൂട്ടര്‍ ഭാഷയുടെയും അല്‍ജിബ്രയുടെയും പിതാവായിട്ടാണ് ശാസ്ത്രം ഗണിക്കുന്നത്. അല്‍ജിബ്രാ വല്‍ മുഖാബലയാണ് ആധുനിക അല്‍ജിബ്രയുടെ വേദഗ്രന്ഥം. അബൂ മൂസാ ജാബിര്‍ ബിന്‍ ഹയ്യാന്‍- രസതന്ത്രജ്ഞന്‍, ഗോളശാസ്ത്രജ്ഞന്‍, വാനനിരീക്ഷകന്‍, എന്‍ജിനീയര്‍, ഭൂമിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ഭിഷ്വംഗരന്‍ എന്നീ നിലകളില്‍ കനപ്പെട്ട സംഭാവനകള്‍ സമര്‍പ്പിച്ച ശാസ്ത്രപടുവാണ്. രസതന്ത്രത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇബ്‌നു ഇസ്ഹാഖ് അല്‍ കിന്ദിയും അല്‍ഫാറാബിയും, ഇബ്‌നു റുഷ്ദും മധ്യകാലഘട്ടത്തിലെ പ്രമുഖരായ പര്യവേക്ഷകരും തത്വചിന്തകന്മാരും ആയിരുന്നു. സാബിത് ഇബ്‌നു ഖുറ: ഗണിതശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും വഴികാട്ടിയായി. ‘ടോളമിസ്റ്റാറ്റിക്‌സ്’ ഖുറ:യുടെ സംഭാവനയാണ്. പ്രമുഖ പേര്‍ഷ്യന്‍ തത്ത്വചിന്തകരായിരുന്നു അബൂബക്കര്‍ അല്‍ റാസിയും ഒമര്‍ ഖയ്യാമും. അല്‍കെമിസ്റ്റ് എന്ന നിലയില്‍ അല്‍റാസി കീര്‍ത്തി നേടിയപ്പോള്‍ ഗണിതം, ഗോളശാസ്ത്ര വിജ്ഞാനം എന്നീ നിലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഒമര്‍ ഖയ്യാമിന്റെ ‘റുബാഇയ്യാത്’ വിശ്വപ്രസിദ്ധമായ പേര്‍ഷ്യന്‍ ക്ലാസിക് കവിതയാണ്. വൈദ്യശാസ്ത്രത്തിന്റെ പിതാവായും മനശാസ്ത്രവിശാരദനായും ഭൂമിശാസ്ത്രവും ഫാര്‍മക്കോളജിയും ഭൗതികശാസ്ത്രവും വാനശാസ്ത്രവും ഇഴപിരിച്ച ശാസ്ത്ര ഗവേഷകനായും തത്വചിന്തയിലും രസതന്ത്രത്തിലും കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത ‘അവിസെന്ന’ ഇസ്‌ലാമിക ചിന്തകനും കവിയും മത പണ്ഡിതനുമായ ഇബ്‌നു സീനയാണെന്ന വസ്തുത പിന്‍ഗാമികളിനിയും വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല. ഇസ്‌ലാമിക സുവര്‍ണകാലമെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന നൂറ്റാണ്ടുകളില്‍ വിരചിതമായ The Book of Healing Dw The Canon of Medicineഉം ആധുനിക വൈദ്യശാസ്ത്രത്തിന് അനന്യമായ സംഭാവനകള്‍ നല്‍കിയവയാണ്. പൗരാണിക ഇസ്‌ലാമിക സ്രോതസ്സുകളില്‍ നിന്നുമുള്ള പത്ത് ലക്ഷത്തിലധികം വരുന്ന മെഡിക്കല്‍ സംജ്ഞകളുള്‍ക്കൊള്ളുന്ന ബൃഹത്തായ എന്‍സൈക്ലോപീഡിയയാണീഗ്രന്ഥം. തന്റെ പത്താം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കിയ ഇബ്‌നു സീന ഭക്തിയും വിശുദ്ധിയും കാത്തുസൂക്ഷിച്ച ഇസ്‌ലാമിക പാണ്ഡിത്യത്തിനുടമയായിരുന്നു.
ശസ്ത്രക്രിയയില്‍ വ്യുല്‍പത്തിയുണ്ടായിരുന്ന ഇബ്‌നു സുഹര്‍, സസ്യശാസ്ത്രത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡോക്ടര്‍ ഇബ്‌നു അല്‍ ബയ്താര്‍, പണ്ഡിതനും രിഹ്‌ലയുടെ കര്‍ത്താവും ലോക പര്യവേക്ഷകനുമായിരുന്ന ഇബ്‌നു ബത്തൂത്ത, തന്റെ ‘ആമുഖം’ കൊണ്ട് വിശ്വപ്രസിദ്ധനായ ഇബ്‌നു ഖല്‍ദൂന്‍…. ഇസ്‌ലാമിക ലോകത്ത് നിന്നും വൈജ്ഞാനിക പ്രഭ വിതറിയ രജത താരങ്ങളുടെ നിര അനന്തമായി നീളുകയാണ്.
റൈറ്റ് സഹോദരന്മാരുടെ പറക്കല്‍ പരീക്ഷണത്തിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ ഒമ്പതാം നൂറ്റാണ്ടില്‍ തന്റെ ‘ഫ്‌ളൈയിംഗ് ഷിപ്പ് ‘ വിജയകരമായി പരീക്ഷിച്ച മുസ്‌ലിം ശാസ്ത്രജ്ഞനാണ് അബ്ബാസ് ബിന്‍ ഫര്‍നാസ്. പക്ഷികളെപ്പോലെ പറക്കാന്‍ കൊതിച്ച് അതിനുതകുന്ന തരത്തില്‍ തന്റെ ശരീരത്തില്‍ ചിറകുകള്‍ ഘടിപ്പിച്ച് ഉയരത്തില്‍ നിന്നും താഴേക്ക് പറന്ന ഫര്‍നാസിന് ആ പരീക്ഷണം തന്റെ ജീവന്‍ കൊണ്ടുള്ള കളിയായിരുന്നു. ടൂത്ത് ബ്രഷിന്റെ ഏറ്റവും ആദ്യത്തെ മോഡല്‍ ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്നും കടം കൊണ്ട അറാക്കായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ യമനീ കണ്ടുപിടുത്തമാണ് ലോകത്തിനിന്നും ഉന്മേഷമായി നിലകൊള്ളുന്ന കോഫി. അല്‍ ഇദ് രീസിയുടെ ലോക ഭൂപടം ഭൂമി ശാസ്ത്ര മേഖലയില്‍ ചെലുത്തിയ സ്വാധീനം എങ്ങനെയാണ് മറക്കാനാവുക? ആ പട്ടിക നീളുകയാണ്.
പിന്നീടെപ്പോഴാണ് മഹിത വിജ്ഞാനിയങ്ങളുടെ ഈ സുവര്‍ണപാരമ്പര്യത്തില്‍നിന്നും മുസ്‌ലിം ലോകം നിഷ്‌കാസിതരായത് ? അക്കാദമിക സാമ്രാജ്യത്തിലെ രാജമാണിക്യം മുസ്‌ലിങ്ങള്‍ക്ക് കൈമോശം വന്നതോ, അനര്‍ഹരാരെങ്കിലും തട്ടിയെടുത്തതോ? ആഡംബര ഭ്രമവും സുഖലോലുപതയും ഗ്രസിച്ച് ആലസ്യത്തിലകപ്പെട്ട വേളകളില്‍ ഇടക്ക് കയറി വന്നവര്‍ ബൗദ്ധികവും അക്കാദമികുമായ നിധിശേഖരങ്ങളുടെ ഉടമസ്ഥാവകാശം സ്വയം എടുത്തണിയുകയാണുണ്ടായത്. സമഗ്രമായ വിവര്‍ത്തനങ്ങളിലൂടെ, സമ്പൂര്‍ണമായ കോളനിവല്‍ക്കരണങ്ങളിലൂടെ ഈ ജ്ഞാനസമ്പത്തുകള്‍ അന്യാധീനപ്പെടുകയായിരുന്നു. ഇതെല്ലാം റീബ്രാന്റിംഗ് ചെയ്ത് വില്‍പ്പനയും പേറ്റന്റും കൊണ്ടുപോകാന്‍ ഉണര്‍ന്നിരുന്നവര്‍ക്ക് സാധിച്ചു. ചരിത്രത്തില്‍ അവര്‍ വാഴ്ത്തപ്പെട്ടവരും യഥാര്‍ത്ഥ അവകാശികള്‍ വീഴ്ത്തപ്പെട്ടവരുമായി!
എന്നാല്‍, ഇതിന്നപവാദമായി പാരമ്പര്യവും ജന്മനാടിന്റെ വ്യക്തിത്വവും മുറുകെ പിടിച്ചു സമൂഹത്തിന്റെ ഓരംപറ്റി ജീവിച്ച ഒരു ന്യൂനപക്ഷം ഇവിടെയുണ്ടായിരുന്നു. പ്രകടന പരതയിലോ പ്രത്യക്ഷപ്പെടലിലോ അവര്‍ തല്‍പ്പരാരായരുന്നില്ല. തങ്ങളുടെതായ ലോകത്ത് ദൈവഭക്തിയും ആത്മാര്‍ത്ഥതയും കൈമുതലാക്കി ഇസ്‌ലാമിക വിജ്ഞാനങ്ങളോടൊപ്പം തന്നെ, പൂര്‍വ്വകാല പണ്ഡിതരാല്‍ രചിക്കപ്പെട്ട മേല്‍പറഞ്ഞ ആധുനിക വിദ്യാഭ്യാസങ്ങളും അവര്‍ പള്ളികളില്‍തന്നെ പഠിച്ചുപോന്നു. ഈ പൈതൃകത്തിന്റെ അഭിനവ രൂപമാണ് മര്‍കസ് സ്ഥാപനങ്ങളുടെ ശില്‍പ്പികള്‍ സാധ്യമാക്കിയത്. പള്ളിദര്‍സുകളില്‍ നിന്നുള്ള ഊര്‍ജവും പാരമ്പര്യത്തിന്റെ അന്തസ്സത്തയും ആധുനിക പാഠങ്ങളുമായി വിളക്കിച്ചേര്‍ത്തതിന്റെയും പരീക്ഷണാത്മകമായ പുതുസമൂഹത്തില്‍ അവപുനക്രമീകരിച്ചതിന്റെയും വിജയഗാഥകളാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ് മോഡല്‍ പറയുന്നത്. ഇതൊരു ധീര നൂതന പരീക്ഷണമായിരുന്നു. ക്രൗര്യവും ശൗര്യവും കൂരമ്പുകളെയ്ത് പരിഹാസം ചൊരിഞ്ഞപ്പോഴും വിമര്‍ശനങ്ങളും പീഠനങ്ങളും കൊണ്ടു വഴിമുടക്കിയപ്പോഴും അപവാദങ്ങളും ആരോപണങ്ങളും കൊണ്ട് ആത്മവീര്യം കെടുത്താന്‍ ശ്രമിച്ചപ്പോഴും ഇടറാതെ, പതറാതെ, തന്റെ കര്‍മ്മങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്തുകൊണ്ട് ആസൂത്രണം ചെയ്ത ദൗത്യങ്ങളുമായി മുന്നോട്ടു പോവുകയും അതിന് സ്വദേശീയവും വിദേശീയവുമായ സഹകാരികളെ കണ്ടെത്തുകയും ചെയ്ത് പദ്ധതികള്‍ക്ക് പുറമേ പദ്ധതികള്‍ വിജയിപ്പിച്ചെടുത്ത നാല്‍പതാണ്ടിന്റെ ചരിത്രം കാന്തപുരത്തിന് മാത്രം അവകാശപ്പെടാവുന്നതാണ്.
മാനവിക വിഷയങ്ങളിലൂടെയായിരുന്നു തുടക്കം. അത് പതിയെ കൊമേഴ്‌സ്, ശാസ്ത്രീയ സാങ്കേതിക പഠനങ്ങള്‍ മത പഠനങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്ന നിലയിലേക്കെത്തി. ക്രമേണ വൈദ്യവും, നിയമപഠനങ്ങളും, എന്‍ജിനീയറിങ്ങും, പോളിടെക്‌നിക് വിദ്യാഭ്യാസങ്ങളടക്കം ആധുനികമോ ന്യൂ ജെനെന്നോ വര്‍ഗീകരിക്കപ്പെട്ട ഏത് വിദ്യാഭ്യാസവും ഒരു പള്ളി ദര്‍സ് വിദ്യാര്‍ത്ഥിക്കോ ഇസ്‌ലാമിക ശരീഅ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കോ അപ്രാപ്യമല്ലെന്നും, ഒരുവേള, അത്തരം വിദ്യാര്‍ഥികളാണ് മികച്ച വിജയംവരിക്കുന്നതെന്നും സമൂഹത്തെ ബോധ്യപ്പെടുത്തി. പര്യവേക്ഷണങ്ങളുടെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പഠിതാക്കളും ഹാഫിളുകളുമായി പുറത്തിറങ്ങി. ഇവരൊക്കെയും ശരാശരി ഒരു യൂണിവേഴ്‌സിറ്റി ബിരുദമെങ്കിലും കയ്യിലുള്ളവരുമായി. സ്വദേശത്തും വിദേശത്തുമുള്ള ജോബ് മാര്‍ക്കറ്റുകളില്‍ ഈ മര്‍കസ് ഉത്പന്നങ്ങള്‍ക്ക് വലിയ ഡിമാന്റുകളായി.

‘In wisdom gathered over time I have found that every experience is a form of exploration’ എന്ന ആന്‍സല്‍ ആഡംസിന്റെ വാക്കുകളില്‍ ഓരോ പരീക്ഷണവും പര്യവേക്ഷണത്തിന്റെ ഓരോ മാതൃകകളാണെന്ന സത്യം ശൈഖ് അബൂബക്കര്‍ അഹ്മദ് കാലംകൊണ്ട് തെളിയിക്കുകയായിരുന്നു. ഇന്ന്, ‘അറിവിന്റെ നഗരി’യെന്ന പുതിയ പര്യവേക്ഷണത്തില്‍, ചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃകകള്‍ തുന്നിച്ചേര്‍ക്കുകയാണ് ഉസ്താദ് . എവിടെ നിന്നാണോ വിദ്യയുടെ സ്ഫുരണങ്ങള്‍ ആദ്യമായി പ്രസരിച്ചത് ആ സ്രോതസ്സിനെ കാലോചിതമായി പുന:സൃഷ്ടിക്കുക. ആ വിളക്കുമാടത്തിനു ചുറ്റും പാരമ്പര്യവും ആധുനികവുമായ അറിവുകളെ ഇഴപിരിക്കാനാവാത്തവിധം കൂട്ടിച്ചേര്‍ക്കുക. മര്‍കസ് എന്ന സംജ്ഞയെ അന്വര്‍ത്ഥമാക്കും വിധം ഒരു കേന്ദ്രം ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുക. ആ കേന്ദ്രത്തിന്റെ താഴികക്കുടം തന്നെ ഒരു മഹല്‍ മാതൃകയെ വരച്ചു കാണിക്കുക. ആത്മാഭിമാനത്തിന്റെ ചിഹ്നങ്ങളണിഞ്ഞ് അതിന്റെ ഉത്പന്നങ്ങള്‍ സമൂഹത്തിലും ദേശത്തിലും ദേശാന്തരങ്ങളിലും പര്യവേക്ഷണത്തിലാണ്. വൈജ്ഞാനിക മികവിന് വേണ്ടിയുള്ള ഗവേഷണങ്ങളിലാണ്. അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ആശ്വാസങ്ങളിലാണ്. സമ്പന്നമായ ഒരു പാരമ്പര്യത്തെ തിരിച്ചുപിടിക്കാനും സുസ്ഥിരമായ ജീവതാളം സംയോജിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലാണ്.
അതിന്റെ പുലര്‍ച്ചകള്‍ അടയാളപ്പെടുത്തുന്നതാണ് സമൂഹത്തിലെ പുതുകാഴ്ചകള്‍. തലപ്പാവണിഞ്ഞ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, എല്‍.എല്‍.ബി കഴിഞ്ഞ ശരീഅ വിദ്യാര്‍ത്ഥികള്‍, പ്രവാചക മാതൃകകള്‍ കൊണ്ട് പാര്‍ശ്വഫലങ്ങളില്ലാത്ത വൈദ്യ വിദ്യാഭ്യാസം, തൊപ്പിയും താടിയും വെച്ച് അന്തസ്സോടെ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങുന്നവര്‍. ശുഭ്രവസ്ത്രങ്ങളോ മതകീയ ചിഹ്നങ്ങളോ ഒരു സാങ്കേതിക മേഖലയിലും കോര്‍പറേറ്റ് സംസ്‌കാരത്തിലും മാറ്റിനിര്‍ത്തപ്പെടില്ലെന്ന ബോധ്യവുമായി സമൂഹത്തിന്റെ നാനാ തുറകളിലായി നിരവധി പ്രൊഫഷണലുകള്‍…. ഇവിടെ ഒരു വിജ്ഞാനവും അന്യമാകുന്നില്ല , ഒരു വേഷവും പരിമിതിയാകുന്നില്ല.
അഭിരുചിയും ശേഷിയും മനസ്സിലാക്കിയതില്‍ നിന്നും സ്ത്രീ വിദ്യാഭ്യാസത്തിന്റെ പുതിയ മോഡലുകള്‍ മര്‍കസ് രൂപപ്പെടുത്തിയപ്പോള്‍ ആയിരങ്ങളാണ് ഈ വരിയില്‍ ക്യൂ നില്‍ക്കുന്നത്. സൂക്ഷ്മതയും സുരക്ഷിതത്വവും ഇവിടെ സമ്മേളിക്കുന്നു. അതോടൊപ്പം വിദ്യാഭ്യാസത്തിന്റെ എല്ലാ വിഭാഗങ്ങളും സ്വീകരിക്കാന്‍ അവരെ സജ്ജമാക്കുകയും ചെയ്യുന്നു.
ശിശുസൗഹൃദവുമായ വിദ്യാഭ്യാസ സംസ്‌കാരവും ഗവേഷണത്തിന്റെ ഘടകങ്ങളും ചെറു മാതൃകകളും സമന്വയിപ്പിക്കുന്ന ക്ലാസ് മുറികളും ഭാവി സാങ്കേതികതയെ സമൂഹത്തിനനുഗുണമാക്കി പരിവര്‍ത്തിപ്പിക്കുന്ന കാഴ്ചപ്പാടുകളും മര്‍കസ് മോഡലിനെ വ്യത്യസ്തമാക്കുന്നു. ഈ രീതികളുടെ തുടര്‍ച്ചകളിലേക്കാണ് പര്യവേക്ഷണം സാധ്യമാക്കേണ്ടത്.
‘A person does not grow from the ground like a vine or a tree, one is not part of a plot of land. Mankind has legs so it can wander’. (Roman Payne) ശൈഖ് അബൂബക്കര്‍ അഹ്മദ് പ്രയാണം തുടരുകയാണ്. മുന്നോട്ടുവെച്ച കാലുകള്‍ മുന്നോട്ടുതന്നെ. ഖേദിക്കേണ്ട ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല തിരുത്തേണ്ട തീരുമാനങ്ങളും. പര്യവേക്ഷണം നടത്താന്‍ ഇനിയും ഭൂമികകളേറെയുണ്ടെന്ന ഉറച്ച ബോധ്യം തന്റെ അനുയായികള്‍ക്കായി പകര്‍ന്നുനല്‍കിക്കൊണ്ട്..


SHARE THE NEWS