പാപമോചനം തേടി ആയിരങ്ങൾ: മർകസ് പ്രാർത്ഥന സമ്മേളനം സമാപിച്ചു

0
2414
റമസാനിലെ ഇരുപത്തിയഞ്ചാം രാവിൽ മർകസിൽ സംഘടിപ്പിച്ച പ്രാർത്ഥന സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
റമസാനിലെ ഇരുപത്തിയഞ്ചാം രാവിൽ മർകസിൽ സംഘടിപ്പിച്ച പ്രാർത്ഥന സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
SHARE THE NEWS

കുന്നമംഗലം: റമളാന്‍ ഇരുപത്തഞ്ചാം രാവില്‍  മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആയിരങ്ങളെത്തി. പാപമോചന പ്രതീക്ഷയുമായി എത്തിയ വിശ്വാസികള്‍ പ്രത്യേക പാപശുദ്ധീകരണ പ്രാര്‍ത്ഥനയായ തൗബയിലും കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണത്തിലും പങ്കെടുത്തു. നിപ്പ വൈറസ് കാരണം ഒരുമാസമായി  ഭീതിയിലായ കേരളത്തിന്റെ സാമൂഹിക പരിസരത്തിൽ  സമാധാനം പ്രാപ്യമാക്കാൻ പ്രത്യേക പ്രാർത്ഥന പരിപാടിയിൽ നടന്നു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആത്മീയ സമ്മേളനത്തിന് നേതൃത്വം നൽകി. കാന്തപുരത്തിന്റെ വാർഷിക റമസാൻ പ്രഭാഷണവും ചടങ്ങിൽ നടന്നു.  
         വിശ്വാസികളുടെ ജീവിതം കളങ്കരഹിതമാവണമെന്നും മതത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവർ നന്മയുടെ വക്താക്കളായി പ്രാപഞ്ചിക ലോകത്തും പരലോക ജീവിതത്തിലും നിലകൊള്ളുമെന്നു അദ്ദേഹം പറഞ്ഞു. റമസാൻ മാസത്തിൽ പരിമിതപ്പെടുത്താതെ ജീവിത വിശുദ്ധി  എല്ലാ കാലത്തും ശാശ്വതമാക്കുന്നവരാണ് വിശ്വാസത്തിന്റെ പൂർണ്ണതയിലെത്തിയവർ. പ്രകൃതി സൗഹൃദ ജീവിതം മനുഷ്യർ പരിശീലിക്കുകയും ഹൃദയം ശുദ്ധീകരിക്കുന്നതോടൊപ്പം  വീടും പരിസരവും സമൂഹം ഇടപെടുന്ന മേഖലകളും വൃത്തിയായി പരിചരിക്കുകയും വേണം. നിപ്പ വൈറസ് ബാധ പ്രതിരോധിക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും ആരോഗ്യവകുപ്പും നടത്തിയ കുറ്റമറ്റ രീതിയിലുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ജീവൻ പോലും പണയം വെച്ച്  സഹജീവികളുടെ ആരോഗ്യസംരക്ഷണത്തിനായി അധ്വാനിച്ച സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ ജീവനക്കാരുടെയും സേവനങ്ങൾ മാതൃകാപരമാണ്: കാന്തപുരം പറഞ്ഞു.
      മർകസ് പ്രസിഡന്റ് സയ്യിദ്‌ അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് വൈസ് പ്രസിഡന്റ്  സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ആരംഭ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ  സി. മുഹമ്മദ്‌ ഫൈസി ആമുഖ പ്രഭാഷണം നടത്തി.  മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ ഹരി, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ പ്രസംഗിച്ചു. തൗബ, തഹ്‌ലീല്‍, ഇസ്‌തിഗ്‌ഫാര്‍ മജ്‌ലിസുകള്‍ക്ക്‌ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതൃത്വം നല്‍കി. ഉച്ചക്ക് ഒരു മണി മുതൽ പുലർച്ചെ ഒരു മണി വരെ നടന്ന ആത്മീയ സമ്മേളനത്തിലെ വിവിധ ചടങ്ങുകൾക്ക്  സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്‌, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ടി.കെ അബ്‌ദുറഹ്‌മാൻ  ബാഖവി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മജീദ് കക്കാട്, ജി അബൂബക്കർ  എന്നിവർ നേതൃത്വം നൽകി.
 

SHARE THE NEWS