പിതാവ് സ്ഥാപിച്ച മർകസിന്റെ ഖൽഫാൻ കാമ്പസ് കാണാൻ ദുബൈ സുരക്ഷാ മേധാവിയെത്തി

0
5849
മർകസ് കൺവെൻഷൻ സെന്ററിൽ നൽകിയ സ്വീകരണത്തിൽ ദുബൈ സുരക്ഷാ മേധാവി ദാഹി ഖൽഫാൻ തമീം പ്രസംഗിക്കുന്നു
മർകസ് കൺവെൻഷൻ സെന്ററിൽ നൽകിയ സ്വീകരണത്തിൽ ദുബൈ സുരക്ഷാ മേധാവി ദാഹി ഖൽഫാൻ തമീം പ്രസംഗിക്കുന്നു
SHARE THE NEWS

കോഴിക്കോട്:  ദുബൈ സുരക്ഷാ തലവനും ലിറ്റനന്റ് ജനറലുമായ  ദാഹി ഖല്‍ഫാന്‍ തമീം മർകസ് സന്ദർശിച്ചു. തന്റെ പിതാവ് ഇരുപത് വർഷം മുമ്പ് സ്ഥാപിച്ച കൊയിലാണ്ടിയിലെ ഖൽഫാൻ ഖുർആനിക പഠന കേന്ദ്രം സന്ദർശിക്കാനും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ  മർകസ് സ്ഥാപനങ്ങളിലൂടെ നടക്കുന്ന  വൈജ്ഞാനിക സേവന പ്രവർത്തനങ്ങൾ മനസ്സിലാക്കാനും വേണ്ടിയായിരുന്നു ദാഹി ഖല്‍ഫാന്‍ കോഴിക്കോട് എത്തിയത്. മർകസിന്റെ വിവിധ കാമ്പസുകൾ അദ്ദേഹം സദർശിച്ചു.
     കൊയിലാണ്ടി പാറപ്പള്ളിയിൽ പിതാവ് ഖൽഫാൻ തമീം സ്ഥാപിച്ച ഖുർആൻ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം അദ്ദേഹം മണിക്കൂറുകൾ ചെലവഴിച്ചു. മർകസ് സ്ഥാപങ്ങളിലെ വിദ്യാർത്ഥികളുടെ  ഖുർആൻ പാരായണ ശൈലി അതീവ മനോഹരമാണെന്നും ശാസ്ത്രീയമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ മാനസിക ആത്മീയ ശേഷി പുഷ്ടിപ്പെടുത്തും വിധം ഖുർആൻ പഠിപ്പിക്കുന്നത് കൊണ്ടാണിത് സാധ്യമാകുന്നെതെന്ന് ദാഹി ഖൽഫാൻ പറഞ്ഞു. 
തുടർന്ന് കാരന്തൂരിലെ മർകസ് പ്രധാന കാമ്പസിൽ ദാഹി ഖൽഫാന് വിപുലമായ സ്വീകരണം നൽകി. ഇന്ത്യക്കാർ സഹിഷ്‌ണുതയും സ്‌നേഹവും ഉയർത്തിപ്പിടിക്കുന്നവരാണെന്നും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുമ്പോൾ തന്നെ ബഹുസ്വരമായ ജീവിത സംസ്‌കാര രീതികൾ വെച്ചുപുലർത്തുന്നവരാണെന്നും  അദ്ദേഹം പറഞ്ഞു. മർകസ് സ്ഥാപനങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമിന്റെ ശരിയായ സമീപനങ്ങളെയാണ്. ഭീകരവാദ ചിന്തകളെ മൗലികമായി പ്രതിരോധിക്കുന്നതിൽ നാൽപത് വർഷമായി ഇന്ത്യയിൽ ഒട്ടാകെ ഈ സ്ഥാപനം നടത്തുന്ന വൈജ്ഞാനിക സേവന പ്രവർത്തനങ്ങൾ വിജയിച്ചിട്ടുണ്ട്.  കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃമികവോടു കൂടിയ ഊർജസ്വലമായ പ്രവർത്തനങ്ങൾ ആണ് മർകസിനെ ഔന്നത്യങ്ങളിലേക്കുയർത്തിയത്. ദുബൈയിലെ പള്ളികളും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മർകസ് പൂർവ്വ വിദ്യാർത്ഥികളുടെ സേവനങ്ങൾ മാതൃകാപരമാണ്. താൻ പ്രതീക്ഷിച്ചതിലും മഹത്തരമായ സ്ഥാപനമാണിത് . മർകസിന്റെ സേവന പ്രവർത്തങ്ങൾക്ക് ഇനിയും ഹൃദ്യമായ പിന്തുണകളുണ്ടാകും : ദാഹി ഖൽഫാൻ പറഞ്ഞു. 
        കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി ആത്മബന്ധമുള്ള വ്യക്തിത്വമാണ് ദാഹി ഖൽഫാനെന്നും ദുബൈയെ ലോകത്തെറ്റവും സുരക്ഷയുള്ള നഗരമാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണെന്നും കാന്തപുരം പറഞ്ഞു.
       യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിൻ സായിദ് നഹ്‌യാനുമായും   ദുബായ് ബഹരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അലു  മക്തൂമുമായും ഏറ്റവും ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ്  ദാഹി ഖൽഫാൻ. 1980 മുതൽ അദ്ദേഹം ദുബൈ പോലീസ് കമാൻഡർ ഇൻ ചീഫ് ആയി പ്രവർത്തിച്ചുവരുന്നു. ലോകത്തെ മികച്ച സുരക്ഷാ സംവിധാനമാക്കി ദുബൈയെ മാറ്റിയതിനു നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ദാഹി ഖൽഫാന് ലഭിച്ചിട്ടുണ്ട്. യു.എ.ഇ രാഷ്ട്രീയ-സുരക്ഷാ  രംഗത്തെ ശ്രദ്ധേയനായ ഡൽഹി ഖൽഫാനെ ഇരുപത്തിയാറ് ലക്ഷം പേര് ട്വിറ്ററിൽ ഫോളോ ചയ്യുന്നുണ്ട്. 
       മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ദാഹി ഖൽഫാന് ഉപഹാരം നൽകി.  ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി.  കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി,  വി.പി.എം ഫൈസി വില്യാപ്പള്ളി, ഹസ്സൻ സഖാഫി തറയിട്ടാൽ എന്നിവർ സംബന്ധിച്ചു.

SHARE THE NEWS