പുതിയ സാഹചര്യങ്ങളില്‍ ആധുനിക നിയമ വ്യവസ്ഥയുടെ പോരായ്മകള്‍ പ്രകടം: ഡോ. ഹുസൈന്‍ സഖാഫി

0
991
കോഴിക്കോട് : സങ്കീർണ്ണമായ പുതിയ സാമൂഹിക സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ആധുനിക  നിയമ വ്യവസ്ഥകളുടെ കഴിവുകേട് കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നു  പ്രമുഖ നിയമപണ്ഡിതനും മർകസ് വൈസ് ചാൻസലറുമായ  ഡോ . ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു.  മർകസ് റൂബി ജൂബിലി സമ്മേളനത്തോടനുബന്ധിച്ചു  കോഴിക്കോട് സംഘടിപ്പിച്ച പ്രഭാഷണ ‘പരമ്പരയിൽ ഇസ്‌ലാമിക ശരീഅത്തും ആധുനിക നിയമ വ്യവസ്ഥയും; സംഘർഷവും സഹവർത്തിത്ത്വവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക എന്നതാണ് ഏതൊരു  ഭരണഘടനയുടെയും  പ്രധാന ലക്‌ഷ്യം. എന്നാൽ ഒരു കേസിനെ അപൂർവ്വങ്ങളിൽ അപൂർവം എന്ന് വിശേഷിപ്പിച്ചു വധശിക്ഷ നടപ്പിലാക്കാനുള്ള മാനദണ്ഡങ്ങൾ   ഇവിടെ കൃത്യമായി നിർവചിക്കപെട്ടിട്ടില്ല എന്നു 1970 മുതൽ   സുപ്രീംകോടതി ഉൾപ്പടെയുള്ള വിവിധ കോടതികളിൽ  ന്യാധിപന്മാരായി സേവനമനുഷ്‌ടിച്ച അറുപതോളം ജഡ്ജിമാർ  തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഈ കാലയളവിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് നമ്മുടെ നിയമ വ്യവസ്ഥ എന്ത് മറുപടിയാണ് നൽകുക. വിധികർത്താക്കളുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പദവികളും നിലപാടുകളും മതകീയ-ജാതി പശ്ചാത്തലങ്ങളും വിധികളെ  സ്വാധീനിക്കുന്നുണ്ടെന്നും  വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അടിയന്തിരാവസ്ഥയിൽ പോലും ജീവിക്കാനുള്ള അവകാശം നിഷേധിക്കാൻ പാടില്ല എന്നാണു ഭരണഘടന പറയുന്നത്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വധശിക്ഷാ വിധികൾ   മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ തന്നെ നിഷേധിക്കുകയാണ്. ഇത്തരം സമീപനങ്ങൾ ആധുനിക നിയമ വ്യവസ്ഥയെ സ്വയം ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജിഷാ  വധക്കേസിൽ അമീറുൽ  ഇസ്‌ലാമിനെ  വധ ശിക്ഷക്ക്  വിധിച്ചുകൊണ്ടുള്ള  വിധിയിലെ പൊരുത്തക്കേടുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നിയമവ്യവസ്ഥയിൽ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന വൈവിധ്യത്തെ ഇല്ലാതാക്കിയത് ആധുനിക ദേശ രാഷ്ട്രങ്ങൾ ആണ്. അന്താരാഷ്ട്ര നിയമം എന്ന സങ്കൽപ്പത്തെ പോലും രാഷ്ട്ര കേന്ദ്രീകൃതമായ നിയമവ്യവസ്ഥകൾ നോക്കുകുത്തിയാക്കുകയാണ്. നിയമ സംവിധാനങ്ങളോട് ബഹുമുഖമായ ഒരു സമീപനം ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ഈ വെല്ലുവിളി ഇനിയും കൂടുതൽ രൂക്ഷമാവുകയേ ഉള്ളൂ. ഇങ്ങിനെയൊരു സമയത്തും  നിയമത്തിലെ വൈവിധ്യവൽക്കരണത്തെ കുറിച്ച് ആലോചിക്കുകന്നതിനു പകരം ഏക സിവിൽ കോഡ്  പോലുള്ള  അടഞ്ഞ സംവിധാനങ്ങളെ കുറിച്ചാണ് നാം ആലോചിക്കുന്നത് എന്നത് ഖേദകരമാണ്.

നിയമ നിർമ്മാണത്തിന്റെ കാര്യത്തിൽ വൈവിധ്യ വൽക്കരണം കൊണ്ടുവരിക എന്നതാണ് ഇസ്‌ലാമിന്റെ സമീപനം. മുസ്ലിം സമൂഹങ്ങളിൽ ജീവിക്കുന്ന അന്യ മത-ജാതി വിഭാഗങ്ങൾക്ക് അവരുടെ മത നിയമ വ്യവസ്ഥ അനുസരിച്ചു ജീവിക്കാനുള്ള അവകാശം വകവെച്ചു നൽകണം എന്നതാണ് ഇസ്‌ലാമിന്റെ ആഹ്വാനം. അത്തരം സമൂഹങ്ങളിൽ  സ്വമേധയാ ആവശ്യപ്പെടാത്തിടത്തോളം മറ്റുള്ളവരുടെ മേൽ  ഇസ്‌ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ല.

അല്ലാഹുവിനു ഇഷ്ടമില്ലാത്ത  ത്വലാഖിന്റെ ദുരുപയോഗത്തെ നിയന്ത്രിക്കാൻ ഗവണ്മെന്റ് തലത്തിൽ ഇസ്‌ലാമിക പണ്ഡിതന്മാരുമായി കൂടിയാലോചന നടത്തി  സംവിധാനങ്ങൾ കൊണ്ടുവരികയാണെങ്കിൽ  അതിനെ മുസ്ലിംകൾ എതിർക്കേണ്ട ആവശ്യമുണ്ട് എന്നു  തോന്നുന്നില്ല. ത്വലാഖിനെ  നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ പ്രാദേശിക മഹല്ല് കേന്ദ്രീകരിച്ചു നടപ്പിലാക്കണം. നിലവിൽ വിവാഹിതനായ ഒരാളുടെ ഭാര്യ ആകാൻ സമ്മതമല്ല എന്നു സ്ത്രീകൾ  തീരുമാനിക്കുന്നതിലൂടെ ബഹുഭാര്യത്വത്തെ

വലിയതോതിൽ നിയന്ത്രിക്കാൻ കഴിയും. നിർണ്ണായക ഘട്ടങ്ങളിൽ  ഒരാൾക്ക്  ബഹുഭാര്യത്വം അനുവദിക്കാമോ ഇല്ലേ എന്ന കാര്യം   തീരുമാനിക്കാൻ സ്റ്റാറ്റിയൂറ്ററി പദവിയുള്ള  ഒരു സംവിധാനം ഉണ്ടാകുന്നത് ഗുണകരമാണ് . പൊതുതാല്പര്യങ്ങൾ പരിഗണിച്ചു  മദ്ഹബുകളിലെ വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചു മുഖവിലക്കെടുക്കാവുന്നതാണ്.  മത വിശ്വാസികളായ പൗരന്മാരുടെ വ്യക്തി നിയമങ്ങളിൽ ഇടപെടുന്ന മതേതര കോടതികളുടെ പ്രവർത്തനം സുഖമമാക്കാൻ മതനിയമങ്ങൾ കോഡിഫൈ ചെയ്യാൻ മതപണ്ഡിതന്മാർ മുൻകൈ എടുക്കണം. അഭിഭാഷകർക്കും ന്യായാധിപന്മാർക്കും ഉപയോഗിക്കാൻ പാകത്തിനു  മതനിയമങ്ങൾ ഏകീകരിച്ചുകൊണ്ടുള്ള കൈപ്പുസ്തകം തയ്യാറാക്കാൻ മർകസ് ലോ കോളേജിന്റെ മുൻകൈയിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, നുഐമാൻ എന്നിവർ ആമുഖ ഭാഷണം നടത്തി.  മുഹമ്മദ് തസ്‌നീം ഖുർആൻ പാരായണവും എം ലുഖ്മാൻ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.