പെരുന്നാള്‍: പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനാകണം – കാന്തപുരം

0
3711

കോഴിക്കോട്: സമൂഹത്തിലെ ചുറ്റുമുള്ളവരോടുള്ള വിശ്വാസിയുടെ കടപ്പാട് ഓര്‍മിപ്പിച്ചുകൊണ്ടാണ് പെരുന്നാള്‍ പുലരിയെ വരവേല്‍ക്കാന്‍ ഇസ്‌ലാം കല്‍പിച്ചിട്ടുള്ളതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഫിത്ര്‍ സകാത്ത് എന്ന കര്‍മം വിശ്വാസിക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് ഒരു ഭാഗം മറ്റുള്ളവര്‍ക്ക് കൂടി നല്‍കി സാമൂഹികബാധ്യതാ നിര്‍വഹണത്തിന്റെ മികച്ച മാതൃകയാണ്. ഒരാള്‍ പോലും വിശ്വാസികള്‍ വസിക്കുന്ന ദേശങ്ങളില്‍ പട്ടിണി കിടക്കുന്നവരായി ഉണ്ടാവരുത്. പെരുന്നാള്‍ ദിനത്തില്‍ അനാഥക്കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഭക്ഷണവും വസ്ത്രവും നല്‍കി സംരക്ഷണമേറ്റെടുത്ത പ്രവാചകരുടെ മാതൃക വിശ്വാസികള്‍ പിന്തുടരണം.
പ്രാര്‍ത്ഥനക്ക് വളരെ പ്രാധാന്യമുള്ള ദിനമാണിന്ന്. അനവധി പ്രതിസന്ധികള്‍ക്ക് മധ്യേയാണ് മലയാളി മുസ്‌ലിംകളുടെ ജീവിതം. നിപ്പാ വൈറസ് ബാധ ഉണ്ടാക്കിയ ഭീതി പൂര്‍ണമായും മാറിയിട്ടില്ല. അതിനിടയില്‍ വന്ന കനത്തമഴ പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാക്കി അനേകം ആളുകള്‍ക്ക് സ്വത്തും ജീവനും നഷ്ടപ്പെട്ടു. പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാരിസ്ഥിതിക ദുരന്തങ്ങളില്‍ നിന്ന് രക്ഷയുണ്ടാവാനും ഇപ്പോഴുള്ള മഴക്കെടുതി പെട്ടെന്ന് ശാന്തമാവാനും പെരുന്നാള്‍ നിസ്‌കാരശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണം. അതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാനും അവരുടെ കൂടി പെരുന്നാള്‍ സന്തോഷകരമാക്കാനും വിശ്വാസികള്‍ ശ്രമിക്കണം, കാന്തപുരം പറഞ്ഞു.