പ്രകീർത്തന രാവിന്റെ ചാരുതയിൽ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഢസമാപനം

0
1083
SHARE THE NEWS

കോഴിക്കോട്: പ്രാവാചക പ്രകീർത്തനം പെയ്തിറങ്ങിയ രാവിൽ പതിനായിരക്കണക്കിന് വിശ്വാസികളുടെ സംഗമമായി മാറിയ മർകസ് അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന് പ്രൗഡ സമാപ്‌തി. വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തിയ പ്രമുഖരായ പണ്ഡിതരുടെയും പ്രവാചക പ്രകീർത്തന സംഘങ്ങളുടെയും അവതരണങ്ങൾ പുതുമയാർന്ന അനുഭവമായി. മർകസിന്റെ നേതൃത്വത്തിൽ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നടന്ന മീലാദ് ആഘോഷങ്ങളുടെ സമാപ്‌തി കുറിച്ചാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം സംഘടിപ്പിച്ചത്.

കിർഗിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇന്റർനാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ്ചാൻസലറുമായ കുംബാനിചെബിക് സുമാലിവ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ബഹുസ്വരതക്കും ജനാധിപത്യത്തിനും പ്രശസ്‌തമാണ് ഇന്ത്യയെന്നും വിവിധ മതവിശ്വാസികൾക്ക് പരസ്പര്യത്തോടെ ജീവിക്കാൻ സാധിക്കുന്ന ഇന്ത്യൻ സാഹചര്യം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് സൃഷിടിക്കുന്ന രാഷ്ട്രതിരുകൾ ഭേദിച്ചുള്ള ജ്ഞാനവിപ്ലവം വിവിധ രഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിനും അക്കാദമികമായ വലിയ വികാസത്തിനും കാരണമാകുന്നു എന്നും അദ്ദേഹം പറഞ്ഞു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നബിസ്‌നേഹ പ്രഭാഷണം നടത്തി.

അറബ് ലോകത്തെ പ്രമുഖ ഗായകരായ ഒമാനിലെ സംഘം പ്രവാചക പ്രകീർത്തനം അവതരിപിപ്പിച്ചത് ശ്രദ്ധേയമായി. ആധുനികരും പൗരാണികരുമായ അറബ് കവികൾ രചിച്ച നബി കീർത്തനങ്ങളാണ് ഇവർ ആലാപിച്ചത്. അൽ മൗലിദുൽ അക്ബർ എന്ന പേരിൽ നടന്ന മുഹമ്മദ് നബിയുടെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കാവ്യ-ഗദ്യവിഷ്‌കാര പാരായണത്തിന് പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നൽകി. ഗുജറാത്തിൽ നിന്നെത്തിയ യുവ ഖവാലി ആലാപകർ ഈണം പകർന്നു.

മർകസിനു കീഴിലെ പ്രധാന അക്കാദമിക പഠന കേന്ദ്രമായ പൂനൂർ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിന്റെ ബിരുദദാനം ചടങ്ങിൽ നടന്നു. സപ്‌ത വത്സര കോഴ്‌സ് പൂർത്തിയാക്കി വിവിധ ദേശീയ-അന്തർദേശീയ യൂണിവേഴ്‌സിറ്റികളിൽ പി.എച്ച്.ഡി ചെയ്യുകയും വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന 61 പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു.

വൈകുന്നേരം 4.30 ന് ആരംഭിച്ച സമ്മേളനത്തിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പതാക ഉയര്‍ത്തി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മീലാദ് സമ്മേളന സന്ദേശം അവതരിപ്പിച്ചു. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, വയനാട് ഹസ്സൻ മുസ്‌ലിയാർ, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് സ്വാലിഹ് ജിഫ്‌രി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പയ്യിദ് പി കെ എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, എൻ അലി അബ്ദുല്ല, വണ്ടൂർ അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, മജീദ് കക്കാട് , ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഡോ. അബ്‌ദുസ്സലാം എന്നിവർ സംബന്ധിച്ചു.


SHARE THE NEWS