പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനം: കപില്‍ സിബല്‍

0
986
SHARE THE NEWS

കേരളത്തില്‍ നിന്നും കുറച്ചു നിയമ ബിരുദ വിദ്യാര്‍ത്ഥികള്‍ കുറച്ചു ദിനങ്ങള്‍ക്കുമുമ്പ് എന്നെ സന്ദര്‍ശിക്കാനെത്തി. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നാല്‍പതാം വാര്‍ഷിക സന്ദേശവും അവര്‍ കൈമാറി. കേന്ദ്ര മന്ത്രിയായിരുന്ന സമയം ഒരിക്കല്‍ ഞാന്‍ മര്‍കസ് സന്ദര്‍ശിച്ചിരുന്നു. വളരെ അടുക്കും ചിട്ടയും പുലര്‍ത്തുന്ന സാംസ്‌കാരിക ബോധം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായാണ് മര്‍കസിനെ ഞാന്‍ മനസ്സിലാക്കിയത്. ശൈഖ് അബൂബക്കറിന്റെ നേതൃത്വവും പണ്ഡിതോചിതമായ ഇടപെടലുകളുമാണ് ആ സ്ഥാപനത്തിന്റെ മികവാര്‍ന്ന വളര്‍ച്ചയ്ക്കു കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മാത്രമല്ല ഇന്ത്യാ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടേയും അവകാശങ്ങള്‍ പരിരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ ബദ്ധാശ്രദ്ധരാവണമെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സുതാര്യമായ നിയമ പരിരക്ഷ ഉറപ്പു വരുത്തണമെന്നുമുള്ള കാന്തപുരത്തിന്റെ നിരീക്ഷണം അദ്ദേഹം പുലര്‍ത്തുന്ന വിശ്വാസ ധാരയുടെ പ്രകാശനം കൂടിയാണ്.
രാജ്യത്ത് സര്‍വജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ ഹനിക്കാതെയും ധ്വംസിക്കപ്പെടാതെയും ജീവിക്കാനുള്ള അവസരമുണ്ടായിരിക്കണം. അവകാശങ്ങളെ നിഷേധിക്കുമ്പോഴാണ് സമൂഹങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കിടയിലും അസ്വസ്ഥത ഉടലെടുക്കുന്നത്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ രാജ്യത്തിന്റെ പൊതു വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. സംതൃപ്ത ജീവിതം നയിക്കുന്ന ജനങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും സമ്പത്ത്. ഈ മഹാശക്തിയെ അവഗണിച്ച് ഒരു രാജ്യത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇന്ത്യന്‍ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണ്. നാനാത്വത്തില്‍ ഏകത്വം, ജനാധിപത്യബോധം, മതേതരത്വം തുടങ്ങി ഇന്ത്യയിലെ സര്‍വജനങ്ങളുടെയും വിശ്വാസധാരയ്ക്കും മൗലിക അവകാശങ്ങള്‍ക്കും നീതി നിഷ്ഠമായ നിര്‍വഹണം സാധ്യമാക്കുന്ന ഉല്‍കൃഷ്ട ഭരണഘടനയാണ് നമുക്കുള്ളത്. ഭാരതം ബഹുസ്വരതയുടെ ഭൂമികയാണ്. വിവിധ ഭാഷകളും വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും സമുദായങ്ങളനുശാസിക്കുന്ന ഈ അവകാശം ലോകത്തിനു തന്നെ മഴവില്‍ കാഴ്ചയൊരുക്കുന്ന ഭൂമികയാണ്. ഇതാണ് നന്മയുടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. ഈ ഖ്യാതിയും പ്രശസ്തിയും നില നിറുത്തുന്നതില്‍ ഇന്ത്യയില്‍ വസിക്കുന്ന എല്ലാ വിഭാഗം സമുദായങ്ങളും അവരുടേതായ പങ്ക് ചരിത്രപരമായി തന്നെ നിര്‍വഹിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും ഭാരതത്തിന്റെ യശസിനും ദേശീയോദ്ഗ്രഥനത്തിനും വേണ്ടി കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓരോ ജനവിഭാഗവും ദേശീയ ബോധവും രാജ്യ സ്‌നേഹവും അവരുടേതായ സമാജങ്ങളില്‍ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുമുണ്ട്. കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മര്‍കസു സ്സഖാഫത്തി സ്സുന്നിയ എന്ന വിദ്യാഭ്യാസ കേന്ദ്രം കേവലം ഒരു സമുദായത്തെ മാത്രമല്ല പ്രതിനിധീകരിക്കുന്നതെന്ന് ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും ഞാന്‍ അറിഞ്ഞ കാര്യമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും മര്‍കസ് പ്രസ്ഥാനം നടത്തുന്നുവെന്ന് പലഘട്ടങ്ങളിലും മനസ്സിലാക്കിയ കാര്യമാണ്. ഡല്‍ഹിയില്‍ വെച്ച് പലപ്പോഴും ശൈഖ് അബൂബക്കറുമായി ആശയ വിനിമയത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മര്‍കസ് ലോ കോളജ് തുടങ്ങി എന്നറിഞ്ഞ തിലും സന്തേഷമുണ്ട്. നോളജ് സിറ്റികളാണ് ഇനി ഭാരതത്തിലുടനീളം സ്ഥാപിക്കേണ്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുറമെ ധര്‍മസംസ്ഥാപന പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികളുമായി രാജ്യ പുരോഗതിയ്ക്ക് യത്‌നിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ഇന്ത്യ നാം ഉദ്ദേശിക്കുന്ന സാംസ്‌കാരിക അഭിവൃതി സ്വായത്തമാക്കുകയുള്ളൂ.. അറിവാണ് ജീവിത വിജയത്തിലേക്കുള്ള പ്രകാശ വഴിത്താര. ഏറ്റവും മികച്ച വിദ്യാഭ്യാസം നേടിയെടുക്കാന്‍ കഴിയുന്ന സംവിധാനങ്ങളായിരിക്കണം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സജ്ജീകരിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ മര്‍കസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. സ്‌നേഹവും സഹവര്‍ത്തിത്വവും കൈമുതലാക്കി ജനാധിപത്യ വ്യവസ്ഥികളോട് സമരസപ്പെട്ടു മുന്നോട്ടു പോകാന്‍ മര്‍കസിന് സാധിക്കുമെന്നുറപ്പുണ്ട്.


SHARE THE NEWS