പ്രമുഖ പണ്ഡിതൻ സയ്യിദ് യൂസുഫ് ഹാശിം രിഫാഇ അന്തരിച്ചു

0
748
കുവൈത്ത്: അറബ് ലോകത്തെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുവൈത്ത് മുൻ മന്ത്രിയുമായ  സയ്യിദ്  യൂസുഫ്  ഹാശിം അഹ്‌മദ്‌ രിഫാഇ(86) അന്തരിച്ചു. 1964 മുതൽ 1970 വരെ ഖുവൈത്ത് കമ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയും 1963 മുതൽ  1974 വരെ ഖുവൈത്ത് നാഷണൽ അസംബ്ലി അംഗവുമായിരുന്നു സയ്യിദ് രിഫാഈ.
     ഉറച്ച സുന്നി വിശ്വാസിയും രചയിതാവും പ്രഭാഷകനുമായിരുന്നു സയ്യിദ് രിഫാഈ. ഖുവൈത്തിലെ മാധ്യമ വിഭാഗത്തെ ആധുനികവത്കരിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ചിട്ടുണ്ട് അദ്ദേഹം. അന്താരാഷ്ട്ര പ്രാധാന്യമുള്ള നിരവധി ഇസ്‌ലാമിക സ്ഥാപങ്ങളുടെ സ്‌ഥാപകനായിരുന്നു.  പാക്കിസ്ഥാനിലെ ലാഹോർ ആസ്ഥാനമാക്കി രൂപം നൽകിയ  ഇസ്‌ലാമിക് പ്രൊപഗേഷൻ സെന്റർ, അസ്ഹർ മാതൃകയിൽ അറബിയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും പഠിപ്പിക്കാൻ സ്‌ഥാപിച്ച മഅഹദുൽ ഈമാനി ശറഇയ്യ, ബംഗ്ളാദേശ് മുസ്‌ലിംകളെ സഹായിക്കാൻ സ്ഥാപിച്ച കുവൈത്തി അസിസ്റ്റൻസ് സെന്റർ തുടങ്ങിയ സയ്യിദ് രിഫാഇ  രൂപം നൽകിയ പ്രധാന സംരംഭങ്ങളാണ്.
         ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാരെ അറബ് ലോകവുമായി ബന്ധിപ്പിക്കുന്നതിൽ സജീവ കണ്ണിയായിരുന്നു ഇദ്ദേഹം. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ഏറെ അടുപ്പമുള്ള പണ്ഡിതനായിരുന്നു രിഫാഇ . പ്രധാന ഗ്രന്ഥങ്ങൾ : രാഷ്ട്രീയ-സാമൂഹിക വിചാരങ്ങൾ,  തസവ്വുഫും സൂഫികളും,  സുന്നത്ത് ജമാഅത്തിന്റെ സ്ഥിരീകരണ തെളിവുകൾ,  നജ്‌ദിലെ പണ്ഡിതന്മാരോടുള്ള ഉപദേശങ്ങൾ. 
            സയ്യിദ് ഹാശിം രിഫാഇയുടെ നിര്യാണത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുശോചിച്ചു. ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാരോട് സ്‌നേഹനിർഭരമായ മനസ്സോടെ  ഇടപഴകുകയും മാർകസും സഅദിയ്യയും പോലുള്ള സ്ഥാപനങ്ങളുടെ പുരോഗത്തിക്കു വലിയ  സംഭാവനകൾ നൽകുകയും ചെയ്‌ത പാണ്ഡിത്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായിരുന്നു ഹാശിം രിഫാഇ എന്ന് കാന്തപുരം പറഞ്ഞു. സുന്നത്ത് ജമാഅത്തിന് വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹത്തിന്റെ പാരത്രിക ജീവിത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാൻ കാന്തപുരം ആഹ്വാനം ചെയ്തു.