പ്രളയബാധിതർക്ക് ആശ്വാസമാവുക: കാന്തപുരം

0
1971
മർകസിൽ സംഘടിപ്പിച്ച അഹ്ദലിയ്യ പ്രാർത്ഥന സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
മർകസിൽ സംഘടിപ്പിച്ച അഹ്ദലിയ്യ പ്രാർത്ഥന സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
കോഴിക്കോട്: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ വിവിധ രൂപത്തിൽ  പ്രയാസമനുഭവിക്കുന്നവർക്ക് എല്ലാ തരത്തിലുമുള്ള സഹായവുമെത്തിച്ചു നവീകരിച്ച കേരളത്തെ വേഗത്തിൽ സാധ്യമാക്കാൻ എല്ലാവരും സന്നദ്ധമാവണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച അഹ്ദലിയ്യ പ്രാർത്ഥന സമ്മേളനത്തിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ കെടുതി അനുഭവിച്ചവർക്ക് വേണ്ടി സർക്കാർ തലത്തിലും  വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണ്. മതപരമോ ജാതീയമോ  പ്രത്യശാസ്ത്രപരമോ ആയ എല്ലാ ഭിന്നതകൾക്കും അതീതമായി മനുഷ്യരെല്ലാം ഒത്തുചേർന്ന് ദുരന്തമുഖത്ത് സേവനം ചെയ്യുകയുണ്ടായി. ഈ സ്‌നേഹവും ഐക്യവുമാണ് നമ്മുടെ ദേശത്തിന്റെ സവിശേഷത. ദുരന്തമുഖത്തു രക്ഷാപ്രവർത്തനത്തിൽ കണ്ട ആത്മാർത്ഥതയും സഹായങ്ങളും കൂടുതൽ സജീവമായി ഇനിയുള്ള കാലത്തും ഉണ്ടാവണം. കാരണം, ലക്ഷക്കണക്കിനു വരുന്ന നമ്മുടെ സഹജീവികളാണ് കനത്ത ദുരിതത്തിലായിരിക്കുന്നത്. നമ്മുടെ സഹോദരന്മാർ സങ്കടത്തിൽ കഴിയുമ്പോൾ അവരുടെ വിഷമങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അതിനാൽ, വീട് നഷ്ടപ്പെട്ടവർക്ക് അത് നിർമിച്ചു നൽകാനും, സ്ഥലം ആവശ്യമുള്ളവർക്ക് വിട്ടുനൽകാനും, ഭക്ഷണവും വസ്ത്രവും മരുന്നുകളും എല്ലാം ആവശ്യത്തിന് എത്തിക്കാനും എല്ലാവരും സ്വയംമറന്നു രംഗത്തു വരേണ്ടതുണ്ട്.
സർക്കാർ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വരവ് ആയിരം കോടി കവിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടവരുടെ വേവലാതികൾക്ക് ആദ്യം പരിഹാരം കാണാൻ സർക്കാർ ശ്രമിക്കണം. മലയോര-പിന്നാക്ക പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ വിഷമങ്ങൾ അടിയന്തരമായി തീർക്കണം. കേരളത്തിന് സഹായം ചോദിച്ചു വിദേശ രാജ്യങ്ങളിൽ പര്യടനം നടത്താനായുള്ള സർക്കാർ തീരുമാനം അഭിനന്ദനീയമാണ്. ലോകത്തു എല്ലായിടത്തുമുള്ള മലയാളികളും, അവരുടെ വിവിധ സാംസ്കാരിക സംഘടനകളും  കേരളം നവീകരിച്ചു കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ  ഉദ്യമത്തോട് സഹകരിക്കണം.
സമസ്തയുടെയും പോഷക സംഘടനകളായ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.എം.ഇ, എന്നിവയുടേയും മർകസിന്റെയും നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നത് സന്തോഷജനകമാണ്. പ്രളയക്കെടുതി കൂടുതൽ ബാധിച്ച എല്ലാ ജില്ലകളിലും സഹായമെത്തിക്കാനും, മനുഷ്യരെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സുന്നി പ്രവർത്തകർ മുന്നിലുണ്ടായിരുന്നു. ആ സഹായങ്ങൾ കൂടുതൽ സജീവമാക്കും. പുനരധിവാസത്തിന് സമഗ്ര പദ്ധതികൾ  സുന്നി സംഘടനകൾക്ക് കീഴിൽ ആവിഷ്കരിച്ചിട്ടുണ്ട്: കാന്തപുരം പറഞ്ഞു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സി. മുഹമ്മദ് ഫൈസി, ഡോ. എ. പി അബ്ദുൽ ഹകീം അസ്ഹരി, ലത്തീഫ് സഖാഫി പെരുമുഖം  എന്നിവർ സംബന്ധിച്ചു.