
കാരന്തൂര്‍: പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട മര്‍കസ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനോപകരണ വിതരണം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടമായി പത്ത് സ്റ്റഡി ടേബിളുകളും ബാഗ്, പുസ്തകം ഉള്‍പ്പെടെയുള്ള നാല്പതോളം കിറ്റുകളുമാണ് നല്‍കിയത്. ഐ.പി.എഫ് കോഴിക്കോട് റീജ്യണല്‍ കമ്മിറ്റിയുടെയും എസ്.വൈ.എസ് മാനിപുരം യൂണിറ്റിന്റെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് ഫര്‍ണിച്ചറുകള്‍ നല്‍കിയത്. പ്രളയ ദുരിതാനന്തരം മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് ക്ലാസിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഐ.പി.എഫ് കോഴിക്കോട് റീജ്യണല്‍ ഫിനാന്‍സ് ഡയറക്ടറുമായ ഡോ. എ.പി അബ്ദുലക്കുട്ടി നേതൃത്വം നല്കി. പി.ടി.എ പ്രസിഡന്റ് എ.കെ ഷാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ ആഇശ ബീവി, ഡോ. മുജീബ് മുക്കം, കെ. മുഹമ്മദ് അശ്റഫ് മാനിപുരം, എ.കെ മുഹമ്മദ് അശ്റഫ്, ജലീല്‍ അഹ്സനി കാന്തപുരം, കെ. മൊയ്തീന് കോയ, സുലൈമാന്‍ കുന്നത്ത്, എ.പി സഫിയ്യുറഹ്മാന്, അബൂബക്കര്‍ കുന്നമംഗലം, ഡോ. അബൂബബക്കര്‍ നിസാമി സംബന്ധിച്ചു.