പ്രളയ ബാധിതരെ സഹായിക്കാൻ ഒരു ലക്ഷം വസ്ത്രവുമായി മർകസ് ലോ കോളജ് വിദ്യാർഥികൾ

0
884
കോഴിക്കോട് :  ഉത്തരേന്ത്യയിലെ പ്രളയബാധിതരെ സഹായിക്കാൻ മർകസ് ലോ കോളജ് അവസാന വർഷ വിദ്യാർത്ഥികൾ  സംഘടിപ്പിച്ച സേവ് ഹ്യുമാനിറ്റി കാമ്പയിന്റെ ഭാഗമായി ശേഖരിച്ച ഒരു ലക്ഷത്തോളം വസ്‌ത്രങ്ങളുമായി വാഹനം പുറപ്പെട്ടു.   പ്രകൃതി ദുരന്തങ്ങൾ ബാധിച്ച  ബീഹാർ, അസാം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ദുരിതബാധിതരെ സഹായിക്കാനാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.
 
“ഉണ്ണാനും ഉടുക്കാനും കൊടുക്കുക; മാനവികതയെ ഉണർത്തുക” എന്നതാണ് ലോ കോളജ് വിദ്യാർത്ഥികളുടെ  പദ്ധതി പ്രമേയം. പരിപാടിയുടെ ആദ്യഘട്ടമായി വസ്ത്ര ശേഖരണം ഒരു മാസം മുമ്പാണ് ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോ കോളജ് വിദ്യാർത്ഥികൾ നേരിട്ടു പോയാണ് വസ്ത്രങ്ങൾ ശേഖരിച്ചത്. 
 
കനത്ത മഴയും മേഘവർഷവും മൂലമുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വീടും കൃഷിയിടവും നഷ്ടപ്പെട്ടു ദുരിതാശ്വാസ കാമ്പുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമായി കഴിയുന്നവർക്ക് കൈത്താങ്ങാകുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും  സംസ്ഥാനങ്ങളിലെ മർകസ് പൂർവ്വ വിദ്യാർത്ഥികൾ മുഖേനയുമാണ്  പ്രളയബാധിതർക്ക് സഹായം വിതരണം ചെയ്യുക. 
    വസ്ത്രവിതരണം  പൂർത്തിയായ ശേഷം ഭക്ഷണ വിതരണത്തിനുള്ള ഉദ്യമങ്ങൾ ആരംഭിക്കാനും വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്. വാർഷിക പരീക്ഷയുടെ തിരക്കിനിടയിലാണ് മർകസ് ലോ കോളജ് വിദ്യാർഥികൾ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.  
    ഇന്നലെ കൈതപ്പൊയിൽ ലോ കോളജ് കാമ്പസിൽ നിന്ന് വസ്ത്രവുമായി പുറപ്പെട്ട വാഹനം കോടഞ്ചേരി പോലീസ് എസ്.ഐ ശ്രീനിവാസൻ ഫ്ലാഗ് ഓഫ്  ചെയ്തു. ബദർ ഹാജി കൈതപ്പൊയിൽ, അലവി സഖാഫി കായലം, മുഹമ്മദ് ശംവീൽ നൂറാനി, സയ്യിദ് സുഹൈൽ മശ്ഹൂർ,ശംസീർ നൂറാനി പയ്യന്നൂർ, ജരീർ നൂറാനി, ഫായിസ് നൂറാനി ,  ഉബൈദ് നൂറാനി ഗുജറാത്ത് സംബന്ധിച്ചു.