പ്രളയ ബാധിതർക്ക് മർകസ് നിർമിച്ച 10 വീടുകളുടെ സമർപ്പണം ഇന്ന്

0
1164

താമരശ്ശേരി: മഴയും പ്രളയവും മൂലം കിടപ്പാടം നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വേണ്ടി മര്‍കസ് നിര്‍മ്മിച്ചു നല്‍കിയ മര്‍കസ് ഡ്രീംഹോം സമര്‍പ്പണം ഇന്ന്(ശനി) പൂനൂർ മർകസ് ഗാർഡനിൽ നടക്കും. വൈകീട്ട് 7 മണിക്ക് നടക്കുന്ന സമര്‍പ്പണ ചടങ്ങ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ‘റീബില്‍ഡ് കേരള’യുടെ ഭാഗമായി ജീവകാരുണ്യ സംഘടനയായ ആര്‍.സി.എഫ്.ഐ യുമായി സഹകരിച്ച് ചേപ്പാല, നരിക്കുനി, മടവൂര്‍മുക്ക്, പെരിമ്പലം, തിരുവമ്പാടി, ഈങ്ങാപുഴ, കരുളായി, കുറ്റിക്കടവ്, കരിഞ്ചോല, കൂമ്പാറ എന്നിവിടങ്ങളിലായാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 ഭവന പദ്ധതികളാണ് മര്‍കസിന് കീഴില്‍ പൂര്‍ത്തിയായി വരുന്നത്. 6 ലക്ഷം രൂപ ചിലവില്‍ രണ്ട് മുറകളും അനുബന്ധകര്യങ്ങളുമായി പൂര്‍ത്തിയാക്കുന്ന വീടുകള്‍ മികച്ച സൗകര്യങ്ങളോടെയും ഗുണമേന്മയിലുമായാണ് നിര്‍മ്മിച്ചു നല്‍കുന്നത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വീടുകൾ പ്രളയകാലത്ത് നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങാകുക എന്ന തീരുമാനത്തിലാണ് ഇവ നിർമിച്ചതെന്നും വിദ്യാഭ്യാസ പ്രവർത്തങ്ങളോടൊപ്പം ജീവകാരുണ്യ മേഖലയിൽ വലിയ ഇടപെടലുകൾ നടത്തുന്ന സ്ഥാപനമാണ് മർകസെന്നും മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

ഭാവന സമർപ്പണ ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് അബ്ദുൽ അബ്ദുൽ ഫത്താഹ് അവേലം അധ്യക്ഷത വഹിക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഡ്രീംഹോം പ്രജക്‌ട് വിശദീകരിച്ചു സംസാരിക്കും.പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.