പ്രാര്‍ത്ഥനാ സാഗരമായി മര്‍കസ്: ആത്മീയ സമ്മേളനത്തിന് പരിസമാപ്തി

0
790

കാരന്തൂര്‍ :പുണ്യ റമസാനിലെ ശ്രേഷ്ടകരമായ ഇരുപത്തിയഞ്ചാം രാവില്‍ കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യയില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിമുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ മര്‍കസ് പ്രധാന ഓഡിറ്റോറിയത്തിലും കാമ്പസ് മസ്ജിദിലുമായി നടന്ന ആത്മീയ സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള വിശ്വാസികളും മുതിര്‍ന്ന പണ്ഡിതന്മാരും പങ്കെടുത്തു.
രാത്രി പത്തിന് തുടങ്ങിയ സമാപന സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ റംസാന്‍ സന്ദേശ പ്രഭാഷണം നടത്തി. ആത്മസംസ്‌കരണത്തിന്റെ മാസമായ റമസാനില്‍ ആരാധനകളിലും ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലും സജീവമായി ദൈവപ്രീതി കരസ്ഥമാക്കണമെന്ന് കാന്തപുരം പ്രഭാഷണത്തില്‍ പറഞ്ഞു.
കലുഷിതമായ കാലത്ത് യഥാര്‍ത്ഥ വിശ്വാസം മുറുകെപ്പിടിക്കണം. എല്ലാവരോടും നന്മ ചെയ്യാനാണ് പ്രവാചകരുടെ നിര്‍ദേശം. വിശ്വാസത്തിന്റെ വഴിയില്‍ നിന്ന് തെന്നി മാറാനും പൈശാചിക കൃത്യങ്ങളില്‍ വ്യവഹരിക്കുവാനും ഉള്ള ശാരീരികത്വരയെ വിസമ്മതിക്കാനും ആത്മീയ മാര്‍ഗത്തില്‍ ശോഭിക്കാനുമുള്ള കരുത്ത് വിശ്വാസികള്‍ ആര്‍ജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിച്ചു. തൗബ, ഇസ്തിഗ്ഫാറ്, തഹ്ലീല്‍, സമാപന പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുറഹ്മാന്‍ ബാഖവി, പ്രഫ എ.കെ അബ്ദുല്‍ ഹമീദ്, അഡ്വ തന്‍വീര്‍ കുവൈത്ത് ആത്മീയ സംഗമത്തില്‍ സംബന്ധിച്ചു.
ളുഹ്റ് നിസ്‌കാരം മുതല്‍ ഇഫ്താര്‍ വരെ മര്‍കസ് കാമ്പസ് മജിദില്‍ നടന്ന ആത്മസംസ്‌കരണ ക്ലാസ്, ബദര്‍മൗലിദ്, വിര്‍ദുലത്തീഫ്, ദൗറത്തുല്‍ ഖുര്‍ആന്‍ പാരായണം എന്നീ പരിപാടികള്‍ക്ക് സയ്യിദ് സബൂര്‍ തങ്ങള്‍ അവേലം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അബ്ദു റഊഫ് സഖാഫി, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, സി.പി ശാഫി സഖാഫി, സി.പി ഉബൈദുല്ല സഖാഫി, എ.സി കോയ മുസ്ലിയാര്‍, മുഹമ്മദലി സഖാഫി വെള്ളിയാട്, മര്‍സൂഖ് സഅദി, ലത്തീഫ് സഖാഫി പെരുമുഖം, അക്ബര്‍ ബാദുഷ സഖാഫി നേതൃത്വം നല്‍കി.