പ്രിയ ഗുരുവിന് ഒരു കോടി ഉപഹാരവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

0
921

കാരന്തൂര്‍: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചവും വിവേകവും ഔന്നത്യത്തിലേക്കുള്ള കവാടങ്ങളും തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ബാക് ടു മര്‍കസ് ചടങ്ങിലാണ് മര്‍കാസ് സ്ഥാപകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അവാര്‍ഡ് കൈമാറിയത്. കേവലമായ അറിവിനപ്പുറം മാനുഷിക ബോധവും ധാര്‍മ്മികതയും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ സന്നിവേഷിപ്പിച്ച് ഒരു ലക്ഷത്തോളം മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയും അവരെ സ്വന്തം മക്കളെപ്പോലെ പരിഗണിക്കുകയും ചെയ്ത മഹാമനീഷിയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെന്ന് അലുംനി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിഷന്‍ ഓഫ് ശൈഖ് അബൂബക്കര്‍ എന്ന വിഷയത്തില്‍ മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസ്സലാം മുഹമ്മദ് സംസാരിച്ചു. മൂല്യങ്ങളോടും വിദ്യാഭ്യാസത്തോടും പ്രതിബദ്ധതയുള്ള ആയിരക്കണക്കിന് ശിഷ്യന്മാരെ ലഭിച്ചു എന്നതാണ് തന്നെ എപ്പോഴും ആഹ്ലാദഭരിതമാക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടിയാണ് മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെന്നും ആത്മാര്‍ത്ഥവും സത്യസന്ധവുമായ മാര്‍ഗങ്ങളിലൂടെ മുന്നോട്ട് പോകുന്നത് കൊണ്ട് സ്രഷ്ടാവിന്റെ സഹായം എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മര്‍കസിന്റെ വിവിധ കാമ്പസുകളില്‍ പഠിച്ച് ഡോക്ടര്‍മാരായ നാല്‍പത് പേരുടെ നേതൃത്വത്തില്‍ പ്രത്യേക ഉപഹാരവും കാന്തപുരത്തിന് കൈമാറി. മര്‍കസ് റൂബി ജൂബിലി വളണ്ടിയര്‍മാര്‍ക്ക് മര്‍കസ് അലുംനി ജിദ്ദ ചാപ്റ്റര്‍ നല്‍കുന്ന കോട്ടിന്റെ വിതരണോദ്ഘാടനം ചടങ്ങില്‍ നിര്‍വ്വഹിച്ചു. മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി മുജീബ് കക്കാടിന്റെ പുസ്തക പ്രകാശനവും നടന്നു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. മര്‍കസ് ഓര്‍ഫനേജ്, ഹൈസ്‌കൂള്‍, ബോര്‍ഡിംഗ്, ആര്‍ട്സ് കോളേജ്, ശരീഅത്ത് കോളേജ്, ഐ.ടി.ഐ, ആര്‍ട്സ്& സയന്‍സ് കോളേജ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു.