പ്രൗഢമായി മര്‍കസ് വ്യാപാരി സമ്മേളനം: വ്യാപാര സംരംഭങ്ങള്‍ സുഗമമാക്കുന്ന നയങ്ങള്‍ക്ക് രൂപം നല്‍കണം: കാന്തപുരം

0
770
SHARE THE NEWS

കാരന്തൂര്‍: മര്‍കസിനു കീഴിലെ വ്യാപാരി വ്യാവസായികളുടെ കൂട്ടായ്‌മയായ മര്‍ച്ചന്റ്‌സ്‌ ചേംബര്‍ ഇന്റര്‍നാഷണലിന്‌ കീഴില്‍ സംഘടിപ്പിച്ച നാലാമത്‌ വ്യാപാരി സമ്മേളനം പ്രൗഢമായി. കേരളത്തിന്റെ വിവിധ ജില്ലകളില്‍ വ്യവസായ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിച്ച സമ്മേളനം കെ.ആര്‍.എസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സി.പി കുഞ്ഞിമുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസപരവും ആത്മീയവുമായ സമൂല മുന്നേറ്റം കേരളത്തില്‍ സജീവമാക്കുന്നതില്‍ വ്യാപാരികള്‍ പ്രമുഖ പങ്ക്‌ വഹിക്കുന്നവരാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രം ശക്തവും സമ്പന്നവുമാകുന്നത്‌ വ്യാവസായികമായി കരുത്ത്‌ നേടുമ്പോഴാണ്‌. വ്യാപാര സംരംഭങ്ങള്‍ സുഗമമായി നടത്താന്‍ പറ്റുന്ന നയങ്ങള്‍ക്ക്‌ സര്‍ക്കാറുകള്‍ രൂപം നല്‍കണം. ഗവണ്‍മെന്റിന്റെ എല്ലാ നിയമങ്ങളും പാലിച്ച്‌ നൈതികമായി വ്യവസായങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ വ്യാപാരികളും പരിശ്രമിക്കണം.
വിവിധ തരത്തിലുള്ള വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോഴും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും വിദ്യാഭ്യാസപരവും ധാര്‍മികവുമായ വികസനത്തെ വിപുലമാക്കാനും ആത്മാര്‍ത്ഥമായി സന്നദ്ധത കാണിക്കുന്നവരുടെ സേവനം പ്രശംസനീയമാണ്‌. വ്യാപാരബന്ധങ്ങളില്‍ നിപുണരായ സ്വഹാബികള്‍ വിജ്ഞാനത്തിനും നാഗരിക വളര്‍ച്ചക്കും വലിയ തോതില്‍ പിന്തുണ നല്‍കിയ ചരിത്രമാണ്‌ പ്രവാചക കാലം പഠിപ്പിക്കുന്നത്‌. മൂന്നാം ഖലീഫയായിരുന്ന ഉസ്‌മാനു ബ്‌നു അഫ്‌ഫാന്‍(റ) ആ തലത്തില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്ന വ്യക്തിത്വമാണ്‌, കാന്തപുരം പറഞ്ഞു.
മര്‍കസ്‌ വൈസ്‌ പ്രസിഡന്റ്‌ കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മര്‍ച്ചന്റ്‌സ്‌ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ സി.പി മൂസ ഹാജി അപ്പോളോ അധ്യക്ഷ വഹിച്ചു. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി ആമുഖ പ്രഭാഷണം നടത്തി. മര്‍കസ്‌ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി വിഷയാവതരണം നടത്തി. മര്‍കസ്‌ നോളജ്‌സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഹാപ്പി ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം. ഖാലിദ്‌, വിക്ടറി സിദ്ധീഖ്‌ ഹാജി കോവൂര്‍ പ്രസംഗിച്ചു. അമീര്‍ ഹസന്‍ സ്വാഗതവും, ടി.കെ അതിയ്യത്ത്‌ നന്ദിയും പറഞ്ഞു.


SHARE THE NEWS