
കോലാലംപൂര്‍: ഓരോ രാജ്യത്തെയും പൗരന്മാര്ക്ക് പൂര്‍ണ്ണ സുരക്ഷിത്വം അനുഭവിക്കുമ്പോള്‍ രാഷ്ട്രങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച ത്വരിതപ്പെടുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കോലാലംപൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മുസ്ലിം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങളുടെ ശ്രദ്ധ പൗരന്മാരുടെ വികസനം ആയിരിക്കണം. മാനവവിഭവശേഷി അഭിവൃദ്ധിപ്പെടുമ്പോള്‍ രാഷ്ട്ര വികസനം സ്വാഭാവികമായി സംഭവിക്കും. വിദ്യഭ്യാസ അവസരം വിപുലമാക്കല്‍, ദാരിദ്ര നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളില്‍ ഗവണ്മെന്റുകള് സൂക്ഷമായ ശ്രദ്ധകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി. മുസ്ലിം രാജ്യങ്ങളിലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കുകയും ചെയ്തു. 52 രാഷ്ട്രങ്ങളില്‍ നിന്നുള്ള 250 രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പണ്ഡിതരും സംബന്ധിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരിയും സമ്മേളനത്തില്‍ സംബന്ധിച്ചു.