ഫത്‌വകള്‍ ലോകനന്മയെ പ്രതിനിധീകരിക്കുന്നതാവണം: കാന്തപുരം

0
822
ഈജിപ്തിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രബന്ധം അവതരിപ്പിക്കുന്നു
ഈജിപ്തിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രബന്ധം അവതരിപ്പിക്കുന്നു

കൈറോ: ഭൗതിക ആസുരതകളിൽ അക്ഷമരായ നവലോകം ഇസ്ലാമിൽ പരിഹാരം തേടുമ്പോൾ മത പണ്ഡിതർ നൽകുന്ന ഫത് വകൾ  ലോക നന്മയെ സാധ്യമാക്കുന്നതാകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ സെക്രട്ടറിയേറ്റ് ഫോർ ഫത് വ അതോറിറ്റീസ് വേൾഡ് വൈഡിന് കീഴിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക കോൺഫറൻസിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപരമായ വിഷയങ്ങളിൽ ഫത്വകൾ നൽകുമ്പോൾ പണ്ഡിതർ കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും പുലർത്തണം. തങ്ങൾക്ക് മുന്നിൽ ഉന്നയിക്കപ്പെടുന്ന വൈവിധ്യങ്ങളായ ചോദ്യങ്ങളും പ്രശ്നങ്ങളും മതപരമായും വസ്തുത പരമായും വിശകലനം നടത്താതെയും പൂർവ്വികരായ ഇമാമുമാരുടെ മാതൃകകളും നിലപാടുകളും തിരസ്കരിച്ചും നൽകുന്ന വിധികളാണ് ലോക സമാധാനത്തെയും സാമുദായിക സഹിഷ്ണുതയെയും തകർക്കുന്നതെന്നും, സാമൂഹിക, രാഷ്ട്രിയ, സാമ്പത്തിക അസ്ഥിരതകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിന്റെ ബഹുസ്വരത പ്രചരിപ്പിക്കുന്നതിൽ ആധുനിക പണ്ഡിതർക്ക് വലിയ ഉത്തരവാദിത്തമുണ്ട്.  വിവിധ മതക്കാരും വർഗക്കാരും അധിവസിക്കുന്ന ഇന്ത്യാ രാജ്യത്ത് നിലനിൽക്കുന്ന സഹിഷ്ണുതയും സഹോദര്യവും ഏറെ മാതൃകാപരമാണ്. ഇത് സാധ്യമാക്കിയത് പൂർവികരായ ഇന്ത്യൻ മുഫ്തിമാരുടെയും സൂഫി പണ്ഡിതരുടെയും ധൈഷണിക  സംഭാവനകളും ദീർഘ വീക്ഷണത്തോടെയുള്ള സാംസ്ക്കാരിക വിനിമയവുമാണ്: അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന രാജ്യന്തര ഇസ്ലാമിക സമ്മേളനത്തിൽ എഴുപതിലധികം  രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും പണ്ഡിതരും സംബന്ധിക്കന്നുണ്ട്. ശൈഖ് അബുബക്കറിൽ നിന്ന് ഹദീസുകൾ ശ്രവിക്കാനും ഇന്ത്യയെ പറ്റിയും അവിടത്തെ സാംസ്കാരിക നവോത്ഥനത്തെ പറ്റിയും ഇന്ത്യൻ പണ്ഡിതരുടെ നിലപാടുകൾ ചോദിച്ചറിയാനുള്ള വിവിധ ദേശക്കാരായ പ്രതിനിധികളുടേയും യുവ പണ്ഡിതരടെയും ആവേശവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയെ പ്രധിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്ത കാന്തപുരത്തെ മർകസ് ഒഫീഷ്യൽ റിലേഷൻ മാനേജർ അക്ബർ ബാദുഷ സഖാഫി, ഇന്തോ-അറബ് മിഷൻ സിക്രട്ടറി അമീൻ മുഹമ്മദ് ഹസൻ സഖാഫി എന്നിവർ സമ്മേളനത്തിൽ അനുഗമിക്കുന്നുണ്ട്.