ഫലസ്തീൻ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കാന്തപുരം പ്രബന്ധമവതരിപ്പിക്കും

0
3675
SHARE THE NEWS

കോഴിക്കോട്: ‘ ജറുസലം ഫലസ്തീന്റെ നിത്യ തലസ്ഥനം’ എന്ന ശീർഷകത്തിൽ  ഫലസ്തീനിലെ റാമല്ലയിൽ  ഇന്ന്(ബുധൻ) ആരംഭിക്കുന്ന അന്താരാഷ്ട്ര  സാംസ്കാരിക -രാഷ്ട്രീയ സമ്മേളനത്തിൽ  അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  പ്രബന്ധമവതരിപ്പിക്കും .
ഫലസ്തീൻ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ  പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ക്ഷണപ്രകാരമാണ് കാന്തപുരം സംബന്ധിക്കുന്നത്. ചരിത്രപരമായി ഫലസ്തീന്റെ തലസ്ഥാനമായ ജറുസലം അധിനിവേഷ ശക്തികളുടെ ഇടപെടലുകളിലൂടെ കൈവശപ്പെടുത്താൻ ശ്രമിക്കുന്ന ഇസ്രയേലിന്റെ മുസ്‌ലിം വിരുദ്ധവും പലസ്‌തീനിന്റെ  മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്നതുമായ നിലപാടുകൾക്കെതിരെയാണ് ഈ സമ്മേളനം നടക്കുന്നത്.
       പതിനാല്  സെഷനുകളിലായി നടക്കുന്ന സമ്മേളനം ഫലസ്തീൻ ഗ്രാന്റ് മുഫ്തി ഡോ: മഹ്മൂദ് അൽ ഹിബാഷിന്റെ അധ്യക്ഷതയിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉൽഘാടനം  ചെയ്യും.58 രാജ്യങ്ങളിൽ നിന്നുള്ള  പ്രഗത്ഭരായ  മുസ്‌ലിം പണ്ഡിതരും നയതന്ത്ര പ്രമുഖരും   ചരിത്ര പണ്ഡിതരും  സംബന്ധിക്കും
       ‘ഇന്ത്യയും ഫലസ്‌തീനും തമ്മിലുള്ള ചരിത്ര ബന്ധങ്ങളും ഫലസ്തീൻ നീതിക്കു വേണ്ടിയുള്ള ഇന്ത്യയുടെ ഐക്യദാർഢ്യവും ‘ എന്ന ശീർഷകത്തിലാണ് കാന്തപുരത്തിന്റെ പ്രബന്ധാവതരണം.തുടർന്ന് ‘ജറുസലേമിന്  എതിരെയുള്ള   അമേരിക്കയുടെ നിലപാടും  ഇസ്രയേലിന്റെ  തീവ്രവാദം  ഉയർത്തുന്ന വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ നടക്കുന്ന സെഷനിൽ കാന്തപുരം അധ്യക്ഷത വഹിക്കും. ഫ്രാങ്ക് കൊണോലി (അയർലന്റ് ),  ബിലാൽ ഫീദ് (ദക്ഷിണാഫ്രിക്ക ), റാതിബ് ജുനൈദ് ( ആസ്ത്രേലിയ ), ഡോ: ഓർ മൂഷിഫ് (കിർഗിസ്ഥാൻ ), മാർകോ മീജിയ ദാഫില ( ഗ്വാട്ടിമല ) തുടങ്ങിയവർ ഈ സെഷനിൽ പങ്കെടുത്ത് സംസാരിക്കും. സമ്മേളനം നാളെ വൈകുന്നേരം സമാപിക്കും. ഇന്തോ-അറബ് കൾചറൽ മിഷൻ സിക്രട്ടറി  അമീൻ മുഹമ്മദ് ഹസൻ സഖാഫി കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്.

SHARE THE NEWS